പ്രതിസന്ധി ഒഴിയാതെ ക്ഷീരം; കര്‍ഷകരോടെന്തിനീ അവഗണന

  • മില്‍മയുടെ വിപണിക്ക് കോട്ടം തട്ടിയാല്‍ ആഘാതം സഹിക്കേണ്ടി വരിക ക്ഷീരകര്‍ഷകരാണെന്ന ബോധ്യമാണ് ഇന്നത്തെ പ്രതിഷേധം

Update: 2023-06-26 12:30 GMT

ഏതാണ്ട് രണ്ട് മാസത്തിലേറെയായി സംസ്ഥാനത്തെ ക്ഷീര കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ത്തലാക്കിയിട്ട്. പുതിയ സാമ്പത്തിക വര്‍ഷം ആരംഭിച്ചതോടെയാണ് കര്‍ഷകനും കുടുംബത്തിനും കാലികള്‍ക്കും ക്ഷീര സാന്ത്വനം ഇന്‍ഷുറന്‍സ് നിര്‍ത്തലാക്കിയത്. ഇതിന്റെ കൂടായാണിപ്പോള്‍ മില്‍മ വഴി പാല്‍ വില്‍ക്കുന്ന കര്‍ഷര്‍ക്ക് കര്‍ണാടകയുെട നന്ദിനി വെല്ലുവിളിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. നിലവില്‍ മില്‍മ നല്‍കുന്നതിനേക്കാള്‍ ഏഴ് രൂപയോളം കുറവിലാണ് നന്ദിനി പാല്‍ വിപണിയില്‍ എത്തുന്നത്. അതാത് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന പാല്‍ അവിടെ തന്നെയാണ് വില്‍ക്കേണ്ടതെന്നും ഇക്കാര്യം ദേശീയ ക്ഷീര വികസന ബോര്‍ഡിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും മില്‍മ ചെയര്‍മാന്‍ കെഎസ് മണി വ്യക്തമാക്കിയിട്ടുണ്ട്.

മില്‍മയുടെ വിപണിക്ക് കോട്ടം തട്ടിയാല്‍ അതിന്റെ ആഘാതം സഹിക്കേണ്ടി വരിക ക്ഷീരകര്‍ഷകരാണെന്ന ബോധ്യമാണ് ഇന്ന് സംസ്ഥാനത്ത് കര്‍ഷകരെ പശുവുമായി തെരുവില്‍ പ്രതിഷേധത്തിലേയ്ക്ക് എത്തിച്ചിരിക്കുന്നത്. നന്ദിനി പാല്‍ വിലകൂട്ടി വില്‍ക്കുന്നുണ്ടെന്ന ആക്ഷേപവും ഈ കര്‍ഷകര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്.

മില്‍മയ്ക്ക് പാല്‍ കൊടുത്തും ആനുകൂല്യം നേടിയുമാണ് നമ്മുടെ ക്ഷീര സഹകരണ സംഘങ്ങള്‍ വളര്‍ന്നത്. ഇവിടേയക്കാണ് നന്ദിനയുടെ പാലും, മൂല്യ വര്‍ധിത ഉല്‍പന്നങ്ങളും വരുന്നത് ഇത് ആശങ്കയുണ്ടാക്കുന്നുണ്ട്. മില്‍മയുടെ വിപണിക്ക് ഇളക്കമുണ്ടായാല്‍, സഹിക്കേണ്ടി വരിക ക്ഷീരകര്‍ഷകരാണെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

ക്ഷീരശ്രീ

ക്ഷീരവികസന വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 249640 കര്‍ഷകരാണ് ക്ഷീരശ്രീയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ക്ഷീര സഹകരണ സംഘങ്ങള്‍, ക്ഷീരകര്‍ഷകര്‍, ക്ഷീരവികസന വകുപ്പ്, മില്‍മ, മറ്റ് പങ്കാളികള്‍ അടക്കമുള്ളവര്‍ക്ക് ഓസേവനങ്ങള്‍ നല്‍കുന്നതിനും പ്രശ്‌നപരിഹാരത്തിനുമായി രൂപീകരിച്ച ഏകീകൃത വെബ് ആപ്ലിക്കേഷനാണ് ക്ഷീരശ്രീ

പാലക്കാട് നിന്നാണ് ഏറ്റവുമധികം കര്‍ഷകരുള്ളത്. ഗവണ്‍മെന്റ് കണക്കുകള്‍ പ്രകാരം 30,000 മുകളില്‍ കര്‍ഷകര്‍ ജില്ലയില്‍ നിന്ന് മാത്രം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏറ്റവും കുറവ് പത്തനംതിട്ടയാണ്.

