മൂന്ന് ബാങ്കുകളെ ഡിഎസ്‌ഐബി പട്ടികയിൽ നിലനിർത്തി ആർബിഐ
- ഈ പദവിയുള്ള ബാങ്കുകള്‍ക്ക് പ്രതിസന്ധി ഘട്ടങ്ങളില്‍ സര്‍ക്കാരിന്റെ പിന്തുണ ലഭിക്കും
- നിക്ഷേപത്തിന് സുരക്ഷിതത്വം ലഭിക്കും
- പരാജയപ്പെടാന്‍ സാധ്യതയില്ലാത്ത ബാങ്കുകളെയാണ് ഡിഎസ്‌ഐബി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്
പൊതുമേഖലാ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സ്വകാര്യമേഖലയില്‍ നിന്നുള്ള എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയെ വീണ്ടും ഡൊമസ്റ്റിക് സിസ്റ്റമാറ്റിക്കലി ഇംപോര്‍ട്ടന്റ് ബാങ്കുകളായി (D-SIB) പ്രഖ്യാപിച്ച് ആര്‍ബിഐ. പരാജയപ്പെടാന്‍ സാധ്യതയില്ലാത്ത, വലിയ ബാങ്കുകളെയാണ് ഡിഎസ്‌ഐബി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്.
ഈ പദവിയുള്ള ബാങ്കുകള്‍ക്ക് പ്രതിസന്ധി ഘട്ടങ്ങളില്‍ സര്‍ക്കാരിന്റെ പിന്തുണ ലഭിക്കുകയും ചെയ്യും. ഇതിനാല്‍ തന്നെ ഇവയെ സുരക്ഷിതമായ ബാങ്കുകളായാണ് കണക്കാക്കുന്നത്. ഇവിടെ നിക്ഷേപിക്കുന്നതിനും സുരക്ഷിതത്വം ലഭിക്കും.വിവിധ ബാങ്കുകളില്‍ നിന്നായി 2023 മാര്‍ച്ച് 31 വരെ ശേഖരിച്ച ഡാറ്റയുടെ അടിസ്ഥാനമാക്കിയാണ് പുതിയ പട്ടിക ആര്‍ബിഐ പുറത്തു വിട്ടത്.
സിസ്റ്റമാറ്റിക് ഇംപോര്‍ട്ടന്‍സ് സ്‌കോര്‍ അടിസ്ഥാനമാക്കിയാണ് ആര്‍ബിഐ ഡിഎസ്‌ഐബി പദവി നല്‍കുന്നത്. 2015 ലും 2016 ലും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എസ്ബിഐയെയും ഐസിഐസിഐ ബാങ്കിനെയും ഡിഎസ്‌ഐബി പട്ടികയില്‍ ഉൾപ്പെടുത്തിയിരുന്നു. 2017 മാര്‍ച്ച് 31 വരെ വിവിധ ബാങ്കുകളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എച്ച്ഡിഎഫ്‌സി ബാങ്കിനെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
2008 ല്‍ ലോകത്തുണ്ടായ സാമ്പത്തിക മാന്ദ്യത്തിന് പിന്നാലെയാണ് ലോക രാജ്യങ്ങള്‍ ബാങ്കുകളെ സിസ്റ്റമിക്കലി ഇംപോര്‍ട്ടന്റ് ബാങ്ക് എന്ന നിലയ്ക്ക് പട്ടികപ്പെടുത്താന്‍ തുടങ്ങിയത്. ഇന്ത്യയില്‍ 2014 ലാണ് ഇതിന്റെ നടപടി ആരംഭിക്കുന്നത്. തുടർന്ന് ബാങ്കുകളുടെ പട്ടിക 2015 മുതലാണ് റിസര്‍വ് ബാങ്ക് തയ്യാറാക്കിത്തുടങ്ങിയത്.