ടോപ്പ് 100 സീരീസുമായി സ്റ്റാര്‍ട്ടപ്പ് മിഷന്‍

  • ജിടെക്കിന്റെ ടാലന്റ് ബില്‍ഡിംഗ് പ്ലാറ്റ് ഫോമായ മ്യൂലേണുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
  • മികച്ച നൂറ് കോഡര്‍മാരെ കണ്ടെത്തലാണ് ആദ്യഘട്ടം.
  • പ്രായഭേദമന്യേ ആര്‍ക്കും ടോപ്പ് 100 സീരീസില്‍ പങ്കെടുക്കാം.

Update: 2023-09-26 06:36 GMT

തിരുവനന്തപുരം: ആഗോളതലത്തില്‍ മികച്ച ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിവുള്ള പ്രോഗ്രാമര്‍മാരെയും ഡിസൈനര്‍മാരെയും കണ്ടെത്തുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) 'ടോപ്പ് 100 സീരീസ്' സംഘടിപ്പിക്കുന്നു. ജിടെക്കിന്റെ ടാലന്റ് ബില്‍ഡിംഗ് പ്ലാറ്റ് ഫോമായ മ്യൂലേണുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മികച്ച നൂറ് കോഡര്‍മാരെ കണ്ടെത്തലാണ് ആദ്യഘട്ടം. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നവംബറില്‍ സംഘടിപ്പിക്കുന്ന ഹഡില്‍ ഗ്ലോബല്‍ അഞ്ചാം പതിപ്പിന്റെ ഭാഗമായാണ് നാല്പത്തഞ്ച് ദിവസത്തെ കോഡിംഗ് ചലഞ്ച് സംഘടിപ്പിക്കുന്നത്. മികച്ച 100 കോഡര്‍മാരെ നവംബര്‍ 16 മുതല്‍ 18 വരെ നടക്കുന്ന നടക്കുന്ന ഹഡില്‍ ഗ്ലോബല്‍ വേദിയില്‍ ആദരിക്കും.

ഒക്ടോബര്‍ ഒന്നിന് ആരംഭിക്കുന്ന ചലഞ്ചിന്റെ ആദ്യ ഘട്ടത്തില്‍ പതിനായിരം മുതല്‍ ഇരുപതിനായിരം ആളുകള്‍ പങ്കെടുക്കും. രണ്ടാം ഘട്ടത്തിലേക്ക് 250 പേരെയാണ് തെരഞ്ഞെടുക്കുന്നത്. അന്തിമ ഘട്ടത്തിലേക്ക് എത്തുന്ന 150 പേരില്‍ നിന്നാണ് അവസാനത്തെ നൂറുപേരെ തെരഞ്ഞെടുക്കുന്നത്. ഒരുവര്‍ഷത്തിലധികമുള്ള തുടര്‍ നടപടിക്രമങ്ങള്‍ ഇതിന്റെ ഭാഗമായുണ്ടാകും. പ്രായഭേദമന്യേ ആര്‍ക്കും ടോപ്പ് 100 സീരീസില്‍ പങ്കെടുക്കാം.

പ്രോഗ്രാമിങ്, ഉത്പന്നങ്ങളുടെ രൂപകല്‍പന, നിര്‍മ്മാണം എന്നീ മേഖലകളിലെ പ്രതിഭകളെ കണ്ടെത്തി അവരുടെ വൈദഗ്ധ്യം ഉപയോഗിച്ച് കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ ശക്തമാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക പറഞ്ഞു. ഇങ്ങനെ കണ്ടെത്തുന്ന പ്രതിഭകളെ സ്റ്റാര്‍ട്ടപ്പ് മിഷന്റെ ബില്‍ഡ് ഇറ്റ് ബിഗ് പദ്ധതിയുടെ ഭാഗമാക്കുമെന്നും. ഓരോ വിഭാഗത്തിലും തിരഞ്ഞെടുക്കപ്പെടുന്ന 100 പേര്‍ക്ക് വിവിധ സ്റ്റാര്‍ട്ടപ്പുകളുടെ സഹസ്ഥാപകരാകാനുള്ള അവസരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ കരുത്തുറ്റതും വേഗതയാര്‍ന്നതുമായ നെറ്റ് വര്‍ക്കിംഗ് മേഖലയെ ഇത് കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ജിടെക് അക്കാദമി ആന്‍ഡ് ടെക്‌നോളജി ഫോക്കസ് ഗ്രൂപ്പ് കണ്‍വീനര്‍ ദീപു എസ്. നാഥ് പറഞ്ഞു.വിശദാംശങ്ങള്‍ക്കുംരജിസ്‌ട്രേഷനും https://huddleglobal.co.in/. എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

Tags:    

Similar News