ക്ഷീര സാന്ത്വനം

ക്ഷീര വികസന വകുപ്പ്, കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ്, മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിറ്റുകള്‍ (മില്‍മ), പ്രാഥമിക സഹകരണ സംഘങ്ങള്‍ എന്നിവ സംയുക്തമായി 'ക്ഷീര സാന്ത്വനം' എന്ന പേരില്‍ നടപ്പാക്കുന്ന സമഗ്ര ക്ഷീര കര്‍ഷക ഇന്‍ഷുറന്‍സ് പദ്ധതിയാണിത്. ആരോഗ്യ സുരക്ഷാ, അപകട സുരക്ഷാ, ലൈഫ് ഇന്‍ഷുറന്‍സ്, ഗോ സുരക്ഷാ പോളിസികളാണ് പദ്ധതി വഴി അനുവദിക്കുന്നത്.

ക്ഷീരകര്‍ഷകര്‍ക്കും സഹകരണസംഘം ജീവനക്കാര്‍ക്കുമാണ് അംഗത്വമെടുക്കാന്‍ സാധിച്ചിരുന്നത്. ക്ഷീരകര്‍ഷകരുടെ കറവ മാടുകളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്താവുന്നതാണിത്.

ആരോഗ്യ സുരക്ഷാ പോളിസിയില്‍ 80 വയസ്സ് വരെയുള്ള കര്‍ഷകരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപവരെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും (മാതാപിതാക്കള്‍ക്ക് പ്രായ പരിധി ബാധകമല്ല). അപകട സുരക്ഷാ പോളിസിയില്‍ കര്‍ഷകന്‍ അപകടം മൂലം മരിക്കുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്താല്‍ ഏഴ് ലക്ഷം രൂപവരെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുകയും മരിച്ച കര്‍ഷകരുടെ മക്കള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി 50,000 രൂപ വരെയുള്ള വിദ്യാഭ്യാസ ധനസഹായം ലഭിക്കുകയും ചെയ്യും.

ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയില്‍ 18 വയസ്സു മുതല്‍ 60 വയസ്സു വരെയുള്ള ക്ഷീരകര്‍ഷകര്‍ക്ക് ഒരു വര്‍ഷത്തേക്ക് ഒരു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ലഭിക്കുക. ഗോ സുരക്ഷാ പോളിസി മുഖേന കന്നുകാലികള്‍ക്ക് 70,000 രൂപ വരെ ലഭ്യമാകും. ഓരോ ഇനത്തിലും ചേരുന്നവര്‍ക്ക് പ്രീമിയത്തില്‍ നിയമാനുസൃത സബ്സിഡി അനുവദിക്കുന്നതോടൊപ്പം പ്രീമിയം തുകയിലേക്ക് ക്ഷീരസഹകരണ സംഘങ്ങള്‍ക്കും ഒരു വിഹിതം നല്‍കാവുന്നതാണ്.

ഇത്രയും ആനുകൂല്യങ്ങളാണ് പുതിയ സാമ്പത്തിക വര്‍ഷത്തോടെ കര്‍ഷകര്‍ക്ക് അന്യമായിരിക്കുന്നത്.

മലബാര്‍ കര്‍ഷകര്‍ക്കായി

അതേസമയം പാലുല്‍പ്പാദനം കുറയുന്നതുവഴി ക്ഷീര കര്‍ഷര്‍ക്കുണ്ടാകുന്ന നഷ്ടം നികത്താന്‍ വേനല്‍ക്കാലത്ത് ഇന്‍ഷുറന്‍സ് പരിരക്ഷയുമായി മലബാര്‍ മേഖലാ മില്‍മ മുന്നോട്ട് വന്നിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ സരള്‍ കൃഷി ബീമാ പദ്ധതി പദ്ധതി പ്രകാരമാണിത്. ഏപില്‍ മുതല്‍ മേയ് വരെയുള്ള ഒരു മാസക്കാലം കേരളത്തിലെ ക്ഷീര കര്‍ഷകര്‍ക്കായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ അഗ്രിക്കള്‍ച്ചര്‍ ഇന്‍ഷുറന്‍സ് കമ്പനി ഓഫ് ഇന്ത്യയും മില്‍മ-മലബാര്‍ റീജിയണും സംയുക്തമായാണ് സരള്‍ കൃഷി ബീമാ പദ്ധതി ആവിഷ്‌കരിച്ചത്.

പാലക്കാട്, വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ മലബാര്‍ മേഖലയിലെ ആറ് ജില്ലകളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കിയത്. ഏപ്രില്‍ - മേയ് മാസങ്ങളിലെ കഠിനമായ വേനല്‍ച്ചൂട് കാരണം പാലുല്‍പാദനത്തിലുണ്ടാകുന്ന കുറവിന് ഒരു ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഉപഗ്രഹ ഡാറ്റ ഉപയോഗപ്പെടുത്തിക്കൊണ്ട് അഗ്രിക്കള്‍ച്ചര്‍ ഇന്‍ഷുറന്‍സ് കമ്പനി കേരളത്തിലെ ക്ഷീര മേഖലയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്.

