ബിരിയാണിയ്ക്ക് 9.77 കോടി ഓര്‍ഡര്‍, 28 ലക്ഷത്തിന് ഭക്ഷണം വാങ്ങിയ കസ്റ്റമര്‍! അമ്പരിപ്പിച്ച് സൊമാറ്റോ

  • ഒരു ഉപഭോക്താവിന് 6.96 ലക്ഷം രൂപയുടെ ഡിസ്‌കൗണ്ട് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നല്‍കിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Update: 2022-12-31 09:00 GMT

മുംബൈ: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകള്‍ക്ക് ഈ വര്‍ഷം ചാകരയായിരുന്നെങ്കില്‍ അതില്‍ തകര്‍പ്പന്‍ കച്ചവടം ലഭിച്ചത് സൊമാറ്റോയ്ക്കാണെന്ന് റിപ്പോര്‍ട്ടുകള്‍. കമ്പനി ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്ന 2022 ആനുവല്‍ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യക്കാര്‍ വളരെ 'ലാവിഷായി' ഭക്ഷണത്തിന് പണമിറക്കിയിട്ടുണ്ട്. ഇതില്‍ ഏറ്റവുമധികം വിറ്റുപോയത് ബിരിയാണിയാണ്.

മുന്‍വര്‍ഷങ്ങളില്‍ ഇന്ത്യയുടെ പ്രിയ വിഭവം ബിരിയാണിയാണെങ്കിലും ഇക്കുറി ഓര്‍ഡറുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായെന്നും സൊമാറ്റോയുടെ ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ ഒറ്റ വര്‍ഷം കൊണ്ട് ഒരു ഡെല്‍ഹി സ്വദേശി 3,300 ഓര്‍ഡറുകളാണ് നല്‍കിയതെന്നും, പൂനേയിലെ ഒരു ഉപഭോക്താവ് ആകെ 28 ലക്ഷം രൂപയുടെ ഓര്‍ഡറുകള്‍ ഈ വര്‍ഷം നല്‍കിയെന്നും (വിവിധ വിഭവങ്ങള്‍ക്കായി) റിപ്പോര്‍ട്ടിലുണ്ട്.

ഒറ്റ ഓര്‍ഡറില്‍ 25,000 രൂപയ്ക്ക് പിസ ഓര്‍ഡര്‍ ചെയ്ത വ്യക്തിയും ഇക്കൂട്ടത്തിലുണ്ട്. ഒരു ഉപഭോക്താവ് സൊമാറ്റോ ആപ്പ് വഴി 1,098 കേക്കുകളാണ് ഓര്‍ഡര്‍ ചെയ്തത്. സ്ഥിരമായി വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് സൊമാറ്റോ ഡിസ്‌കൗണ്ടും നല്‍കുന്നുണ്ട്. ഇത്തരത്തില്‍ ഒരു ഉപഭോക്താവിന് 6.96 ലക്ഷം രൂപയുടെ ഡിസ്‌കൗണ്ട് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നല്‍കിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ബിരിയാണിയ്ക്ക് ലഭിച്ച ഓര്‍ഡറുകള്‍ കണക്കാക്കിയാല്‍ ഓരോ മിനിട്ടിലും 186 ബിരിയാണിയാണ് സൊമാറ്റോ വഴി വിറ്റത്. അങ്ങനെയെങ്കില്‍ ഒരു വര്‍ഷം ഏകദേശം 9.77 കോടി ഓര്‍ഡറുകളാണ് സൊമാറ്റോയിലൂടെ ബിരിയാണിയ്ക്ക് മാത്രമായി ലഭിച്ചത്.

സ്വിഗ്ഗിയും പറയുന്നു, ബിരിയാണി തന്നെ സ്റ്റാര്‍

ബിരിയാണിയുടെ ഓര്‍ഡര്‍ തന്നെയാണ് തങ്ങള്‍ക്കും ലഭിച്ചതെന്ന് ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി വ്യക്തമാക്കിയതായി കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് വന്നിരുന്നു. സ്വിഗ്ഗി പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം വെറും ഒരു വര്‍ഷത്തിനിടെ ലക്ഷങ്ങള്‍ മുടങ്ങി പലചരക്ക് സാധനങ്ങള്‍ വാങ്ങിയ ഉപഭോക്താവും ഉണ്ട്. ബെംഗലൂരുവില്‍ നിന്നും ഉള്ള ഒരു ഉപഭോക്താവ് 16.6 ലക്ഷം രൂപയ്ക്കാണ് സ്വിഗ്ഗിയുടെ തന്നെ ഇന്‍സ്്റ്റാ മാര്‍ട്ടില്‍ നിന്നും പലചരക്ക് വാങ്ങിയത്.

ദീപാവലിയ്ക്ക് 75,378 രൂപയുടെ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ ഒറ്റ ഓര്‍ഡറില്‍ വാങ്ങിയ ഉപഭോക്താവുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതിനു പുറമേ ചിരിയുണര്‍ത്തുന്ന സംഗതികളും റിപ്പോര്‍ട്ടിലുണ്ട്. സ്വിഗ്ഗിയില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞവയുടെ പട്ടികയില്‍ അണ്ടര്‍വെയറുമുണ്ട്. പെട്രോള്‍, സോഫാ സെറ്റ് എന്നിവയാണ് മറ്റ് രണ്ടെണ്ണം.മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വിഗ്ഗിയ്ക്ക് ഈ വര്‍ഷം മികച്ച വില്‍പനയാണ് ലഭിച്ചത്.

ഉപഭോക്താക്കളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. മിക്കവരും ആരോഗ്യത്തില്‍ ഏറെ ശ്രദ്ധയുള്ളവരാണെന്നും ജൈവകൃഷിയില്‍ ഉത്പാദിപ്പിച്ച പഴങ്ങള്‍ക്കും പച്ചക്കറിയ്ക്കും കുറേ ഓര്‍ഡറുകള്‍ ലഭിച്ചുവെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇത്തരത്തില്‍ 50 ലക്ഷം കിലോഗ്രാമിന് മുകളിലുള്ള പഴങ്ങളും പച്ചക്കറികളുടേയും ഓര്‍ഡറാണ് സ്വിഗ്ഗിയിലേക്ക് എത്തിയത്.

ഇവയില്‍ തണ്ണിമത്തന്‍, വാഴപ്പഴം, തക്കാളി എന്നിവയ്ക്കാണ് കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിച്ചതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.തുടര്‍ച്ചയായ ഏഴാം വര്‍ഷവും ഏറ്റവുമധികം ഓര്‍ഡര്‍ ലഭിക്കുന്ന വിഭവം ബിരിയാണിയാണ്. മസാല ദേശയ്ക്കാണ് ഇക്കൂട്ടത്തില്‍ രണ്ടാം സ്ഥാനം. ഏകദേശം 53 കോടി രൂപയുടെ ബിസിനസാണ് കഴിഞ്ഞ വര്‍ഷം സ്വിഗ്ഗിയ്ക്ക് ലഭിച്ചതെന്നാണ് സൂചന.

Tags:    

Similar News