വന്‍പതനം? സാംസംഗ് നഷ്ടത്തിലേക്കെന്ന് അനലിസ്റ്റുകള്‍
- ഉല്‍പ്പാദനം യുക്തിസഹമായി വെട്ടിച്ചുരുക്കും
- നഷ്ടം 15 വര്‍ത്തിനിടെ ആദ്യം
- ചിപ്പ് ബിസിനസ് ആദ്യ പാദത്തിലും നഷ്ടം
ലോകത്തിലെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന മെമ്മറി ചിപ്പ് നിര്‍മാതാക്കളായ സാംസംഗ് ഇലക്ട്രോണിക്സ് നടപ്പു പാദത്തില്‍ നഷ്ടം രേഖപ്പെടുത്തുമെന്ന് വിലയിരുത്തല്‍. ഈ വര്‍ഷത്തിന്‍റെ രണ്ടാം പാദത്തില്‍ ഏകദേശം 1.28 ട്രില്യൺ വോൺ (961 മില്യൺ ഡോളർ) പ്രവർത്തന നഷ്ടം സാംസങ് ഇലക്ട്രോണിക്‌സിന് സംഭവിക്കാമെന്നാണ് ഹയ് ഇൻവെസ്റ്റ്‌മെന്‍റ് ആൻഡ് സെക്യുരിറ്റീസിന്‍റെ നിഗമനം. 15 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് കമ്പനി നഷ്ടം രേഖപ്പെടുത്തുന്നത്.
ചിപ്പ് ആവശ്യകതയിലെ മാന്ദ്യവും മൊബൈല്‍ ഫോണുകളുടെ ആവശ്യകതയിലുണ്ടായ ഇടിവുമാണ് സാംസംഗിനെ പ്രതിസന്ധിയിലാക്കുന്നത്. മറ്റ് ഒട്ടുമിക്ക ബ്രോക്കറേജ് സ്ഥാപനങ്ങളും അനലിസ്റ്റുകളും സാംസംഗിന് രണ്ടാം പാദത്തില്‍ നഷ്ടം തന്നെയായിരിക്കുമെന്ന് വിലയിരുത്തലാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. സാമ്പത്തിക മാന്ദ്യം ആഗോളവിപണിയില്‍ പിടിമുറുക്കിയ 2008ന്‍റെ അവസാന പാദത്തിലാണ് ഇതിനു മുമ്പ് സാംസംഗ് പ്രവര്‍ത്തന നഷ്ടം രേഖപ്പെടുത്തിയത്. അന്ന് 940 ബില്യണ്‍ വോണ്‍ ആയിരുന്നു നഷ്ടം.
ഈ മാസം ആദ്യം പുറത്തിറക്കിയ വരുമാന പ്രിവ്യൂ പ്രകാരം ആദ്യ പാദത്തിൽ പ്രവർത്തന ലാഭം 95.75 ശതമാനം ഇടിഞ്ഞ് 600 ബില്യണിലെത്തിയതായി കമ്പനി കണക്കാക്കുന്നു. ഇതിന്‍റെ വിശദാംശങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. ചിപ്പ് ബിസിനസിന് മേല്‍നോട്ടം വഹിക്കുന്ന ഡിവൈസ് സൊലൂഷന്‍സ് യൂണിറ്റ് 4 ട്രില്യണ്‍ വോണിന്‍റെ പ്രവര്‍ത്തന നഷ്ടം ആദ്യ പാദത്തില്‍ തന്നെ നേരിട്ടുവെന്നാണ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. എന്നാല്‍ ഗാലക്സി എസ്23 അവതരണത്തിന്‍റെ ഫലമായി മൈബൈല്‍ ഡിവിഷന്‍ നേടിയ കനത്ത വളര്‍ച്ചയുടെ ഫലമായി നേരിയതെങ്കിലും ലാഭം രേഖപ്പെടുത്താന്‍ ആദ്യ പാദത്തില്‍ കമ്പനിക്ക് സാധിച്ചു.
ഏപ്രില്‍-ജൂണ്‍ പാദത്തിലേക്ക് വരുമ്പോള്‍ പുതിയ ഗാലക്സി മോഡലിന്‍റെ പ്രഭാവത്തിന് മങ്ങലേറ്റുവെന്നും ചിപ്പ് വില്‍പ്പനയിലെ മാന്ദ്യം മാറ്റമില്ലാതെ തുടരുന്നുവെന്നുമാണ് വിലയിരുത്തപ്പെടുന്നത്. ഡിസ്പ്ലേകള്‍, ഗൃഹോപകരണങ്ങള്‍, ഇലക്ട്രോണിക്സ് കംപോണന്‍റ്സ് എന്നിവയിലും നേരിയ ലാഭം മാത്രമാണ് ആദ്യ പാദത്തില്‍ കമ്പനിക്കുള്ളത്.
വരുമാന പ്രിവ്യൂവിന്‍റെ അടിസ്ഥാനത്തില്‍ ഉല്‍പ്പാദനം യുക്തിസഹമായ അളവിലേക്ക് വെട്ടിച്ചുരുക്കുമെന്ന് കമ്പനി ഫയലിംഗില്‍ വ്യക്തമാക്കിയിട്ടുണ്ട്. സെമിക്കണ്ടക്റ്റര്‍ ആവശ്യകതയിലെ മാന്ദ്യം പ്രകടമാണെങ്കിലും ഉല്‍പ്പാദനം വെട്ടിക്കുറക്കില്ലെന്ന കമ്പനിയുടെ മുന്‍ നിലപാടിന്‍റെ തിരുത്തല്‍ കൂടിയാണിത്.