2000 രൂപയ്ക്ക് ക്വാറിയിൽ തുടങ്ങിയ മൽസ്യകൃഷി; ഇന്ന് നേടുന്നത് പതിനായിരങ്ങൾ
- ക്വാറിയില്‍ മത്സ്യകൃഷി നടത്തി വിജയം കൊയ്ത എഴുപതുകാരന്‍ കെ കെ അബൂബക്കറിന്റെ കഥ
- . മത്സ്യങ്ങളെ ഏറെ ഇഷ്ടമായിരുന്ന മകന്റെ ആഗ്രഹത്തിനു വേണ്ടി മാത്രം തുടങ്ങിയ ഈ സംരംഭം ഇന്ന് അബൂബക്കറിന്റെ വരുമാന മാര്‍ഗമാണ്.
പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറയിലെ തിരുണ്ടി എന്ന ഗ്രാമത്തില്‍ അബൂബക്കറിന് പാരമ്പര്യമായി കിട്ടിയ സ്വത്ത്. അവിടെ ക്വാറി നടത്തി. പിന്നീട് ഉപയോഗ ശൂന്യമായ ഈ ക്വാറിയില്‍ നിന്നാണ് മത്സ്യകൃഷിയിലേക്കുള്ള ചിന്ത ആരംഭിക്കുന്നത്. മത്സ്യങ്ങളെ ഏറെ ഇഷ്ടമായിരുന്ന മകന്റെ ആഗ്രഹത്തിനു വേണ്ടി മാത്രം തുടങ്ങിയ ഈ സംരംഭം ഇന്ന് അബൂബക്കറിന്റെ വരുമാന മാര്‍ഗമാണ്.
ഗള്‍ഫില്‍ നിന്നു ക്വാറിയിലേക്ക്
നാട്ടില്‍ പല ജോലികളും ചെയ്ത് ഒടുക്കം ഗള്‍ഫിലേക്ക് പറന്ന അബൂബക്കറിന് അവിടെയും സാമ്പത്തികമായി നേട്ടം ഉണ്ടായില്ല. ആ സമയത്താണ് മകന്‍ മത്സ്യകൃഷിയുടെ ആലോചനയുമായി അബൂബക്കറിന്റെ മുന്നിലേക്കെത്തുന്നത്. അദ്ദേഹത്തിന് വലിയ താല്‍പ്പര്യം ഇല്ലാതിരുന്നിട്ടും മകന്‍ അതുമായി മുന്നോട്ടുപോയി. കുറച്ചുനാള്‍ കഴിഞ്ഞതും അബൂബക്കര്‍ ഗള്‍ഫിലെ ജോലി മതിയാക്കി നാട്ടിലേക്കെത്തുകയും ഒരു സ്ഥലത്ത് ഡ്രൈവറായി ജോലിക്കു കയറുകയും ചെയ്തു. അതിനിടെ അപസ്മാര രോഗിയായിരുന്ന മകന്‍ മരണപ്പെട്ടു. അതോടുകൂടി മത്സ്യകൃഷിയും പാതിവഴിയായി. മകന്റെ വിയോഗത്തോടെ തളര്‍ന്നുപോയ അബൂബക്കർ, ഒരു കൊല്ലത്തിനു ശേഷം വരുമാനത്തിനായി വീണ്ടും മത്സ്യകൃഷി പുനരാരംഭിക്കുകയായിരുന്നു.
മത്സ്യകൃഷിയിലെ അബൂബക്കർ ടച്ച്
ഒറ്റപ്പാലത്തുള്ള അബൂബക്കര്‍ മലമ്പുഴയില്‍ നിന്നും ചിറ്റൂരില്‍ നിന്നുമാണ് മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങുന്നത്. ആദ്യ മൂന്നുമാസം കുഞ്ഞുങ്ങളെ ഒരു ടാങ്കില്‍ നിക്ഷേപിക്കുന്നു. അവിടെ നിന്നും വലിയ മീനുകള്‍ ഉപദ്രവിക്കാത്ത രീതിയിലേക്ക് വളര്‍ന്നുകഴിഞ്ഞാല്‍ ക്വാറിയിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഇതിനുള്ള തീറ്റ പാലക്കാട് ഒലവക്കോടില്‍ നിന്നുമാണ് എത്തിക്കുന്നത്. മത്സ്യക്കുഞ്ഞുങ്ങള്‍ വളരുന്നതിനനുസരിച്ച് തീറ്റയിലും വ്യത്യാസം വരും. വാങ്ങുന്ന തീറ്റ കൂടാതെ വലിയ മത്സ്യങ്ങള്‍ക്ക് പച്ചക്കറിയുടെ അവശിഷ്ടങ്ങളും നല്‍കുന്നു.
