വീണ്ടും പിരിച്ചുവിടല്‍; തൊഴില്‍ ശക്തി 5-7 % കുറയ്ക്കാനൊരുങ്ങി ഫ്ലിപ്‍കാർട്ട്

  • നിലവിൽ 22,000ഓളം പേരാണ് ഫ്ലിപ്‍കാര്‍ട്ടില്‍ ജോലി ചെയ്യുന്നത്
  • ഈ വർഷം ഐപിഒ നടത്താനുള്ള പദ്ധതിയില്‍ മാറ്റമില്ല
  • കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും പിരിച്ചുവിടല്‍ ഉണ്ടായിരുന്നു

Update: 2024-01-08 05:18 GMT

രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്ലിപ്പ്കാർട്ട് പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ജോലി വെട്ടിക്കുറയ്ക്കൽ നടപ്പിലാക്കുന്നു. മാർച്ച്-ഏപ്രിൽ മാസത്തോടെ പിരിച്ചുവിടല്‍ പൂര്‍ത്തിയാകും. മൊത്തം ജീവനക്കാരില്‍ 5-7 ശതമാനത്തെ ഈ നടപടി ബാധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള കമ്പനി സ്രോതസുകളും പ്രവര്‍ത്തനങ്ങളും അവലോകനം ചെയ്ത് ഒരു പുനഃക്രമീകരണ ഘട്ടത്തിന് വിധേയമാകാൻ ഒരുങ്ങുന്നു. കമ്പനിയുടെ ഫാഷൻ പോർട്ടലായ മിന്ത്രയിലെ കണക്ക് മാറ്റിനിര്‍ത്തിയാല്‍, നിലവിൽ 22,000ഓളം പേരാണ് ഫ്ലിപ്‍കാര്‍ട്ടില്‍ ജോലി ചെയ്യുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള പിരിച്ചുവിടലുകള്‍ ഫ്ലിപ്‍കാര്‍ട്ട് നടപ്പാക്കിയിരുന്നു. കൂടാതെ, ചെലവ് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി, ഫ്ലിപ്‍കാര്‍ട്ട് കഴിഞ്ഞ വർഷം പുതിയ നിയമനങ്ങളിൽ നിന്ന് വിട്ടുനിന്നു. 1 ബില്യൺ ഡോളറിന്‍റെ ഫണ്ടിംഗ് റൗണ്ടിന് കമ്പനി അന്തിമ രൂപം നല്‍കുന്നതിനിടെയാണ് പുതിയ പിരിച്ചുവിടലുകള്‍ വരുന്നത്. വാൾമാർട്ടിൽ നിന്നും മറ്റ് നിക്ഷേപകരിൽ നിന്നുമുള്ള നിക്ഷേപം ഈ ഫണ്ടിംഗില്‍ ഉണ്ടാകും. 

പുനഃക്രമീകരണ നടപടികള്‍ക്കിടയിലും ഈ വർഷം ഐപിഒ നടത്താനുള്ള പദ്ധതി കമ്പനി നിലനിർത്തുന്നുവെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു. അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ക്ലിയർട്രിപ്പ് അടുത്തിടെ ഫ്ലിപ്‍കാര്‍ട്ട് ഏറ്റെടുത്തിരുന്നു. ഇതോടെ കമ്പനിയുടെ  തന്ത്രപ്രധാനമായ സംരംഭങ്ങൾ ഏകദേശം 1.5-1.7 ബില്യൺ ഡോളറിന്റെ മൊത്ത വ്യാപാര മൂല്യം (ജിഎംവി) കൈവരിച്ചു. എയർലൈൻ ബുക്കിംഗുകൾക്കപ്പുറം ക്ലിയർട്രിപ്പിന്റെ സേവനങ്ങൾ വിപുലീകരിച്ചുകൊണ്ട് ഹോട്ടൽ ബിസിനസിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്താനും കമ്പനി ലക്ഷ്യമിടുന്നു.

Tags:    

Similar News