അഞ്ചു ദിവസത്തിനകം 250 കോടി: തങ്കത്തിളക്കവുമായി പൊന്നിയിന്‍ സെല്‍വന്‍-2
- നാലാം ദിനം 200 കോടി ക്ലബ്ബിൽ
- ആദ്യ ദിവസം നേടിയത് 32 കോടി
- വിദേശ വരുമാനം 102.5 കോടി
- റിലീസ് ദിവസം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് സിനിമ
250 കോടിയോളം ബജറ്റുള്ള സിനിമ അഞ്ചു ദിവസത്തിനകം മുടക്കുമുതല്‍ തിരിച്ചുപിടിച്ചു
റിലീസ് ചെയ്ത് രണ്ടാംദിനം തന്നെ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു സിനിമാ ലോകത്തെ ഞെട്ടിച്ച ചിത്രമാണ് മണിരത്‌നം ഒരുക്കിയ പൊന്നിയിന്‍ സെല്‍വന്‍-2 (പി.എസ്2). ഇപ്പോഴിതാ നാലാംദിനം 200 കോടി ക്ലബ്ബിലും ചിത്രം ഇടംപിടിച്ചിരിക്കുന്നു. 115 കോടിയോളമാണ് ചിത്രത്തിന്റെ രണ്ടുദിവസത്തെ കലക്ഷനെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലൈക്ക പ്രൊഡക്ഷന്‍സും മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. അഞ്ചാംദിനത്തില്‍ ചിത്രത്തിന്റെ കലക്ഷന്‍ 234 കോടിയായി ഉയര്‍ന്നു.
വിജയ് ചിത്രങ്ങളെ പിന്നിലാക്കി
32 കോടിയാണ് ആദ്യ ദിവസം ഇന്ത്യയില്‍ നിന്നു മാത്രം ചിത്രം നേടിയത്. രണ്ടാം ദിവസം 24 കോടിയും. തമിഴ്‌നാടിന് പുറമേ കേരളത്തിലും മികച്ച അഭിപ്രായവും കളക്ഷനുമാണ് പി.എസ്2 സ്വന്തമാക്കിക്കൊണ്ടിരിക്കുന്നത്. വന്‍ താരനിര ഒന്നിച്ച പൊന്നിയിന്‍ സെല്‍വന്‍2 തമിഴ്, മലയാളം, തെലുഗ്, കന്നഡ, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്തത്.
ഈ വര്‍ഷം റിലീസ് ചെയ്ത തമിഴ് ചിത്രങ്ങളുടെ ആദ്യദിന വരുമാനം കണക്കാക്കുമ്പോള്‍ വിജയ് നായകനായ 'വാരിസി'ന്റെ റെക്കോര്‍ഡാണ് പി.എസ്2 തകര്‍ത്തത്. വിദേശരാജ്യങ്ങളിലും മികച്ച സ്വീകരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. അമേരിക്ക, മലേഷ്യ, സിംഗപ്പൂര്‍, യു.എ.ഇ എന്നിവിടങ്ങളില്‍ ഒട്ടേറെ തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. ഇവിടെ നിന്നെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
കല്‍ക്കി എന്ന പേരിലറിയപ്പെടുന്ന രാമസ്വാമി കൃഷ്ണമൂര്‍ത്തിയുടെ ചരിത്രനോവല്‍ ആധാരമാക്കിയാണ് മണിരത്‌നം ബ്രഹ്മാണ്ഡ ചിത്രമായ 'പൊന്നിയിന്‍ സെല്‍വന്‍ 2' അണിയിച്ചൊരുക്കിയത്. ബി.ജയമോഹനും ഇളങ്കോ കുമാരവേലുമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. സംഗീതം എ.ആര്‍ റഹ്മാനും ഛായാഗ്രഹണം രവി വര്‍മനുമാണ് നിര്‍വഹിച്ചിരിക്കുന്നത്.
