വിപണി തുറക്കും മുമ്പ് അറിയേണ്ടത് (ഒക്ടോബര്‍ 10)

ആഗോള വിപണി നീക്കം നിഫ്റ്റിക്കു ദിശയാകും

Update: 2024-10-10 02:06 GMT

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പലിശനിരക്ക് മാറ്റമില്ലാതെ നിര്‍ത്താനുള്ള തീരുമാനം ഇ്ന്ത്യന്‍ വിപണിക്ക് അത്രി രസിച്ചിട്ടില്ല. നയം വരുന്നതിനു മുമ്പ് മുന്നൂറോളം പോയിന്റ് മെച്ചപ്പെട്ടു നിന്ന വിപണി അതിനുശേഷം താഴേയ്ക്കു നീങ്ങുകയും ചുവപ്പില്‍ ക്ലോസ് ചെയ്യുകയുമായിരുന്നു. ഇന്ന വിപണി അവലംബിക്കുക ആഗോള നീക്കങ്ങളെയായിരിക്കും. ഇന്ന് രാവിലെ ഏഷ്യന്‍ വിപണികള്‍ മെച്ചപ്പെട്ടാണ് തുടങ്ങിയിട്ടുള്ളത്. ഇന്നലെ യുഎസ് ഡൗ ജോണ്‍സ് റിക്കാര്‍ഡ് ഉയരത്തിലാണ് ക്ലോസ് ചെയ്തതത്. ഇതിന്റെ ചുവടുപിടിച്ചായിരിക്കും ഇന്ത്യന്‍ വിപണിയുടെ നീക്കവും.

ആര്‍ബിഐ പണനയം: റീപോ നിരക്ക് മാറ്റമില്ലാതെ 6.5 ശതമാനത്തില്‍ നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. വിപണിയുടെ പ്രതീക്ഷയും അതു തന്നെയായിരുന്നു. എങ്കിലും എന്നു മുതല്‍ പലിശ കുറയ്ക്കും എന്ന സൂചന പണനയത്തില്‍നിന്നു വിപണി പ്രതീക്ഷിച്ചിരുന്നു. ആര്‍ബിഐ ന്യൂട്രല്‍ പൊസീഷനിലേക്കു മാറി എന്നു മാത്രമാണ് പറഞ്ഞിട്ടുള്ളത്. ജിഡിപി വളര്‍ച്ച നടപ്പുവര്‍ഷം 7.2 ശതമാനം വളര്‍ച്ച നേടുമെന്ന പഴയ അനുമാനം തന്നെ നിലനിര്‍ത്തിയിട്ടുണ്ട്. സെപ്റ്റംബറില്‍ പണപ്പെരുപ്പം ഉയരുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

പണനയ മീറ്റിംഗിന്റെ മിനിറ്റ്‌സ് ഒക്ടോബര്‍ 23-ന് പ്രസിദ്ധീകരിക്കും. അടുത്ത മീറ്റിംഗ് ഡിസംബര്‍ 4-6 തീയതികളിലാണ്. അതില്‍ പലിശ സംബന്ധിച്ച വ്യക്തത ലഭിക്കുകയോ വെട്ടിക്കുറയ്ക്കല്‍ ആരംഭിക്കുകയോ ചെയ്യും. കാരണം ലോകം മുഴുവന്‍ പലിശ കുറയ്ക്കല്‍ സൈക്കിളിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.

