യാത്രാ വാഹന വിപണി നഷ്ടത്തില്‍
ചിപ്പ് ക്ഷാമം മൂലം കമ്പനികളുടെ ഉത്പാദന നഷ്ടം തുടരുന്നതിനാല്‍ ആഭ്യന്തര യാത്രാ വാഹനങ്ങളുടെ റീട്ടെയിൽ വില്‍പ്പന ഫെബ്രുവരിയില്‍ എട്ട് ശതമാനം ഇടിഞ്ഞു.
ഡെല്‍ഹി: ചിപ്പ് ക്ഷാമം മൂലം കമ്പനികളുടെ ഉത്പാദന നഷ്ടം തുടരുന്നതിനാല്‍ ആഭ്യന്തര യാത്രാ വാഹനങ്ങളുടെ റീട്ടെയിൽ വില്‍പ്പന ഫെബ്രുവരിയില്‍ എട്ട് ശതമാനം ഇടിഞ്ഞു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ 2,58,337 യൂണിറ്റ് വില്‍പ്പനയുണ്ടായിരുന്ന പാസഞ്ചര്‍ വാഹന വില്‍പ്പന ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ 2,38,096 യൂണിറ്റായി.
മെച്ചപ്പട്ട ഉത്പാദനം കാരണം, പാസഞ്ചര്‍ വെഹിക്കിള്‍ വിഭാഗത്തില്‍ നേരിയ ആശ്വസമുണ്ടെങ്കിലും ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റാന്‍ ഇത് പര്യാപ്തമല്ലെന്ന് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് സംഘടനയായ ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസ്സോസ്സിയേഷന്‍ പ്രസിഡന്റ് എഫ്എഡിഎ പ്രസിഡന്റ് വിങ്കേഷ് ഗുലാത്തി പറഞ്ഞു.
അതേസമയം, റഷ്യ-യുക്രെയ്ന്‍ യുദ്ധം സെമികണ്ടക്ടറുകളുടെ ഉത്പപാദനത്തെ കൂടുതല്‍ ബാധിക്കുമെന്ന് സംഘടന മുന്നറിയിപ്പ് നല്‍കി.
അപൂര്‍വ്വ- ലോഹങ്ങളുടെ, പ്രത്യേകിച്ച് സെമികണ്ടക്ടറുകള്‍ക്കാവശ്യമായ പല്ലാഡിയം ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് റഷ്യ. മറുവശത്ത് സെമികണ്ടക്ടറുകളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന നിയോണ്‍ വാതകത്തിന്റെ ഏറ്റവും വലിയ ഉത്പാദകരും കയറ്റുമതിക്കാരും യുക്രെയ്‌നാണ്.
"ഒരു പക്ഷെ നിലവിലെ സാഹചര്യങ്ങള്‍ സെമി കണ്ടക്ടറുകളുടെ ക്ഷാമം സൃഷ്ടിച്ചേക്കാമെന്ന് ഞങ്ങള്‍ ഭയക്കുന്നു. പാസഞ്ചര്‍ വാഹനങ്ങളുടെ അധിക വിതരണത്തില്‍ ഇത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും" അദ്ദേഹം പറഞ്ഞു. 2021 ഫെബ്രുവരിയിലെ 11,00,754 യൂണിറ്റുകളെ അപേക്ഷിച്ച് കഴിഞ്ഞ മാസം ഇരുചക്രവാഹന വില്‍പ്പന 10.67 ശതമാനം കുറഞ്ഞ് 9,83,358 യൂണിറ്റായി.
വിലക്കയറ്റം ഈ വിഭാഗത്തിലെ വില്‍പ്പനയില്‍ ഇടിവുണ്ടാക്കിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്രാക്ടര്‍ വില്‍പ്പന കഴിഞ്ഞ മാസം 50,304 യൂണിറ്റായിരുന്നു. എന്നാല്‍ ഇത് 2021 ഫെബ്രുവരിയിലെ 62,004 യൂണിറ്റില്‍ നിന്ന് 18.87 ശതമാനം കുറയുകയാണ് ഉണ്ടായത്. പോയ വര്‍ഷം ഫെബ്രുവരിയിലെ 15,13,894 യൂണിറ്റുകളില്‍ നിന്ന് കഴിഞ്ഞ മാസത്തെ വിഭാഗങ്ങളിലെ മൊത്തം വില്‍പ്പന 9.21 ശതമാനം ഇടിഞ്ഞ് 13,74,516 യൂണിറ്റുകളായി.
ക്രൂഡോയില്‍ വില 110 ഡോളര്‍ കടന്നതോടെ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില അധികകാലം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിന് കഴിയില്ലെന്നും ഇരുചക്രവാഹന വില്‍പ്പനയെ ഇത് പ്രതികൂലമായി ബാധിക്കുമെന്നുമെന്നാണ് വിലയിരുത്തല്‍.