മത്സ്യകൃഷിക്ക് സീസണ്‍ പ്രശ്‌നമല്ല. 365 ദിവസവും കൃഷി നടത്താം. കഠിനമായ വേനല്‍ക്കാലത്തും അടുത്തുള്ള തോട്ടില്‍ നിന്നും വെള്ളം ശേഖരിച്ചുകൊണ്ട് ഇവിടെ കൃഷി നടത്തുന്നു. രണ്ടു വര്‍ഷം കൂടുമ്പോള്‍ ക്വാറി വൃത്തിയാക്കുക പതിവാണ്. ഈ സമയത്തു മാത്രമാണ് മത്സ്യ കൃഷിക്ക് ഇടവേള നല്‍കുന്നത്.
ദിവസം അഞ്ച് മണിക്കൂര്‍ മാത്രമേ കൃഷിക്കു വേണ്ടി മാറ്റി വയ്‌ക്കേണ്ടതുള്ളൂ. രാവിലെ പച്ചക്കറിയുടെ അവശിഷ്ടങ്ങള്‍ അടുത്തുള്ള കടകളില്‍ നിന്നും എത്തിച്ച് തീറ്റ നല്‍കിക്കഴിഞ്ഞാല്‍ പിന്നെ അധികമൊന്നും സമയം ഇതിനായി മാറ്റിവയ്‌ക്കേണ്ടതില്ല.
ഫിലോപ്പിയ, കട്‌ല തുടങ്ങി അയ്യായിരത്തോളം മീനുകള്‍ ഇപ്പോള്‍ ഇവിടെ ഉണ്ട്.
നേട്ടം കൊയ്തത് കൊറോണക്കാലത്ത്
2015 ലാണ് ഈ മത്സ്യക്കൃഷി ആരംഭിച്ചതെങ്കിലും ഇതിനെ ഗൗരവമായി കണ്ടതും വലിയ നേട്ടം കൈവന്നതും കൊവിഡ് കാലത്താണെന്നാണ് അബൂബക്കര്‍ പറയുന്നത്. കടല്‍ മത്സ്യങ്ങളുടെ വില്പന കുറഞ്ഞപ്പോള്‍ അത് കൃഷിക്ക് നല്ല രീതിയില്‍ ഗുണം ചെയ്തു.
നേടാം നല്ല വരുമാനം
ഏഴു വര്‍ഷം മുമ്പ് രണ്ടായിരം രൂപാ മുതല്‍മുടക്കില്‍ തുടങ്ങിയ മത്സ്യകൃഷിയില്‍ നിന്നും ഇന്ന് പതിനയ്യായിരത്തോളം രൂപ ലാഭം കിട്ടുന്നുണ്ട്. ചെലവൊക്കെ കഴിച്ച് കൊല്ലത്തില്‍ രണ്ടുലക്ഷത്തോളം രൂപ വരുമാനമായി ലഭിക്കുന്നുണ്ട്. ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഇപ്പോള്‍ ഉപഭോക്താക്കളായിട്ടുള്ളത്. അടുത്ത പടിയായി മത്സ്യങ്ങള്‍ വില്‍ക്കുന്ന ഒരു കട തുടങ്ങാനുള്ള ആലോചനയിലാണ് അദ്ദേഹം. അതുവഴി ഇതിനേക്കാള്‍ വരുമാനം നേടാം എന്ന പ്രതീക്ഷയും ഉണ്ട്.
ഉപഭോക്താക്കള്‍ കുറവാണെങ്കിലും ആഴ്ചയില്‍ 25 കിലോ മത്സ്യം വിറ്റുപോകുന്നുണ്ട്. 100 രൂപാ മുതല്‍ 130 രൂപാ വരെയാണ് ഒരു കിലോ മീനിന്റെ വിലയായി ഈടാക്കുന്നത്. ഇതില്‍ ചെറിയ ഏറ്റക്കുറച്ചിലുകള്‍ വരാം. എങ്കിലും കുറഞ്ഞ ചെലവില്‍ നല്ല വരുമാനം നേടാന്‍ ഇതുവഴി സാധിക്കുന്നുണ്ട്.
വേറൊരു വരുമാനവും ഇല്ലാതെ വഴിമുട്ടിയ അവസ്ഥയില്‍ അബൂബക്കറിന് ജീവനും ജീവിതവുമായത് മത്സ്യകൃഷിയാണ്. മറ്റേതു കൃഷിയേക്കാളും ലാഭം തനിക്കിതില്‍ നിന്നും ലഭിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.