ആഗോള കേന്ദ്ര ബാങ്കുകളുടെ നയം മാറ്റത്തിനനുസൃതമായി ന്യൂസിലാന്‍ഡ് പലിശനിരക്കില്‍ അര ശതമാനം വെട്ടിക്കുറവു വരുത്തി. ഇതോടെ നയപലിശനിരക്ക് 5.25 ശതമാനത്തില്‍നിന്ന് 4.75 ശതമാനമായി. ാേഗസ്റ്റില്‍ ന്യൂസിലന്‍ഡ് കാല്‍ ശതമാനം പലിശ കുറച്ചിരുന്നു. സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉത്തേജനം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ന്യൂസിലന്‍ഡ് പലിശ കുറച്ചത്. സെപ്റ്റംബറില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് അര ശതമാനം പലിശ കുറച്ചിരുന്നു. സ്വിസ് കേന്ദ്ര ബാങ്ക മൂന്നാഴ്ച മുമ്പ് കാല്‍ ശതമാനം പലിശ കുറച്ചിരുന്നു. ഈ വര്‍ഷം രണ്ടു തവണ പലിശ വെട്ടിക്കുറിച്ച യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് മൂന്നാമത്തെ പലിശ വെട്ടിക്കുറയക്കലിനെക്കുറിച്ച് ആലോചിക്കുവാന്‍ ഒക്ടോബര്‍ 17-ന് യോഗം ചേരുന്നുണ്ട്.

ഇന്ത്യന്‍ വിപണി ഇന്നലെ

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പണനയത്തില്‍ പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തിയതിനെത്തുടര്‍ന്ന് വ്യാപാരത്തിന്റെ അവസാന ഭാഗത്ത് ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിയ തോതില്‍ താഴ്ന്ന ക്ലോസിംഗ് രേഖപ്പെടുത്തി. ഉയര്‍ന്ന തലത്തില്‍ വില്‍പ്പനയാണ് വിപണിയില്‍ കണ്ടത്.

ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യ ബഞ്ച്മാര്‍ക്ക് സൂചികയായി കണക്കാക്കുന്ന നിഫ്റ്റി ദിവസത്തില്‍ മുന്നൂറോളം പോയിന്റ് ഉയര്‍ന്നുവെങ്കിലും അവസാന മണിക്കൂറില്‍ വന്‍ വില്‍പ്പന ഉണ്ടാവുകയായിരുന്നു. നിഫ്റ്റി സൂചിക 31.20 പോയിന്റ് (0.12 ശതമാനം ) താഴ്ന്ന് 24981.65 പോയിന്റില്‍ ക്ലോസ് ചെയ്തു. ഒരു ദിവസത്തിനുശേഷം നിഫ്റ്റി വീണ്ടും 25000 പോയിന്റിനു താഴെ ക്ലോസ് ചെയ്തിരിക്കുകയാണ്.

ഇന്നലെ വിവിധ മേഖലകള്‍ സമ്മിശ്ര പ്രകടനമാണ് കാഴ്ച വച്ചത്. ഐടി, ഓട്ടോ, ഹെല്‍ത്ത്‌കെയര്‍, കാപ്പിറ്റല്‍ ഗുഡ്‌സ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് തുടങ്ങിയ മേഖലകളെല്ലാം ഇന്നലെ സജീവമായിരുന്നു. ബാങ്ക്‌നിഫ്റ്റി നേരിയ തോതില്‍ താഴന്നാണ് ക്ലോസ് ചെയ്തത്. ചൊവ്വാഴ്ച വന്‍ ഇടിവു കാണിച്ച മെറ്റല്‍ മേഖല ഇന്നലെയും താഴ്ന്നു. എഫ്എംസിജി, ഗ്യാസ് ആന്‍ഡ് ഓയില്‍ തുടങ്ങിയവയെല്ലാം നന്നായി ഇടിവു കാണിച്ചു.

ഇന്ത്യന്‍ ഓഹരി വിപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്സ് സൂചിക ഇന്നലെ 167.71 പോയിന്റ് (0.21 ശതമാനം) താഴ്ന്ന് 81467.1 പോയിന്റില്‍ ക്ലോസ് ചെയ്തു.

നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും

25250 പോയിന്റ് മറികടക്കുവാന്‍ നിഫ്റ്റി വളരെ പ്രയാസപ്പെടുകയാണ്. 25250 പോയിന്റിനു മുകളിലേക്കു ശക്തമായ നിലയില്‍ വന്നാല്‍ മാത്രമേ പുതിയ ഉയരങ്ങളിലേക്കു നീങ്ങുവാന്‍ നിഫ്റ്റിക്കു സാധിക്കുകയുള്ളു. ഇന്നലെ 25000 പോയിന്റിനു താഴേയ്ക്കു വീണ്ടും നീങ്ങിയ നിഫ്റ്റി ഇന്നു മെച്ചപ്പെടുകയാണെങ്കില്‍ 25250 പോയിന്റില്‍ ശക്തമായ റെസിസ്റ്റന്‍സ് ഉണ്ട്. ഇതിനു മുകളിലേക്കു നീങ്ങുകയാണെങ്കില്‍ 25520 പോയിന്റ് വരെയെത്താം. 25750 പോയിന്റില്‍ ശക്തമായ റെസിസ്റ്റന്‍സ് നിലനില്‍ക്കുകയാണ്.

നിഫ്റ്റിയില്‍ തിരുത്തലുണ്ടായാല്‍ 24700-24750 തലത്തില്‍ ശക്തമായ പിന്തുണയുണ്ട്. അതിനു താഴേയ്ക്കു പോയാല്‍ 24660 പോയിന്റിലും 24500 പോയിന്റിലും പിന്തുണ കിട്ടും.

നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ഇന്നലെ 42.01 ആണ്. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓവര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.

ബാങ്ക് നിഫ്റ്റി: ചൊവ്വാഴ്ച 51000 പോയിന്റിനു മുകളിലേക്കു എത്തിയ ബാങ്ക് നിഫ്റ്റി ഇന്നലെയും അതിനു മുകളില്‍തന്നെ ക്ലോസ് ചെയ്തു.ബാങ്ക് നിഫ്റ്റി 14 പോയിന്റ് താഴ്ന്ന് 51007 പോയിന്റില്‍ ക്ലോസ് ചെയ്തു. ഇന്നലെ 51707.15 പോയിന്റ് വരെ ഉയര്‍ന്നതിനുശേഷമാണ് ബാങ്ക് നിഫ്റ്റി നെഗറ്റീവായാണ് ക്ലോസ് ചെയ്തത്.

ബാങ്ക് നിഫ്റ്റി ഇന്നു മെച്ചപ്പെടുകയാണെങ്കില്‍ 51350 പോയിന്റിലും തുടര്‍ന്ന് 51750 പോയിന്റിലും റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. അടുത്ത റെസിസ്റ്റന്‍സ് 52360 പോയിന്റും 52610 പോയിന്റുമാണ്.52820 പോയിന്റ് അതിശക്തമായ റെസിസ്റ്റന്‍സ് പോയിന്റായി മാറിയിരിക്കുകയാണ്.

മറിച്ച് ബാങ്ക് നിഫ്റ്റി താഴേയ്ക്കു നീങ്ങുകയാണെങ്കില്‍ 50450 പോയിന്റിലും തുടര്‍ന്ന് 50200 പോയിന്റിലും പിന്തുണ ലഭിക്കും. ബാങ്ക് നിഫ്റ്റിയുടെ അടുത്ത പിന്തുണ 49650 പോയിന്റിലാണ്.

ബാങ്ക് നിഫ്റ്റി ആര്‍എസ്ഐ 39.9 ആണ്. ബാങ്ക് നിഫ്റ്റി ന്യൂട്രല്‍ സോണില്‍ നീങ്ങുകയാണ്.