ഈ പദ്ധതി പ്രകാരം നിശ്ചിത പ്രീമിയം തുക സബ്സിഡി ഇനത്തില്‍ മലബാര്‍ സൊസൈറ്റിയിലെ ക്ഷീര കര്‍ഷകര്‍ക്കായി നല്‍കുന്നത്. പരമാവധി ഇന്‍ഷുറന്‍സ് തുക 2000 രൂപയാണ്. പ്രീമിയം തുക കണക്കാക്കുന്നത് ഇന്‍ഷുര്‍ തുകയുടെ നാല്-അഞ്ച് ശതമാനമാണ്. ഏകദേശം 15000 ത്തോളം ക്ഷീര കര്‍ഷകര്‍ ഇതിനോടകം ഈ പദ്ധതിയില്‍ അംഗങ്ങളായി ചേര്‍ന്നിട്ടുണ്ട്. ഒരു ക്ഷീര കര്‍ഷകന് ഈ പദ്ധതിയില്‍ ചേര്‍ക്കാവുന്ന പരമാവധി പശു-എരുമകളുടെ എണ്ണം 10 ആണ്. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്ന ഈ പദ്ധതി മറ്റു ജില്ലകളിലെ ക്ഷീര കര്‍ഷകരിലേക്കും വ്യാപിപിക്കും.

മലബാര്‍ മേഖലാ യൂണിയന് കീഴിലെ ക്ഷീര സംഘങ്ങളില്‍ പാല്‍ നല്‍കുന്ന ക്ഷീര കര്‍ഷകര്‍ക്കാണ് മില്‍മ പരിരക്ഷയ്ക്ക് മുന്നോട്ട് വന്നത്. അന്തരീക്ഷ താപനില നിശ്ചിത പരിധിക്ക് മുകളില്‍ ആറ് ദിവസമോ അതിന് മുകളിലോ തുടര്‍ച്ചയായി വന്നാല്‍ പദ്ധതിയില്‍ അംഗമായ കര്‍ഷകര്‍ക്കാണ് ഇന്‍ഷുറന്‍സ് തുക നല്‍കാന്‍ തീരുമാനമായിരുന്നത്.

പ്രീമിയം തുകയുടെ 50 ശതമാനം മലബാര്‍ മില്‍മ വഹിക്കും. 50 ശതമാനം കര്‍ഷകര്‍ വഹിക്കണമെന്നതായിരുന്നു നിബന്ധന. കറവയുള്ള പശുവിനെയും എരുമയെയും പദ്ധതിയില്‍ ഉള്‍പ്പെടുത്താം. ഈ പദ്ധതി ചെറിയ അളവിലെങ്കിലും ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസമേകുമെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു. ഇന്‍ഷുറന്‍സ് പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ക്ക് കര്‍ഷകര്‍ അതത് ക്ഷീര സംഘങ്ങളുമായി ബന്ധപ്പെടാമെന്നും മില്‍മ അറിയിച്ചിരുന്നു.

ക്ഷീര കര്‍ഷകനെ സംബന്ധിച്ച് ഏറ്റവും വലിയ തിരിച്ചടിയായത് ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ത്തലാക്കിയത് തന്നെയാണ്. വലിയൊരു കായിക അധ്വാനം തന്നെയാണ് പശുവളര്‍ത്തലിനുള്ളത്. പശുവളര്‍ത്തലില്‍ ഉയര്‍ന്നു നില്‍ക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ പോലും കര്‍ഷകന് സര്‍ക്കാര്‍ സേവനങ്ങള്‍ ആശ്വാസമാകേണ്ട സാഹചര്യത്തിലാണ് ഇന്‍ഷുറന്‍സ് ലഭിക്കാതിരിക്കുന്നതെന്നതും നമ്മള്‍ ശ്രദ്ധിക്കണം. അര്‍ഹമായ സേവനങ്ങളാണ് ഇത്തരത്തില്‍ നിര്‍ത്തലാക്കപ്പെടുന്നതെന്നതിനാല്‍ പശുവളര്‍ത്തലില്‍ നിന്ന് പിന്മാറാനാണ് നമ്മുടെ കര്‍ഷകര്‍ ശ്രമിക്കുക. കാര്‍ഷിക കേരളത്തിന് മുന്നോട്ട് പോകാന്‍ കര്‍ഷകരുടെ ആവശ്യങ്ങളറിഞ്ഞ് കൂടെ നില്‍ക്കേണ്ടത് അനിവാര്യമാണ്.

Tags:    

Similar News