എന്‍എസ്ഇ-യുടെ അറ്റാദായത്തില്‍ 31% വര്‍ധന

  • ഒരു ഓഹരിക്ക് 80 രൂപ ലാഭവിഹിതം നല്‍കാന്‍ ശുപാര്‍ശ
  • സിഎസ്‍ ജിഎഫിലേക്ക് നല്‍കിയത് 203.45 കോടി രൂപ
  • ഏകീകൃത വരുമാനത്തിലും 31% ഉയര്‍ച്ച

Update: 2023-05-16 03:32 GMT

മാർച്ചിൽ അവസാനിച്ച പാദത്തില്‍ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ ഏകീകൃത അറ്റാദായം 31 ശതമാനം വർധിച്ച് 2,067 കോടി രൂപയിലെത്തി. മുൻ വർഷം ഇതേ കാലയളവിൽ 1,580 കോടി രൂപയുടെ അറ്റാദായമാണ് നേടിയിരുന്നതെന്നും എൻഎസ്‌ഇ പ്രസ്താവനയിൽ വ്യക്തമാക്കി. പ്രവർത്തനങ്ങളിൽ നിന്നുള്ള ഏകീകൃത വരുമാനം 2022 -23 നാലാം പാദത്തിൽ 3,453 കോടി രൂപയായി ഉയർന്നു, മുൻവർഷം സമാന കാലയളവിനെ അപേക്ഷിച്ച് 31 ശതമാനം വർധനയാണ് ഉണ്ടായത്.

ട്രേഡിംഗിന് പുറമെ, ലിസ്റ്റിംഗ്, ഇൻഡെക്സ് സേവനങ്ങൾ, ഡാറ്റ സേവനങ്ങൾ, കോ-ലൊക്കേഷൻ സൗകര്യം എന്നിവയുൾപ്പെടെയുള്ള മറ്റ് വരുമാന മാര്‍ഗങ്ങളും മൊത്തം വരുമാനത്തെ പിന്തുണച്ചതായി എക്സ്ചേഞ്ച് പറഞ്ഞു. കൂടാതെ, എന്‍എസ്ഇ ബോർഡ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിനുള്ള ലാഭവിഹിതമായി ഒരു ഓഹരിക്ക് 80 രൂപ വീതം നല്‍കുന്നതിനും ശുപാർശ ചെയ്തിട്ടുണ്ട്. ഈ അന്തിമ ലാഭവിഹിതം ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമായിട്ടാകും നല്‍കുക.

അവലോകന പാദത്തിൽ എൻഎസ്ഇ കോർ സെറ്റിൽമെന്റ് ഗ്യാരണ്ടി ഫണ്ടിലേക്ക് (സിഎസ്‍ ജിഎഫ്) 203.45 കോടി രൂപ സംഭാവന ചെയ്തു. സെറ്റിൽമെന്റ് ബാധ്യതകൾ പാലിക്കുന്നതിൽ ഒരു ക്ലിയറിംഗ് അംഗം പരാജയപ്പെട്ടാൽ, ഒരു ക്ലിയറിംഗ് കോർപ്പറേഷന്റെ സെറ്റിൽമെന്റ് ബാധ്യതകൾ നിറവേറ്റുന്നതിന് മതിയായ ഫണ്ട് വേഗത്തിലും നിരുപാധികമായും ലഭ്യമാണെന്ന് ഉറപ്പാക്കുക എന്നതാണ് സിഎസ്‍ജിഎഫിന്‍റെ ലക്ഷ്യം. മൊത്തം കോർ സെറ്റിൽമെന്റ് ഗ്യാരണ്ടി ഫണ്ട് 5,284 കോടി രൂപയുടേതാ ണ്

2022-23ൽ, എക്സ്ചേഞ്ചിന്‍റെ അറ്റാദായം മുൻവർഷത്തെ 5,198 കോടി രൂപയിൽ നിന്ന് 7,356 കോടി രൂപയായി ഉയർന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 2021 -22 ലെ 8,313 കോടി രൂപയിൽ നിന്ന് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 11,856 കോടി രൂപയായി ഉയർന്നു.

2022-23ൽ എൻഎസ്ഇ വിവിധ ഇനത്തില്‍ സര്‍ക്കാരിലേക്ക് നല്‍കിയത് 28,989 കോടി രൂപയാണ്. അതിൽ എസ്‍ടിടി (സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്‌സ്) 21,965 കോടി രൂപയും സ്റ്റാമ്പ് ഡ്യൂട്ടി 1,987 കോടി രൂപയും ജിഎസ്‍ടി 1,655 കോടി രൂപയും ആദായനികുതി 2,687 കോടി രൂപയും വിപണി നിയന്ത്രകരായ സെബിയുടെ ഫീസ് 695 കോടി രൂപയും ഉള്‍പ്പെടുന്നു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ദേശീയ ഖജനാവിലേക്കും സെബിയിലേക്കും എൻഎസ്ഇയിൽ നിന്നും എത്തിയ മൊത്തം തുക 98,268 കോടി രൂപയാണ്.

Tags:    

Similar News