സ്റ്റാര്‍ട്ടപ്പ് ഇന്ത്യ രണ്ടാം ഘട്ടത്തിലേയ്ക്ക്; ജനുവരി 16ന് ആരംഭിക്കും

  • ഡീപ് ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സ്റ്റാര്‍ട്ടപ്പ് ഇന്ത്യ
  • എട്ട് വര്‍ഷം മുൻപാണ് സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സംരംഭം ആരംഭിച്ചത്.
  • മാനദണ്ഡങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതിനായി കേന്ദ്രം 39 നയങ്ങളില്‍ ഭേദഗതി വരുത്തി

Update: 2024-01-08 12:45 GMT

ഡീപ് ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പദ്ധതിയുടെ രണ്ടാം ഘട്ടം ജനുവരി 16ന് സര്‍ക്കാര്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അർദ്ധചാലക ചിപ്പുകൾ, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സുരക്ഷ തുടങ്ങിയ നിർണായക മേഖലകളിൽ ഈ സ്ഥാപനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഒരു റിപ്പോർട്ട് പറയുന്നു.

എട്ട് വര്‍ഷം മുന്‍പ് ആരംഭിച്ച സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സംരംഭത്തിന് ചില ലക്ഷ്യങ്ങളുണ്ടായിരുന്നു. നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ യുവ സംരംഭകരെ സഹായിക്കുക, പേറ്റന്റ് അപേക്ഷ വേഗത്തില്‍ ട്രാക്കുചെയ്യുക, യോഗ്യരായ സംരംഭകർക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും യഥാക്രമം വരുമാന, മൂലധന നേട്ട നികുതി ഒഴിവാക്കുക എന്നിവയായിരുന്നു പ്രധാന ലക്ഷ്യങ്ങള്‍.

യോഗ്യരായ സ്റ്റാര്‍ട്ടപ്പുകളെ ആഗോള സ്ഥാപനങ്ങളില്‍ നിന്ന് ഗവേഷണ- വികസന പിന്തുണ ലഭിക്കാന്‍ സര്‍ക്കാര്‍ സഹായിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതിനാല്‍ സ്വഭാവികമായും സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള ഫണ്ടസ് ഓഫ് ഫണ്ട്‌സ് കോര്‍പ്പ്‌സ് വളരെ ഉയര്‍ന്നതായിരിക്കും.

2016 നും 2021 നും ഇടയില്‍ 54 മേഖലകളിലും 224 ഉപമേഖലകളിലുമായി 41,000ല്‍ അധികം സ്റ്റാര്‍ട്ടപ്പുകള്‍,വ്യവസായവും ആഭ്യന്തര വ്യാപാരവും പ്രോത്സാഹിപ്പിക്കുന്നതിനായി ഡിപ്പാര്‍ട്ട്‌മെന്റ് അംഗീകരിച്ചു. ബിസിനസ് കൂടുതല്‍ എളുപ്പമാക്കുന്നതിനും, മൂലധനം ഉയര്‍ത്തുന്നതിനും, പാലിക്കേണ്ട മാനദണ്ഡങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതിനുമായി കേന്ദ്രം 39 നയങ്ങളില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്.

സ്റ്റാർട്ടപ്പ് ഇന്ത്യ പ്രോഗ്രാമിന്റെ രണ്ടാം ഘട്ടം സ്റ്റാർട്ടപ്പുകൾക്ക് സുസ്ഥിരമായ നയങ്ങളും നികുതിയും, മെച്ചപ്പെട്ട മൂല്യനിർണ്ണയ മാനദണ്ഡങ്ങളും, വ്യവസായവും അക്കാദമികവുമായുള്ള ഗവേഷണ-സഹകരണ അവസരങ്ങൾ എന്നിവയുൾപ്പെടെയുള്ള വർധിച്ച പിന്തുണയും നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

Tags:    

Similar News