അനുവാദമില്ലാതെ ആരോഗ്യ വിവരങ്ങള്‍ ഇന്‍ഷുറന്‍സ്, ഫാര്‍മ കമ്പനികള്‍ക്ക് കൈമാറില്ലെന്ന് കേന്ദ്രം
ഡെല്‍ഹി: ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷനില്‍ (എബിഡിഎം) രജിസ്റ്റര്‍ ചെയ്തിട്ടുള്ള വ്യക്തികളുടെ വിവരങ്ങള്‍ അവരുടെ അനുവാദമില്ലാതെ മൂന്നാമതൊരാള്‍ക്ക് കൈമാറില്ല. ഇന്‍ഷുറന്‍സ് കമ്പനികള്‍, ഫാര്‍മ സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ക്ക് വിവരങ്ങള്‍ കൈമാറുന്നതിന് വ്യക്തികളുടെ അനുവാദം ആവശ്യമാണെന്ന് സർക്കാർ പാർലമെൻറിൽ വ്യക്തമാക്കി.
ഹെല്‍ത്ത് ഡേറ്റ മാനേജ്‌മെന്റിനു (എച്ച്ഡിഎം) കീഴില്‍ നല്‍കുന്ന വിവരങ്ങള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ എന്നിവയുമായി പങ്കുവെയ്ക്കാറുണ്ടോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. എച്ച്ഡിഎം പോളിസി ഡേറ്റ സംരക്ഷണത്തിനുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട്. അത് ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷനിലെ എല്ലാ പങ്കാളികളും പാലിക്കുന്നുണ്ട്. 2020 ഡിസംബര്‍ 14 നാണ് ആരോഗ്യ മന്ത്രാലയം ഈ പോളിസി പുറത്തിറക്കിയത്.
'പ്രൈവസി ബൈ ഡിസൈന്‍' എന്നതാണ് എബിഡിഎംന്റെ പ്രധാന തത്വങ്ങളിലൊന്ന്. അതുകൊണ്ട് അവിടെ ഒരു കേന്ദ്രീകൃത ഡേറ്റ ശേഖരണ സംവിധാനമൊന്നുമില്ല. വ്യക്തികളുടെ അനുമതി കിട്ടിയാലും സുരക്ഷിതമായ രീതിയിലായിരിക്കും ഡേറ്റ കൈമാറുന്നത്. ഡേറ്റ പങ്കിടുമ്പോള്‍ സ്വകാര്യതയും ഡേറ്റ പരിരക്ഷണ തത്വങ്ങളും എല്ലായ്പ്പോഴും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാറുണ്ടെന്നും. വ്യക്തിയുടെ മുന്‍കൂര്‍ സമ്മതം നേടി ഡേറ്റ പങ്കിട്ടാലും നിര്‍ദ്ദിഷ്ട ആവശ്യത്തിനുള്ള കാലയളവിനപ്പുറം ആ ഡേറ്റ സംഭരിക്കപ്പെടില്ലെന്നും,' ആരോഗ്യമന്ത്രി വ്യക്തമാക്കി.