യുബിഐ-യുടെ ലാഭത്തില്‍ 81 % ഉയര്‍ച്ച
- 10,000 കോടിയുടെ മൂലധന സമാഹരണ പദ്ധതിക്ക് അംഗീകാരം
- പലിശ ഇതര വരുമാനത്തില്‍ 62.48% വർധന
- 2023 - 24ല്‍ പ്രതീക്ഷിക്കുന്നത് 10-12% വളര്‍ച്ച
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ മാർച്ച് പാദത്തിലെ ഏകീകൃത അറ്റാദായം 80.57 ശതമാനം വർധന രേഖപ്പെടുത്തി 2,811.78 കോടി രൂപയിലേക്കെത്തി; 1557.09 കോടി രൂപയാണ് മുന്‍ വർഷം സമാനപാദത്തില്‍ രേഖപ്പെടുത്തിയിരുന്നത്. 2022 -23 സാമ്പത്തിക വര്‍ഷത്തിലെ മൊത്തം ഏകീകൃത അറ്റാദായം മുൻ വർഷം രേഖപ്പെടുത്തിയ 5,265.32 കോടി രൂപയില്‍ നിന്ന് 8,511.67 കോടി രൂപയിലേക്ക് ഉയർന്നു. കമ്പനിയുടെ ഓഹരിയുടമകള്‍ക്കുള്ള ലാഭവിഹിതമായി പത്ത് രൂപ വിലയുള്ള ഒരു ഓഹരിക്ക് മൂന്ന് രൂപ നല്‍കുന്നതിനും ഡയറക്റ്റര്‍ ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്.
മാർച്ച് പാദത്തിൽ, പ്രധാന അറ്റ പലിശ വരുമാനം 21.88 ശതമാനം വർധിച്ച് 8,251 കോടി രൂപയായി. വായ്പകളില്‍ രേഖപ്പെടുത്തിയ 13 ശതമാനം വളർച്ചയുടെയും അറ്റ പലിശ മാർജിൻ മുൻവർഷത്തെ 2.75 ശതമാനത്തിൽ 2.98 ശതമാനമായി വര്‍ധിച്ചതിന്‍റെയും പശ്ചാത്തലത്തിലാണിത്.
ജനുവരി-മാർച്ച് കാലയളവിൽ പലിശ ഇതര വരുമാനം 62.48 ശതമാനം വർധിച്ച് 5,269 കോടി രൂപയായി.
എഴുതിത്തള്ളിയ അക്കൗണ്ടുകളിൽ നിന്നുള്ള വീണ്ടെടുക്കല്‍ 2,954 കോടി രൂപയായി ഉയർന്നു. മുൻവർഷം സമാനകാലയളവില്‍ ഇത് 294 കോടി രൂപയായിരുന്നു. 15,000 കോടി രൂപയുടെ വീണ്ടെടുക്കല്‍ ലക്ഷ്യത്തോടെയാണ് ബാങ്ക് 2022 - 23 സാമ്പത്തിക വർഷം ആരംഭിച്ചതെന്നും എന്നാൽ 20,000 കോടിയിലധികം രൂപയുടെ വായ്പകള്‍ തിരിച്ചുപിടിച്ചുകൊണ്ട് സ്വന്തം പ്രതീക്ഷകൾക്കപ്പുറമുള്ള നേട്ടമുണ്ടാക്കിയെന്നും മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവുമായ എ മണിമേഖലൈ പറഞ്ഞു.
നടപ്പു സാമ്പത്തിക വർഷത്തിൽ 10-12 ശതമാനത്തിന്റെ മൊത്തത്തിലുള്ള ലോൺ ബുക്ക് വളർച്ചയാണ് ബാങ്ക് ലക്ഷ്യമിടുന്നതെന്നും 35,000 കോടി രൂപയ്ക്ക് മുകളിലുള്ള കോർപ്പറേറ്റ് വായ്പകളില്‍ ആരോഗ്യകരമായ വളര്‍ച്ചയാണ് കാണുന്നതെന്നും അവർ പറഞ്ഞു.
ഹൈബ്രിഡ് ആന്വിറ്റി മോഡൽ അധിഷ്ഠിത റോഡ് പദ്ധതികള്‍, പുനരുപയോഗ ഊര്‍ജ്ജം, സ്റ്റീൽ, സിമന്റ് മേഖലകളിലെ കോര്‍പ്പറേറ്റുകളില്‍ നിന്ന് ശക്തമായ വായ്പാ ആവശ്യകത പ്രകടമാണ്. ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മൊത്തത്തിലുള്ള കോർപ്പറേറ്റ് ലോൺബുക്കിൽ 11 ശതമാനം വളർച്ചയുണ്ടായെന്നും അവർ പറഞ്ഞു.
നാലാം പാദത്തിൽ ബാങ്കിന്റെ പുതിയ സ്ലിപ്പേജുകൾ 2,687 കോടി രൂപയായി കുറഞ്ഞു, മൊത്ത നിഷ്ക്രിയാസ്തി അനുപാതം 7.53 ശതമാനമായി മെച്ചപ്പെട്ടു, മുൻവർഷം സമാനകാലയളവില്‍ ഇത് 11.11 ശതമാനവും 2022 ഡിസംബർ അവസാനിച്ച മുന്‍പാദത്തില്‍ ഇത് 7.93 ശതമാനവും ആയിരുന്നു.
മാർച്ച് പാദത്തിലെ വകയിരുത്തല്‍ 2,935 കോടി രൂപയാണ്. മുൻ വർഷം സമാന കാലയളവിലിത് 3,618 കോടി രൂപയായാരുന്നു. മാർച്ച് അവസാനത്തിലെ കണക്ക് പ്രകാരം മൊത്തത്തിലുള്ള മൂലധന പര്യാപ്തത 16.04 ശതമാനമാണ്.
10,000 കോടി രൂപയുടെ മൂലധന സമാഹരണ പദ്ധതിക്ക് ബാങ്കിന്റെ ബോർഡ് അംഗീകാരം നൽകിയിട്ടുണ്ട്. അതിൽ 8,000 കോടി രൂപയുടെ പുതിയ ഇക്വിറ്റി മൂലധനവും 1,000 കോടി രൂപ അധിക ടയർ-1 മൂലധനവും 1,000 കോടി രൂപ ടയർ-II മൂലധനവും ഉൾപ്പെടുന്നവെന്നും മണിമേഖലൈ വ്യക്തമാക്കി.
വിപണി സാഹചര്യങ്ങളെ അടിസ്ഥാനമാക്കി മൂലധന സമാഹരണത്തിന്‍റെ വഴിയും സമയവും ബാങ്ക് തീരുമാനിക്കും. 2024 ഓഗസ്റ്റിനകം ബാങ്കുകളിലെ സർക്കാർ ഓഹരി പങ്കാളിത്തെ 75 ശതമാനത്തിൽ താഴെയാക്കാനാണ് സെബി നിഷ്കര്‍ഷിച്ചിട്ടുള്ളത്. നിലവിൽ, യുബിഐയിൽ 83 ശതമാനത്തിലധികം ഇന്ത്യാ ഗവൺമെന്റിന്റെ കൈവശമുണ്ട്.