2,800 സ്‌ക്രീനുകളില്‍
ലോകമാകെ 2800 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ഇതില്‍ 800 എണ്ണം വിദേശത്താണ്. തമിഴ്‌നാട്ടില്‍ 600 സ്‌ക്രീനുകളില്‍ റിലീസ് ചെയ്തു. കേരളത്തില്‍ 200 സ്‌ക്രീനുകളില്‍. കലക്ഷന്‍ 340 കോടിയാവുന്നതോടെ ചിത്രം ഹിറ്റ് ലിസ്റ്റില്‍ ഇടംപിടിക്കും.
പൊന്നിയിന്‍ സെല്‍വന്‍1
'പൊന്നിയിന്‍ സെല്‍വന്‍' ആദ്യഭാഗം 2022 സെപ്തംബര്‍ 22നാണ് റിലീസ് ചെയ്തത്. ചിത്രം ആദ്യദിനത്തില്‍ ലോകവ്യാപകമായി 80 കോടിയോളം നേടിയിരുന്നു. ആകെ 500 കോടി ബോക്‌സ്ഓഫീസില്‍നിന്ന് നേടി. 'പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗം' ഈ റെക്കോഡ് കടത്തിവെട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിദേശത്ത് 100 കോടി
ആകെ വരുമാനത്തില്‍ 125 കോടി ഇന്ത്യയിലെ കലക്ഷനാണ്. 102.5 കോടിയാണ് വിദേശത്തെ ഇതുവരെയുള്ള വരുമാനം. തമിഴ്‌നാട്ടില്‍ മാത്രം 67.55 കോടി നേടി. ആന്ധ്രപ്രദേശ്/ തെലങ്കാന10.55 കോടി, കര്‍ണാടക12.2 കോടി, കേരളം10 കോടി, ഹിന്ദി സംസ്ഥാനങ്ങളിലും മറ്റിടത്തും 11.3 കോടി എന്നിങ്ങനെയാണ് കലക്ഷന്‍.
തമിഴ് ചിത്രത്തിന്റെ മികച്ച നേട്ടം
റിലീസ് ദിനം ഏറ്റവും കൂടുതല്‍ കലകഷന്‍ നേടിയ തമിഴ് സിനിമയെന്ന ഖ്യാതി ഇനി പി.എസ്2വിനാണ്. വിജയ് ചിത്രം വാരിസു(47.5 കോടി) ആയിരുന്നു ഇതുവരെ ഉയര്‍ന്ന ഓപണിങ് ഡേ കലക്ഷന്‍ നേടിയ തമിഴ് ചിത്രം. മൂന്നാം സ്ഥാനത്ത് അജിത് നായകനായ തുനിവാണ്.
റിലീസിനു മുമ്പേ പണം വാരി
പടം റിലീസ് ചെയ്യുന്നതിനു മുമ്പേ 170 കോടി സിനിമ നേടി. ഇതില്‍ 80 കോടി തമിഴ്‌നാട്ടില്‍ നിന്നാണ്. കേരളത്തില്‍ നിന്ന് 9 കോടിയും വിദേശത്തുനിന്ന് 50 കോടി രൂപയും നേടി.
പൊന്നിയിന്‍ സെല്‍വന്‍1, രണ്ടാം ഭാഗം എന്നിവയുടെ ഡിജിറ്റല്‍ അവകാശം 125 കോടിക്കാണ് ആമസോണ്‍ പ്രൈം സ്വന്തമാക്കിയത്. സാറ്റലൈറ്റ് അവകാശം 25 കോടി രൂപയ്ക്ക് സണ്‍ ടി.വിയും നേടി.
വന്‍ താരനിര
പത്താം നൂറ്റാണ്ടില്‍ ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടിവന്ന പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് 'പൊന്നിയിന്‍ സെല്‍വനി'ല്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാര്‍ത്തി, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, റിയാസ് ഖാന്‍, ശോഭിത ദൂലിപാല, ജയചിത്ര തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ വേഷമിടുന്നത്.
തമിഴ്, ഹിന്ദി, തെലുഗു, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 500 കോടി മുതല്‍മുടക്കിലാണ് രണ്ടു ഭാഗങ്ങളും പൂര്‍ത്തിയാക്കിയത്.