സര്‍ക്കാറിന് നികുതിയില്ല, സംഭാവന മാത്രം, ബാറുടമകളില്‍ നിന്ന് പിരിഞ്ഞ് കിട്ടാനുള്ളത് നൂറു കോടി

  • 2016ല്‍ ലൈസന്‍സുള്ള 29 ബാര്‍ ഹോട്ടലുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ
  • 2017ല്‍ 665 ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി
  • ബാര്‍ ഹോട്ടലുകള്‍ മദ്യവില്‍പനയുമായി ബന്ധപ്പെട്ട് ഒടുക്കുന്ന വില്‍പന നികുതി ടി.ഒ.ടി (ടേണ്‍ ഓവര്‍ ടാക്‌സ്) വില്‍പനയുടെ 10 ശതമാനമാണ്.
  • വീഴ്ച വരുത്തിയ ബാറുകള്‍ക്കെതിരേ ഒരു നടപടിയുമില്ല

Update: 2023-04-18 09:07 GMT

സംസ്ഥാനത്തെ ബാര്‍ ഹോട്ടലുകളില്‍ പകുതിയും പ്രവര്‍ത്തിക്കുന്നത് നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാതെ. ആകെയുള്ള 665 ബാര്‍ ഹോട്ടലുകളില്‍ 328 എണ്ണവും ജനുവരി വരെ 2022-23 സാമ്പത്തികവര്‍ഷത്തെ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് ധനവകുപ്പ് സമ്മതിക്കുന്നു.

2017 മുതല്‍ ഭൂരിഭാഗം ബാര്‍ ഹോട്ടലുകളും പ്രതിമാസ റിട്ടേണുകള്‍ കൃത്യമായി ഫയല്‍ ചെയ്യുന്നുണ്ടെന്ന് ധനമന്ത്രി അവകാശപ്പെടുമ്പോഴാണിത്. ഇതുപ്രകാരം നൂറുകോടിയിലേറെ രൂപ സര്‍ക്കാരിനു ലഭിക്കാനുണ്ടെന്ന് നികുതിവകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. ഭരണകക്ഷിയുടെ വിവിധ പരിപാടികള്‍ക്കും യാത്രകള്‍ക്കും ബാര്‍ മുതലാളിമാര്‍ വന്‍ തുക സംഭാവന നല്‍കുന്നുണ്ടെന്ന് നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു.

നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ ബാറുകള്‍ക്കെതിരേ ഒരു നടപടിയുമില്ല. 2016ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ സംസ്ഥാനത്ത് ലൈസന്‍സുള്ള 29 ബാര്‍ ഹോട്ടലുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2017ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ മദ്യനയം തിരുത്തുകയും ബാര്‍ ലൈസന്‍സിന് പ്രതിവര്‍ഷം 30 ലക്ഷം രൂപ വീതം സ്വീകരിച്ച് 665 ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുകയുമായിരുന്നു.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ഇന്ധന സെസിലൂടെയും കെട്ടിടഭൂ നികുതിയിലൂടെയും ജനങ്ങളുടെ മേല്‍ കനത്ത നികുതിഭാരം ചുമത്തുമ്പോഴാണ് ബാര്‍ മുതലാളിമാരോട് സര്‍ക്കാര്‍ അയഞ്ഞ സമീപനം പുലര്‍ത്തുന്നത്.

അഡീഷനല്‍ വില്‍പന നികുതിയിലൂടെ പെട്രോള്‍ ഉപയോഗിക്കുന്ന വാഹന ഉടമകളില്‍ നിന്ന് 2021-22ല്‍ 204.65 കോടി രൂപയാണ് സര്‍ക്കാര്‍ ഈടാക്കിയത്. ഡീസലിന് ഏര്‍പ്പെടുത്തിയ അഡീഷനല്‍ വില്‍പന നികുതിയിലൂടെ ഇതേ കാലയളവില്‍ 246.49 കോടി രൂപ സര്‍ക്കാരിനു ലഭിച്ചു. ഈ തുകയത്രയും കിഫ്ബിയിലേക്കാണു പോകുന്നത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെ വില്‍പന നികുതിയിലൂടെ ലഭിച്ച 17,000 കോടിയില്‍ 12,000 കോടിയും പെട്രോള്‍-ഡീസല്‍ വില്‍പനയിലൂടെയാണ്. ശേഷിക്കുന്ന 5,000 കോടി രൂപ മദ്യത്തില്‍ നിന്നാണ്. 2021-22ല്‍ 14,500 കോടി രൂപയായിരുന്നു മദ്യത്തിലൂടെയുള്ള സര്‍ക്കാര്‍ വരുമാനം.

മദ്യവില്‍പന നല്ലതോതില്‍ നടന്നിട്ടും ഇത് മൂന്നിലൊന്നായി കുറഞ്ഞിരിക്കുകയാണ്. ബാര്‍ ഹോട്ടലുകള്‍ മദ്യവില്‍പനയുമായി ബന്ധപ്പെട്ട് ഒടുക്കുന്ന വില്‍പന നികുതി ടി.ഒ.ടി (ടേണ്‍ ഓവര്‍ ടാക്‌സ്) വില്‍പനയുടെ 10 ശതമാനമാണ്.

Tags:    

Similar News