ഗിഫ്റ്റ് നിഫ്റ്റി

ഇന്ത്യന്‍ നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഡെറിവേറ്റീവായ ഗിഫ്റ്റ് നിഫ്റ്റി ഇന്ത്യന്‍ വിപണി തുറക്കുന്നതിനു മുമ്പുള്ള സ്ഥിതിയെക്കുറിച്ചുള്ള സൂചന നല്‍കുന്നു. ഗിഫ്റ്റ് നിഫ്റ്റി 15 പോയിന്റ് മെച്ചപ്പെട്ടാണ് ഇന്നു രാവിലെ ഓപ്പണ്‍ ചെയ്തിട്ടുള്ളത്. ആഗോള വപണി ഫ്യൂച്ചേഴ്‌സ് സമ്മിശ്രമാണ്.

ഇന്ത്യ വിക്സ്

ഇന്ത്യ വികസ് ഇന്നലെ 3.19 ശതമാനം താഴ്ചയോടെ 14.12 പോയിന്റിലെത്തി. ചൊവ്വാഴ്ചയിത് 14.59 ആയിരുന്നു. വിക്സ് ഉയരുന്നതിനനുസരിച്ച് വിപണിയിലെ അനിശ്ചിതത്വവും റിസ്‌കും ഉയരും. അടുത്ത 30 ദിവസത്തെ വിപിണി വ്യതിയാനത്തെ സൂചിപ്പിക്കുന്നതാണ് ഇന്ത്യ വിക്സ്.

നിഫ്റ്റി പുട്ട്-കോള്‍ റേഷ്യോ: വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ നിഫ്റ്റി പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) ഇന്നലെ 0.72-ലേക്ക് താഴ്ന്നു. ചൊവ്വാഴ്ചയിത് 0.74 ആയിരുന്നു. വിപണി ഏതാണ്ട് ബെയറീഷ് മൂഡിലേക്ക് മാറുകയാണെന്ന സൂചനയാണ് ഇതു നല്‍കുന്നത്.

പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.

വിദേശനിക്ഷേപക സ്ഥാപനങ്ങള്‍

ഒക്ടോബറിലെ എല്ലാ വ്യാപാരദിനങ്ങളിലും വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനക്കാരായിരുന്നു. ഇന്നലത്തെ നെറ്റ് വില്‍പ്പന 4562.71 കോടി രൂപയാണ്. ഇന്നലെ അവര്‍ 11726.26 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 16288.97 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു. ഇതോടെ ഒക്ടോബര്‍ ഒമ്പതുവരെയുള്ള നെറ്റ് വില്‍പ്പന 49305.29 കോടി രൂപയായി ഉയര്‍ന്നു.

അതേസമയം ഇന്ത്യന്‍ നിക്ഷേപക സ്ഥാപനങ്ങളുടെ ഒക്ടോബറിലെ നെറ്റ് വാങ്ങല്‍ അമ്പതിതനായിരം കോടി കവിഞ്ഞു. ഇന്നലെ അവര്‍ 3508.61 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തി. ഇന്നലെ അവര്‍ 14841.81 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും11333.2 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു. ഒക്ടോബര്‍ 9 വരെയുള്ള നെറ്റ് വാങ്ങല്‍ 50183 കോടി രൂപയിലേക്ക് ഉയര്‍ന്നു.

ഇന്ത്യന്‍ എഡിആറുകള്‍

ഇന്ത്യന്‍ എഡിആറുകളില്‍ സമ്മിശരമായിട്ടാണ് ക്ലോസ് ചെയ്തതത്. ഐടി ഓഹരിയായ വിപ്രോ 0.78 ശതമാനം മെച്ചപ്പെട്ടപ്പോള്‍ ഇന്‍ഫോസിസ് 0.21 താഴ്ന്നു. ഐസിഐസിഐ ബാങ്ക് 0.17 ശതമാനം മെച്ചപ്പെട്ടപ്പോള്‍ എച്ച് ഡിഎഫ്സി ബാങ്ക് 0.68 ശതമാനം താഴ്ന്നു ക്ലോസ് ചെയ്യുകയും ചെയ്തു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 1.34 ശതമാനവും മേക്ക് മൈ ട്രിപ് 0.54 ശതമാനവും ഡോ. റെഡ്ഡീസ് 0.01 ശതമാനവും നേട്ടത്തില്‍ ക്ലോസ് ചെയ്തു. എന്നാല്‍ യാത്രാ ഓണ്‍ലൈന്‍ മാറ്റമില്ലാതെ തുടര്‍ന്നു.

