ഡിസംബറില്‍ മാനുഫാക്ചറിംഗ് വളര്‍ച്ച 18 മാസത്തെ താഴ്ചയില്‍
- ഉല്‍പ്പാദന വളര്‍ച്ച ഇപ്പോഴും ശക്തമെന്ന് വിലയിരുത്തല്‍
- ബിസിനസ് ആത്മവിശ്വാസം മൂന്നു മാസത്തെ ഉയര്‍ച്ചയില്‍
- മാനുഫാക്ചറിംഗ് തൊഴിലവസരങ്ങൾ സ്ഥിരത പുലര്‍ത്തി
പണപ്പെരുപ്പം കുറവായിരുന്നിട്ടും, ഫാക്ടറി ഓർഡറുകളിലും ഉല്‍പ്പാദനത്തിലും വളര്‍ച്ച കുറഞ്ഞതിന്‍റെ ഫലമായി ഡിസംബറില്‍ മാനുഫാക്ചറിംഗ് മേഖലയുടെ പിഎംഐ 18 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. എസ് & പി ഗ്ലോബൽ നടത്തിയ എച്ച്എസ്ബിസി ഇന്ത്യ മാനുഫാക്ചറിംഗ് പിഎംഐ സർവേ അനുസരിച്ച് പർച്ചേസിംഗ് മാനേജർമാരുടെ സൂചിക (പിഎംഐ) നവംബറിലെ 56-ൽ നിന്ന് ഡിസംബറില്‍ 54.9-ലേക്ക് എത്തി. അതേസമയം മുന്നോട്ടുള്ള വർഷത്തെക്കുറിച്ചുള്ള ബിസിനസ്സ് ആത്മവിശ്വാസം ശക്തിപ്പെട്ടതായും സര്‍വെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പിഎംഐ 50-ന് മുകളിലാണെങ്കില്‍ അത് മേഖലയുടെ വികാസത്തെയും 50-ന് താഴെയാണെങ്കില്‍ അത് സങ്കോചത്തെയുമാണ് കാണിക്കുന്നത്. ഏകദേശം 400 ഉല്‍പ്പാദന കമ്പനികളിലെ പർച്ചേസിംഗ് മാനേജർമാരില്‍ നിന്ന് എസ് & പി ഗ്ലോബൽ സമാഹരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എച്ച്എസ്ബിസി ഇന്ത്യ മാനുഫാക്ചറിംഗ് പിഎംഐ തയാറാക്കുന്നത്.
"ഇന്ത്യയുടെ നിർമ്മാണ മേഖല ഡിസംബറിലും വളര്‍ച്ച തുടര്‍ന്നു, എന്നാൽ മുൻ മാസത്തെ അപേക്ഷിച്ച് ഇത് മന്ദഗതിയിലായിരുന്നു. എന്നാൽ മറുവശത്ത്, നവംബർ മുതൽ ഭാവി ഉൽപ്പാദനത്തെ കുറിച്ചുള്ള പ്രതീക്ഷ ഉയരുകയാണ്," എച്ച്എസ്ബിസിയിലെ ചീഫ് ഇന്ത്യ ഇക്കണോമിസ്റ്റ് പ്രഞ്ജുൽ ഭണ്ഡാരി പറഞ്ഞു.
അന്താരാഷ്ട്ര ഓര്‍ഡറുകളില്‍ വര്‍ധന
വേഗത കുറഞ്ഞെങ്കിലും ഡിസംബറിലെ വളര്‍ച്ചയും ശക്തമായിരുന്നുവെന്ന് കമ്പനികള്‍ പറയുന്നു. പുതിയ ബിസിനസ് നേട്ടങ്ങൾ, അനുകൂലമായ വിപണി സാഹചര്യങ്ങൾ, മേളകൾ, എക്‌സ്‌പോസിഷനുകൾ എന്നിവ ഡിസംബറിൽ മാനുഫാക്ചറിംഗ് ഉല്‍പ്പാദനം വര്‍ധിപ്പിച്ചു. തുടര്‍ച്ചയായ 21-ാം മാസവും ഇന്ത്യന്‍ ചരക്കുകള്‍ക്കായുള്ള അന്താരാഷ്ട്ര ഓര്‍ഡറുകള്‍ വളര്‍ച്ച പ്രകടമാക്കി.
ഏഷ്യ, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, നോർത്ത് അമേരിക്ക എന്നിവിടങ്ങളിലെ ക്ലയന്റുകളിൽ നിന്ന് കമ്പനികൾ നേട്ടങ്ങൾ രേഖപ്പെടുത്തി. പുതിയ കയറ്റുമതി വിൽപ്പന മിതമായ വേഗതയിൽ വികസിച്ചു, ഇത് എട്ട് മാസത്തിനിടയിലെ കുറഞ്ഞ നിലയിലായിരുന്നു
ചെലവ് കുറഞ്ഞു, ആത്മവിശ്വാസം കൂടി
കമ്പനികളുടെ ഇൻപുട്ട് ചെലവ് ഏകദേശം മൂന്നര വർഷത്തിനിടയിലെ രണ്ടാമത്തെ കുറഞ്ഞ നിരക്കിൽ ഉയർന്നു, ചാർജുകളിലെ വിലക്കയറ്റം ഒമ്പത് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. രാസവസ്തുക്കൾ, കടലാസുകൾ, തുണിത്തരങ്ങൾ എന്നിവയ്ക്ക് വില വർധിച്ചു. ഉല്‍പ്പന്ന വിലകളിലും കാര്യമായ വര്‍ധന ഉണ്ടായില്ല,
ഡിസംബറിൽ മാനുഫാക്ചറിംഗ് തൊഴിലവസരങ്ങൾ ഏറെക്കുറെ സുസ്ഥിരമായിരുന്നു.
അടുത്ത ഒരു വര്‍ഷത്തെ ഉല്‍പ്പാദനം സംബന്ധിച്ച ആത്മവിശ്വാസം മൂന്നുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. പരസ്യം, മികച്ച ഉപഭോക്തൃ ബന്ധങ്ങൾ, പുതിയ ബിസിനസ് അന്വേഷണങ്ങൾ എന്നിവയെല്ലാമാണ് ഡിസംബറിലെ ബിസിനസ്സ് ആത്മവിശ്വാസം വർധിപ്പിക്കുന്ന പ്രധാന ഘടകങ്ങളായി കമ്പനികള്‍ ചൂണ്ടിക്കാണിക്കുന്നത്.