2-3 വര്‍ഷത്തില്‍ ഉപഭോക്താക്കളുമായുള്ള ഇടപാടുകള്‍ക്കും ഇ-ഇന്‍വോയ്സ് നിര്‍ബന്ധമാക്കും
- നിലവിൽ, 5 കോടിയോ കൂടുതലോ വിറ്റുവരവുള്ള ബിസിനസുകളുടെ ബി 2 ബി ഇടപാടുകള്‍ക്ക് ഇ-ഇന്‍വോയ്സ് നിര്‍ബന്ധം
- ബി 2 സി ഇടപാടുകള്‍ക്ക് ഇ- ഇന്‍വോയ്സ് നിര്‍ബന്ധിതമാക്കാന്‍ ജിഎസ്‍ടിഎന്‍ നവീകരിക്കണം
അടുത്ത 2-3 വർഷത്തിനുള്ളിൽ ബിസിനസ് ടു കസ്‍റ്റമര്‍ (B2C) ഇടപാടുകൾക്ക് ഇ-ഇൻവോയ്‌സ് നൽകേണ്ടത് നിർബന്ധമാക്കുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്‌ട് ടാക്‌സസ് ആൻഡ് കസ്റ്റംസ് (സിബിഐസി) അംഗം ശശാങ്ക് പ്രിയ പറഞ്ഞു. നിലവിൽ, 5 കോടി രൂപയോ അതിൽ കൂടുതലോ വിറ്റുവരവുള്ള ബിസിനസുകൾ അവരുടെ ബിസിനസ് ടു ബിസിനസ് (B2B) വിൽപ്പനയ്ക്കും വാങ്ങലുകൾക്കുമായി ഇ-ഇൻവോയ്സ് സൃഷ്ടിക്കേണ്ടതുണ്ട്.
ബി2സി ഇടപാടുകളെ കൂടി ഇ- ഇന്‍വോയ്സ് സംവിധാനത്തിന് കീഴിലെത്തിക്കുന്നതിന് നടപടികള്‍ ആരംഭിച്ചെന്നും ഇതിന് ജിഎസ്‍ടി സംവിധാനത്തില്‍ പുതുക്കലുകള്‍ ആവശ്യമാണെന്നും ശശാങ്ക് പ്രിയ പറയുന്നു.
"ബി2സി-യ്‌ക്ക് ഇ-ഇൻവോയ്‌സ് സൃഷ്ടിക്കേണ്ടതിന്‍റെ ആവശ്യകത ഞങ്ങൾ നോക്കുകയാണ്. ജിഎസ്‍ടിഎന്‍ ശേഷികള്‍ വർദ്ധിപ്പിക്കേണ്ടതുണ്ട്. മറ്റ് സിസ്‍റ്റങ്ങളും സജ്ജമാക്കേണ്ടതുണ്ട്. ഏതൊക്കെ മേഖലകളിലാണ് ആദ്യം ഇത് ആരംഭിക്കാൻ കഴിയുക എന്ന് നോക്കുകയാണ്. വരും വർഷങ്ങളിൽ ഞങ്ങൾക്ക് ഇത് മുന്നോട്ട് കൊണ്ടുപോകാൻ കഴിയും, ”അസോചം പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
5 മുതൽ 10 കോടി രൂപ വരെ വിറ്റുവരവുള്ള ബിസിനസുകൾ ഇ-ഇൻവോയ്‌സുകൾ നൽകുന്നതില്‍ വീഴ്ച വരുത്തുന്നുണ്ട്. സിബിഐസി ഉദ്യോഗസ്ഥർ നികുതി നിയമങ്ങള്‍ പാലിക്കാത്ത ബിസിനസുകളെ നിരീക്ഷിക്കുകയാണ്. ഇ- ഇന്‍വോയ്സുകള്‍ മൂലമുള്ള നേട്ടങ്ങള്‍ ബിസിനസുകളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചരക്ക് സേവന നികുതി (ജിഎസ്ടി) നിയമപ്രകാരം, 2020 ഒക്ടോബർ 1 മുതൽ 500 കോടി രൂപയിൽ കൂടുതൽ വിറ്റുവരവുള്ള കമ്പനികൾക്ക് ബിസിനസ് ടു ബിസിനസ്സ് (B2B) ഇടപാടുകൾക്കുള്ള ഇ-ഇൻവോയ്‌സിംഗ് നിർബന്ധമാക്കി. പിന്നീട് 2021 ജനുവരി 1 മുതൽ 100 കോടിയിലധികം രൂപ വിറ്റുവരവുള്ളവർക്കും ഇത് ബാധകമായി. 2021 ഏപ്രിൽ 1 മുതൽ, 50 കോടിയിലധികം വിറ്റുവരവുള്ള കമ്പനികളും 2022 ഏപ്രിൽ 1 മുതൽ 20 കോടി രൂപയിലധികം വിറ്റുവരവുള്ള കമ്പനികളും ബി 2 ബി ഇന്‍വോയ്സുകള്‍ സൃഷ്ടിക്കുന്നു.
2022 ഒക്ടോബർ 1 മുതൽ പരിധി 10 കോടി രൂപയായി കുറച്ചു. 2023 ഓഗസ്റ്റ് 1 മുതൽ, 5 കോടി രൂപ വിറ്റുവരവുള്ള ബിസിനസുകള്‍ക്കും ഇത് ബാധകമാക്കി.