യുഎസ് വിപണി സൂചികകള്‍

ഇന്നു പണപ്പെരുപ്പക്കണക്കുകള്‍ വരാനിരിക്കേ ഇന്നലെ യുഎസ് വിപണി സൂചികകള്‍ കുതിച്ചുയര്‍ന്നു. ടെക് ഓഹരികളെല്ലാം മെച്ചപ്പെട്ടതും വിപണിക്ക് ഊര്‍ജമായി. ഇന്നലെ ഡൗ ജോണ്‍സ് ഇന്‍ഡസട്രിയല്‍സ് ഇന്നലെ 431.63 പോയിന്റ് (1.03 ശതമാനം) കുതിച്ച് 42512. പോയിന്റില്‍ ക്ലോസ് ചെയ്തു. ഇതു റിക്കാര്‍ഡ് ക്ലോസിംഗാണ്. സെപ്റ്റംബര്‍ 27-ന് സൃഷ്ടിച്ച 42628.32 പോയിന്റാണ് ഡൗ ജോണ്‍സിന്റെ റിക്കാര്‍ഡ് ഉയരം.

ടെക് സൂചികയായ നാസ്ഡാക് കോമ്പോസിറ്റ് 108.70 പോയിന്റും (0.60 ശതമാനം) എസ് ആന്‍ഡ് പി 500 സൂചിക 40.91 പോയിന്റും (0.71 ശതമാനം) നേട്ടത്തില്‍ ക്ലോസ് ചെയ്തു.

യൂറോപ്യന്‍ വിപണികള്‍ എല്ലാം തന്നെ ഇന്നലെ പോസീറ്റീവായാണ് ക്ലോസ് ചെ.യതത്. എഫ്ടിഎസ്ഇ യുകെ 53.13 പോയിന്റും (0.65 ശതമാനം) സിഎസി ഫ്രാന്‍സ് 38.77 പോയിന്റും (0.52 ശതമാനം) ജര്‍മന്‍ ഡാക്സ് 188.46 പോയിന്റ്ും (0.99 ശതമാനം) ഇറ്റാലിയന്‍ എഫ്ടിഎസ്ഇ എംഐബി 199.13 പോയിന്റും (0.59 ശതമാനം) മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തത്. ഇന്നു രാവിലെ യുഎസ്, യൂറോപ്യന്‍ ഫ്യൂച്ചേഴ്സ് പോസീറ്റീവായാണ് നീങ്ങുന്നത്.

ഏഷ്യന്‍ വിപണികള്‍: ജാപ്പനീസ് നിക്കി ഇന്നലെ 340 പോയിന്റ് മെച്ചത്തിലാണ് ക്ലോസ് ചെയ്തത്. ഇന്നു രാവിലെ 200 പോയിന്റോളം മെച്ചപ്പെട്ട് ഓപ്പണ്‍ ചെയ്ത് നിക്കി ഒന്നര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ 165.32 പോയിന്റ് മെച്ചത്തിലാണ്. കൊറിയന്‍ കോസ്പി 12.54 പോയിന്റ് മെച്ചപ്പെട്ട് നീങ്ങുകയാണ്.

കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ഇടിവു കാണിച്ച ഹാംഗസെംഗ് സൂചിക. ഇന്നു രാവിലെ 498.1 പോയിന്റ് മെച്ചപ്പെട്ട് ഓപ്പണ്‍ ചെയ്തിരിക്കുകയാണ്. എന്നാല്‍ ചൈനീസ് ഷാങ്ഹായി കോമ്പോസിറ്റ് സൂചിക ഇന്നു രാവിലെ നേരിയ പോയിന്റ് മെച്ചപ്പെട്ട് ഓപ്പണ്‍ ചെയ്തിട്ടുണ്ട്.

