മുഴുവന്‍ ഓഹരിയും വിറ്റ് പിരമല്‍ എന്‍റര്‍പ്രൈസസും ശ്രീറാം ഫിനാന്‍സില്‍ നിന്നിറങ്ങി
ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ ശ്രീറാം ഫിനാൻസില്‍ തങ്ങള്‍ക്കുണ്ടായിരുന്ന 8.34 ശതമാനം ഓഹരികൾ മുഴുവനായും പിരമൽ എന്റർപ്രൈസസ് ഒരു ഓപ്പൺ മാർക്കറ്റ് ഇടപാടിലൂടെ വിറ്റഴിച്ചു. 4,824 കോടി രൂപയ്ക്കാണ് ഇന്നലെ ഇടപാട് നടന്നത്. ആദിത്യ ബിർള സൺ ലൈഫ് മ്യൂച്വൽ ഫണ്ട് (എംഎഫ്), കൊട്ടക് മഹീന്ദ്ര എംഎഫ്, ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് കമ്പനി, മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂർ, ബ്ലാക്ക്റോക്ക്, ബിഎൻപി പാരിബാസ് ആർബിട്രേജ് ഒഡിഐ, ഗവൺമെന്റ് ഓഫ് സിംഗപ്പൂർ, ഗിസല്ലോ മാസ്റ്റർ ഫണ്ട് എൽപി, ന്യൂ വേൾഡ് ഫണ്ട് ഇങ്ക്, സൊസൈറ്റി ജനറൽ ഒഡിഐ തുടങ്ങിയവര്‍ ഓഹരികൾ വാങ്ങി.
നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ (എൻഎസ്‌ഇ) ലഭ്യമായ ബ്ലോക്ക് ഡീൽ ഡാറ്റ അനുസരിച്ച്, പിരമൽ എന്റർപ്രൈസസ് 3,12,21,449 ഓഹരികളാണ് ഓഫ്‌ലോഡ് ചെയ്തത്. ഓഹരികൾ ഓരോന്നിനും ശരാശരി 1,545 രൂപ നിരക്കിലായിരുന്നു വില്‍പ്പന. മൊത്തം ഇടപാടിന്റെ വലുപ്പം 4,823.71 കോടി രൂപയാണ്. ബ്ലോക്ക് ഡീലിനെ തുടര്‍ന്ന് എൻഎസ്ഇയിൽ ശ്രീറാം ഫിനാൻസിന്റെ ഓഹരികൾ 11.31 ശതമാനം ഉയർന്ന് 1,736 രൂപയിലെത്തി.
തിങ്കളാഴ്ച, യുഎസ് ആസ്ഥാനമായുള്ള പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ടിപിജിയും ശ്രീറാം ഫിനാൻസിലെ തങ്ങളുടെ 2.65 ശതമാനം ഓഹരികൾ 1,390 കോടി രൂപയ്ക്ക് ഓപ്പൺ മാർക്കറ്റ് ഇടപാടുകളിലൂടെ വിറ്റഴിച്ചിരുന്നു. എങ്കിലും ശ്രീറാമിന്‍റെ ഇന്‍ഷുറന്‍സ് വിഭാഗത്തില്‍ ടിപിജി ഓഹരി പങ്കാളിത്തം തുടരുന്നുണ്ട്.
വാണിജ്യ വാഹനങ്ങൾ, ഇരുചക്ര വാഹന വായ്പകൾ, കാർ ലോണുകൾ, സ്വർണ്ണ വായ്പകൾ, വ്യക്തിഗത വായ്പകൾ, ചെറുകിട ബിസിനസ് വായ്പകൾ എന്നിവയ്ക്ക് ക്രെഡിറ്റ് സൊല്യൂഷനുകൾ വാഗ്ദാനം ചെയ്യുന്ന റീട്ടെയിൽ എൻബിഎഫ്‌സിയാണ് ശ്രീറാം ഫിനാൻസ്. 2022 നവംബറിലാണ് ശ്രീറാം ഗ്രൂപ്പിന്റെ സ്ഥാപനങ്ങളായി ശ്രീറാം ട്രാൻസ്‌പോർട്ട് ഫിനാൻസ് കമ്പനി ലിമിറ്റഡ്, ശ്രീറാം സിറ്റി യൂണിയൻ ഫിനാൻസ് ലിമിറ്റഡ്, ശ്രീറാം ക്യാപിറ്റൽ ലിമിറ്റഡ് എന്നിവ ലയിച്ച് ശ്രീറാം ഫിനാൻസ് ലിമിറ്റഡ് രൂപീകരിച്ചത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ ശ്രീറാം ഫിനാൻസിന്‍റെ അറ്റാദായം മുന്‍ വര്‍ഷം സമാന പാദത്തിലെ 1086 കോടി രൂപയില്‍ നിന്ന് 20% വർധനയോടെ 1308 കോടി രൂപയിലെത്തിയിരുന്നു. കമ്പനിയുടെ അറ്റ പലിശ വരുമാനം 2628 കോടി രൂപയിൽ നിന്ന് 4446 കോടി രൂപയായപ്പോൾ മൊത്തം വരുമാനം 5088 കോടി രൂപയിൽ നിന്ന് 7769 കോടി രൂപയായി. കമ്പനിയുടെ എയുഎം (കൈകാര്യം ചെയ്യുന്ന ആസ്തി) മാർച്ച് അവസാനത്തില്‍ 16% വാർഷിക വളർച്ചയോടെ 1.86 ലക്ഷം കോടി രൂപയായി. മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം 6.21% ആയിരുന്നു, 2022 മാര്‍ച്ച് 31ന് ഇത് 7% ആയിരുന്നു. അറ്റ എൻപിഎ 3.67 ശതമാനത്തിൽ നിന്ന് 3.19 ശതമാനമായി കുറഞ്ഞു.