ഇന്ത്യന്‍ സഹകരണ കോണ്‍ഗ്രസിന് നാളെ തുടക്കം

  • സഹകരണ ഉല്‍പ്പന്നങ്ങള്‍ക്കായി പുതിയ പ്ലാറ്റ്‌ഫോം
  • മേഖലയുടെ വിപുലീകരണം, സേവനം എന്നിവയ്ക്കായി പോര്‍ട്ടല്‍
  • പ്രധാനമന്ത്രി സഹകരണ സംഘങ്ങള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശം നല്‍കും

Update: 2023-06-30 03:24 GMT

രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന 17-ാമത് ഇന്ത്യന്‍ സഹകരണ കോണ്‍ഗ്രസ് ജൂലൈ ഒന്നിന് ദേശീയ തലസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിഉദ്ഘാടനം ചെയ്യും. സഹകരണ ഉല്‍പ്പന്നങ്ങള്‍ക്കായി ഒരു ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമും (NCUI Haat ) ചടങ്ങില്‍ ആരംഭിക്കും.

സഹകരണ അംഗങ്ങള്‍, നേതാക്കള്‍, മാനേജര്‍മാര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് വിവരങ്ങളും സേവനങ്ങളും നല്‍കുന്ന ഒരു 'ലേണിംഗ് മാനേജ്മെന്റ് സിസ്റ്റ'ത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സഹകരണ വിപുലീകരണ, ഉപദേശക സേവന പോര്‍ട്ടലിനും പ്രധാനമന്ത്രി തുടക്കം കുറിക്കും.

സഹകരണ പ്രസ്ഥാനത്തെക്കുറിച്ചുള്ള സുവനീര്‍ 'സഹകരണരംഗത്തെ വളര്‍ച്ചയും പ്രവണതകളും' എന്ന പുസ്തകം പ്രകാശനം ചെയ്യും. സഹകരണ സംരംഭങ്ങളില്‍ അംഗങ്ങളുടെ പങ്ക്', 'ഗവേണന്‍സ് ഇന്‍ കോ-ഓപ്പറേറ്റീവ്' എന്നിവയെക്കുറിച്ചുള്ള പരിശീലന മൊഡ്യൂളുകളും ഇതോടനുബന്ധിച്ച് നടക്കും.

നാഷണല്‍ കോഓപ്പറേറ്റീവ് യൂണിയന്‍ ഓഫ് ഇന്ത്യ (എന്‍സിയുഐ) സംഘടിപ്പിക്കുന്ന കോണ്‍ഗ്രസിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ അധ്യക്ഷത വഹിക്കും. ഊര്‍ജസ്വലമായ ഇന്ത്യയ്ക്കായി സഹകരണത്തിലൂടെ അഭിവൃദ്ധി' എന്ന വിഷയത്തില്‍ ചര്‍ച്ചയും നടക്കുന്നുണ്ട്.

ജൂലൈ രണ്ടിന് നടക്കുന്ന സമാപന ചടങ്ങില്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള മുഖ്യാതിഥിയാകും. രാസവളം മന്ത്രി മന്‍സുഖ് മാണ്ഡവ്യ, മൃഗസംരക്ഷണം, മത്സ്യബന്ധനം, ക്ഷീരവികസന മന്ത്രി പര്‍ഷോത്തം രൂപാല എന്നിവരും പങ്കെടുക്കും.

സഹകരണ മേഖലയെ അഭിമുഖീകരിക്കുക, അമൃത് കാല്‍ പദ്ധതിക്കായി ഫലപ്രദമായ മാര്‍ഗരേഖ തയ്യാറാക്കുക, പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുക എന്നിവയാണ് സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് എന്‍സിയുഐ പ്രസിഡന്റും ഇഫ്കോ ചെയര്‍മാനുമായ ദിലീപ് സംഘാനി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സഹകരണ ഉല്‍പ്പന്നങ്ങള്‍ക്കായി എന്‍സിയുഐയുടെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമും ചടങ്ങില്‍ പ്രധാനമനന്ത്രി ഉദ്ഘാടനം ചെയ്യും. ഉല്‍പ്പന്നങ്ങളുടെ രജിസ്ട്രേഷന്‍, ബ്രാന്‍ഡിംഗ്, സൗജന്യ പ്രമോഷന്‍ എന്നിവയില്‍ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള പിന്തുണ ഇത് സുഗമമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങള്‍ക്ക് പുതിയ ദിശാസൂചനയും മാര്‍ഗനിര്‍ദേശവും നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രാജ്യത്തുടനീളം മാത്രമല്ല, ലോകമെമ്പാടുമുള്ള സഹകരണ സംഘടനകളുടെ 3,500 പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുക്കും, സംഘാനി കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷത്തെ ഇന്ത്യന്‍ കോ-ഓപ്പറേറ്റീവ് കോണ്‍ഗ്രസ് എല്ലാ വര്‍ഷവും ജൂലൈ ആദ്യ ശനിയാഴ്ച ആഘോഷിക്കുന്ന അന്താരാഷ്ട്ര സഹകരണ ദിനത്തോടൊപ്പമാണെന്ന് ഇന്റര്‍നാഷണല്‍ കോഓപ്പറേറ്റീവ് അലയന്‍സ് ഏഷ്യ-പസഫിക് പ്രസിഡന്റ് ചന്ദ്ര പാല്‍ സിംഗ് യാദവ് പറഞ്ഞു.

നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഇറാന്‍, മലേഷ്യ, ഫിലിപ്പീന്‍സ്, പാപുവ ന്യൂ ഗിനിയ തുടങ്ങി എട്ട് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. കൂടാതെ, ഐസിഎയില്‍ അംഗങ്ങളായ 34 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ഓണ്‍ലൈന്‍വഴി പങ്കാളികളാകും.

സഹകരണ നിയമനിര്‍മ്മാണവും നയ പരിഷ്‌കാരങ്ങളും; സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനുള്ള ക്രോസ് സെക്ടറല്‍ സഹകരണം; സഹകരണ വിദ്യാഭ്യാസം, പരിശീലനം, ഗവേഷണം എന്നിവ ശക്തിപ്പെടുത്തുക; മത്സരാധിഷ്ഠിത സഹകരണ ബിസിനസ് സംരംഭങ്ങള്‍ക്ക് ബിസിനസ് ചെയ്യാനുള്ള അവസരം; സഹകരണ ഭരണത്തിനായുള്ള നവീകരണവും സാങ്കേതികവിദ്യയും തുടങ്ങി നിരവധി വിഷയങ്ങളില്‍ സാങ്കേതിക സെഷനുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ സഹകരണ വായ്പാ സംവിധാനത്തിന്റെ പ്രാധാന്യവും സെഷനില്‍ അവതരിപ്പിക്കപ്പെടും.

Tags:    

Similar News