പ്രധാന പങ്കാളിത്ത കരാറുകളില്‍ ഒപ്പുവച്ച് ഇന്ത്യയും ഫ്രാന്‍സും
- സംയുക്തമായി ഇന്ത്യയില്‍ മള്‍ട്ടി-മിഷന്‍ ഹെലികോപ്റ്റര്‍ നിര്‍മ്മിക്കും
- ഫ്രഞ്ച് എഞ്ചിന്‍ നിര്‍മ്മാതാക്കളായ സഫ്രാന്‍ 100% സാങ്കേതികവിദ്യ കൈമാറും
- സൈനിക സംവിധാനങ്ങളുടെ സഹ-വികസനവും സഹ-രൂപകല്‍പ്പനയും ലക്‌ഷ്യം
ഡൽഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യയും ഫ്രാന്‍സും പ്രതിരോധ വ്യാവസായിക പങ്കാളിത്തത്തിനായുള്ള കരാറില്‍ ഒപ്പുവച്ചു. സൈനിക സംവിധാനങ്ങളുടെ സഹ-വികസനത്തിനും സഹ-രൂപകല്‍പ്പനയ്ക്കും സഹ-ഉല്‍പാദനത്തിനും ഇരു രാജ്യങ്ങളും സമ്മതിച്ചു.
റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും വ്യാഴാഴ്ച ജയ്പൂരില്‍ കൂടിക്കാഴ്ച നടത്തി. പ്രതിരോധം, ബഹിരാകാശം, വിദ്യാഭ്യാസം, ആരോഗ്യം, ചലനാത്മകത, ഗാസയിലെ സ്ഥിതിഗതികള്‍, ചെങ്കടല്‍ പ്രതിസന്ധി എന്നിവയിലേക്കുള്ള സാമ്പത്തിക സഹകരണം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്. ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായിരുന്നു.
ഇന്ത്യയും ഫ്രാന്‍സും സംയുക്തമായി ഇന്ത്യയില്‍ ഒരു മള്‍ട്ടി-മിഷന്‍ ഹെലികോപ്റ്റര്‍ നിര്‍മ്മിക്കും. ഫ്രഞ്ച് എഞ്ചിന്‍ നിര്‍മ്മാതാക്കളായ സഫ്രാന്‍ രാജ്യത്ത് യുദ്ധ വിമാന എഞ്ചിനുകള്‍ നിര്‍മ്മിക്കുന്നതിന് 100% സാങ്കേതികവിദ്യ കൈമാറാന്‍ തയ്യാറാണെന്നും അറിയിച്ചു.
കൂടാതെ, പ്രതിരോധ ബഹിരാകാശ പങ്കാളിത്തം, ഉപഗ്രഹ വിക്ഷേപണം, ഊര്‍ജ ഗവേഷണം, ആരോഗ്യ സംരക്ഷണവും സഹകരണവും, പൊതുഭരണ സഹകരണം, ഫ്രാന്‍സില്‍ ബിരുദാനന്തര ബിരുദം നേടുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് വര്‍ഷത്തെ ഷെഞ്ചന്‍ വിസ എന്നിവയിലും ഇരുരാജ്യങ്ങളും ധാരണയായതായി വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പറഞ്ഞു.
ഇന്ത്യയില്‍ H125 ഹെലികോപ്റ്ററുകള്‍ക്കായി ഒരു അസംബ്ലി ലൈന്‍ സ്ഥാപിക്കുന്നതിനായി ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡും (ടിഎഎസ്എല്‍) എയര്‍ബസും തമ്മില്‍ സിവില്‍ ഏവിയേഷനില്‍ ഒരു ധാരണാപത്രം ഒപ്പുവച്ചു.
ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡും (എന്‍എസ്‌ഐഎല്‍) ഫ്രാന്‍സിന്റെ ഏരിയന്‍സ്‌പേസ് എസ്എഎസും തമ്മില്‍ ബഹിരാകാശ മേഖലയില്‍ മറ്റൊരു ധാരണാപത്രവും ഒപ്പുവച്ചു.
ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയും (ഡിഎസ്ടി) ഫ്രാന്‍സിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് നാഷണല്‍ ഡി റീച്ചെര്‍ച്ച് പോര്‍ എല്‍'അഗ്രികള്‍ച്ചര്‍, എല്‍'അലിമെന്റേഷന്‍ എറ്റ് എല്‍'എന്‍വയോണ്‍മെന്റ് (ഐഎന്‍ആര്‍ഇ)യും തമ്മില്‍ ഒരു ചട്ടക്കൂട് സഹകരണ കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്.
ഇന്ത്യയുടെ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയവും ഫ്രാന്‍സിലെ തൊഴില്‍- ആരോഗ്യ- ഐക്യദാര്‍ഢ്യ മന്ത്രാലയവും തമ്മില്‍ ആരോഗ്യ-വൈദ്യ മേഖലയിലെ സഹകരണം സംബന്ധിച്ച ഒരു ഉദ്ദേശ പ്രഖ്യാപനവും പുറപ്പെടുവിച്ചിട്ടുണ്ട്.
2026 ഇന്ത്യ-ഫ്രാന്‍സ് നവീകരണ വര്‍ഷമായി ആഘോഷിക്കാനും തീരുമാനമായി.