ജര്‍മ്മന്‍ സംരംഭങ്ങളുമായി സഹകരിക്കാനൊരുങ്ങി ആറ് കേരള സ്റ്റാര്‍ട്ടപ്പുകള്‍
- പ്രധാനമായും 16 സെഷനുകളിലാണ് സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുത്തത്.
ജര്‍മ്മന്‍ സംരംഭങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തനം വിപുലമാക്കാന്‍ തയ്യാറെടുത്ത് കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ ആറ് സംരംഭങ്ങള്‍. ജര്‍മ്മനിയിലാകും ഇവ സഹകരിച്ച് പ്രവര്‍ത്തിക്കുക. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ നേതൃത്വത്തില്‍ നടത്തിയ ജര്‍മ്മന്‍ സന്ദര്‍ശനത്തിലാണ് കമ്പനികളുടെ പ്രവര്‍ത്തന വിപുലീകരണത്തിന്റെ സോഫ്റ്റ് ലോഞ്ച് നടത്തിയത്. ജര്‍മ്മന്‍ ഇന്ത്യ സ്റ്റാര്‍ട്ടപ്പ് എക്‌സ്‌ചേഞ്ച് പരിപാടി( ജിന്‍സെപ്)യുടെ ഭാഗമായാണ് ഈ സന്ദര്‍ശനം.
ഇന്‍ഫ്യൂസറി ഫ്യൂച്ചര്‍ ടെക് ലാബ്‌സ്, പ്ലേസ്‌പോട്‌സ്, സ്‌കീബേര്‍ഡ് ടെക്‌നോളജീസ്, ഫ്യൂസലേജ് ഇനോവേഷന്‍സ്, ട്രാന്‍ക്വിലിറ്റി ഐഒടി ആന്‍ഡ് ബിഗ് ഡാറ്റ സൊല്യൂഷന്‍സ്, ടോസില്‍ സിസ്റ്റംസ് എന്നിവയുടെ സ്ഥാപകരും മേധാവികളുമാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘത്തിലുണ്ടായിരുന്നത്. എന്‍ആര്‍ഡബ്ല്യൂ ഗ്ലോബല്‍ ബിസിനസ്, ഓഫീസ് ഓഫ് ഇക്കണോമിക് ഡെവലപ്മന്റ് ഡസല്‍ഡ്രോഫ് എന്നിവയുടെ സഹകരണവുമുണ്ടായിരുന്നു.
യൂറോപ്യന്‍ ഇന്നോവേഷന്‍ ഇക്കോസിസ്റ്റത്തിലെ സുപ്രധാന വ്യക്തിത്വങ്ങളും സ്ഥാപനങ്ങളുമായി സംഘം ആശയവിനിമയം നടത്തി. ആഗോള ഡിജിറ്റല്‍ ഡെമോ ഡേയിലും കേരള സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുത്തു. വാണിജ്യസഹകരണം വര്‍ധിപ്പിക്കുന്ന ചര്‍ച്ചകളിലും കൂടിക്കാഴ്ചകളിലും സംഘം പങ്കെടുത്തു. വിദേശ വ്യവസായ അന്തീരക്ഷത്തെ കൂടുതല്‍ മനസിലാക്കാനും പഠിക്കാനും അവിടുത്തെ നിക്ധ്യഷേപസാധ്യതകള്‍ മനസിലാക്കാനും ജര്‍മ്മന്‍ സന്ദര്‍ശനത്തിലൂടെ സാധിച്ചുവെന്ന് കെഎസ്‌യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു.