കാലാവധി തീരുന്ന 6 നിക്ഷേപങ്ങള്‍; മ്യൂച്വല്‍ ഫണ്ടില്‍ നോമിനേഷന്‍ ശ്രദ്ധിക്കാം

  • ഏപ്രില്‍ ഒന്ന് നിക്ഷേപകര്‍ക്ക് നിര്‍ണായകമാണ്

Update: 2023-03-22 05:45 GMT

നിക്ഷേപകര്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടൊരു മാസമാണ് മാര്‍ച്ച്. സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന സമയമായതിനാല്‍ ബാങ്കിംഗ് രംഗത്തും നിക്ഷേപ രംഗത്തും നിരവധി മാറ്റങ്ങള്‍ സാധാരണയാണ്. സ്ഥിര നിക്ഷേപമിടുന്നവരും മ്യൂച്വല്‍ ഫണ്ട് നിക്ഷേപരും പെന്‍ഷന്‍ പദ്ധതികളില്‍ നിക്ഷേപിക്കേണ്ടവരും ഒരുപോലെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 2023 സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ കാണാം.

മ്യൂച്വല്‍ ഫണ്ട്

മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരാണെങ്കില്‍ ശ്രദ്ധിക്കേണ്ട കാര്യം സ്‌കീമില്‍ നോമിനിയെ നല്‍കിയിട്ടുണ്ടോ എന്നതാണ്. മാര്‍ച്ച് 31 വരെയാണ് നോമിനിയെ നിര്‍ദ്ദേശിക്കാനുള്ള സമയം. നോമിനി ഇല്ലാത്ത നിക്ഷേപകനാണെങ്കില്‍ നോമിനി ഇല്ല എന്ന വിവരം ഒപ്പിട്ട് നല്‍കണം. ഇവ പൂര്‍ത്തിയാക്കാത്തവര്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ മ്യൂച്വല്‍ ഫണ്ട് എസ്ഐപി പ്ലാന്‍ തുടരാനാവില്ല.

പ്രധാനമന്ത്രി വയവന്ദന യോജന

വാര്‍ധക്യകാലത്ത് പെന്‍ഷന്‍ ഉറപ്പാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ പ്രധാനമന്ത്രി വയവന്ദന യോജന മാര്‍ച്ച് 31 ന് അവസാനിക്കുകയാണ്. 60 വയസ് കഴിഞ്ഞവര്‍ക്ക് 7.4 ശതമാനം പലിശ നിരക്കില്‍ മാസ പലിശ വിതരണം ചെയ്യുന്ന പദ്ധതിയാണിത്. എല്‍ഐസിയാണ് നടത്തിപ്പുകാര്‍. പദ്ധതി അവസാനിക്കുന്നതിന് മുന്നോടിയായി മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപമായ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്‌കീമിന്റെ നിക്ഷേപ പരിധി 30 ലക്ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്.

എസ്ബിഐ സ്ഥിര നിക്ഷേപം

എസ്ബിഐയില്‍ രണ്ട് സ്ഥിര നിക്ഷേപ പദ്ധതികള്‍ മാര്‍ച്ച് 31ന് അവസാനിക്കുകയാണ്. 400 ദിവസത്തേക്ക് 7.10 ശതമാനം പലിശ നല്‍കുന്ന അമൃത് കലാഷ് സ്ഥിര നിക്ഷേപ മാര്‍ച്ച് 31 ന് അവസാനിക്കും. 5-10 വര്‍ഷത്തേക്കുള്ള സ്ഥിര നിക്ഷേപങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് അധിക പലിശ നല്‍കുന്ന വീ കെയര്‍ നിക്ഷേപ പദ്ധതിയും അവസാനിക്കുന്നത് മാര്‍ച്ച് 31നാണ്. മുതിര്‍ന്ന പൗരന്മാര്‍ക്ക് സാധാരണ ലഭിക്കുന്ന 0.50 ശതമാനത്തിനൊപ്പം അധികമായി 0.50 ശതമാനം പലിശ വീ കെയര്‍ സമ്മാനിക്കുന്നുണ്ട്.

എച്ച്ഡിഎഫ്സി ബാങ്ക് സ്ഥിര നിക്ഷേപം

എച്ച്ഡിഎഫ്സി ബാങ്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് അധിക പലിശ നല്‍കുന്ന സീനിയര്‍ സിറ്റിസണ്‍ കെയര്‍ എഫ്ഡി മാര്‍ച്ച് 31 ന് അവസാനിക്കും. അഞ്ച് വര്‍ഷം ഒന്നു ദിവസം മുതല്‍ 10 വര്‍ഷ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 0.25 ശതമാനം അധിക നിരക്കാണ് ബാങ്ക് നല്‍കിയിരുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കുന്ന 0.50 ശതമാനം അധിക നിരക്കിനൊപ്പമാണ് 0.25 ശതമാനം നല്‍കുന്നത്.

ഐഡിബിഐ ബാങ്ക് സ്ഥിര നിക്ഷേപം

മുതിര്‍ന്ന പൗരന്മാര്‍ക്ക് ഐഡിബിഐ ബാങ്ക് ആരംഭിച്ച നമാന്‍ സീനിയര്‍ സിറ്റിസണ്‍ ഡെപ്പോസിറ്റ് സ്‌കീം മാര്‍ച്ച് 31 ന് അവസാനിക്കും. ഒരു വര്‍ഷം മുതല്‍ 10 വര്‍ഷത്തേക്കുള്ള മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപത്തിന് 0.25 ശതമാനം അധിക നിരക്ക് ലഭിക്കുന്നതാണ് പദ്ധതി.

ഇന്ത്യന്‍ ബാങ്ക് സ്ഥിര നിക്ഷേപം

555 ദിവസത്തേക്ക് ഏഴ് ശതമാനം പലിശ നല്‍കുന്ന ഇന്ത്യന്‍ ബാങ്കിന്റെ ശക്തി 555 ദിവസ സ്ഥിര നിക്ഷേപ പദ്ധതി മാര്‍ച്ച് 31 ന് അവസാനിക്കും.

പഞ്ചാബ് ആന്‍ഡ് സിന്‍ഡ് ബാങ്ക്

300 ദിവസം, 601 ദിവസം, 222 ദിവസം എന്നി കാലാവധിയുള്ള മൂന്ന് പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികള്‍ മാര്‍ച്ച് 31 ന് അവസാനിക്കും.

Tags:    

Similar News