കമ്പനി വാര്‍ത്തകള്‍

രണ്ടാം ക്വാര്‍ട്ടര്‍ ഫലങ്ങള്‍: ടിസിഎസ്, ടാറ്റ എല്‍ക്‌സി, ഐആര്‍ഇഡി, ഡെന്‍ നെറ്റ് വര്‍ക്‌സ്, ജിഎം ബ്രൂവറീസ്. ആനന്ദ് റാഥി വെല്‍ത്ത്, ആര്‍ക്കേഡ് ഡെവലപ്പേഴ്‌സ്, അശോക മെറ്റാകാസ്റ്റ് , എന്‍ബി ഫുട് വേര്‍ തുടങ്ങി 14 കമ്പനികള്‍ ഇന്നു ഫലം പുറത്തുവിടും.

ക്രൂഡോയില്‍ വില

ആഗോള രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്കിടയിലും (ഇസ്രായേല്‍- ഇറാന്‍ സംഘര്‍ഷം) ക്രൂഡോയില്‍ സപ്ലൈയില്‍ യാതൊരു തടസവുമുണ്ടാവാത്തത് ക്രൂഡോയില്‍ വിലയില്‍ സമ്മര്‍ദ്ദം തുടരവേ ക്രൂഡ് ശേഖരം ഒക്ടോബര്‍ നാലിന് അവസാനിച്ച വാരത്തില്‍ 5.8 ദശലക്ഷം ബാരല്‍ കണ്ടു വര്‍ധിച്ചുവെന്ന യുഎസ് എനര്‍ജി ഇന്‍ഫോമേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ ( ഇഐഎ) കണക്കുകളും ഇന്നലെ ക്രൂഡോയില്‍ വില ഇടിച്ചു. തലേ വാരത്തിലേക്കാള്‍ 3.9 ദശലക്ഷം ബാരല്‍ കൂടുതലാണിത്.

ഇന്നു രാവിലെ ബ്രെന്റ് ക്രൂഡോയില്‍ ബാരലിന് 76.96 ഡോളറാണ്. ബുധനാഴ്ച രാവിലെ 77.61 ഡോളറായിരുന്നു. ഇന്നു രാവിലെ ഡബ്ള്യുടിഐ ബാരലിന് 73.60 ഡോളറുമാണ്. ചൊവ്വാഴ്ചയിത് 73.99 ഡോളറായിരുന്നു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ക്രൂഡ് വില കയറുന്നത് നെഞ്ചിടിപ്പിക്കുന്ന സംഗതിയാണ്. ബാരലിന് 10 ഡോളര്‍ കൂടിയാല്‍ പണപ്പെരുപ്പത്തില്‍ 0.3 ശതമാനം വര്‍ധനയുണ്ടാകും. കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 0.43 ശതമാനം കണ്ടു വര്‍ധിക്കുകയും ചെയ്യും.

ഇന്ത്യന്‍ രൂപ ഇന്നലെ

രൂപ ഇന്നലെ മാറ്റമില്ലാതെ ഡോളറിന് 83.96 ആയി തുടര്‍ന്നു. ചൊവ്വാഴ്ചയും 83.96 രൂപയായിരുന്നു ഡോളറിന്റെ വില. റിസര്‍വ് ബാങ്കിന്റെ ശക്തമായ പിന്തുണയാണ് ഡോളറിനെ് 84 രൂപയിലെത്തുന്നതില്‍നിന്നു തടഞ്ഞുനിര്‍ത്തുന്ന്ത്. .

രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടുകയും പണപ്പെരുപ്പ ഇറക്കുമതിക്കു കാരണവുമാകുകയും ചെയ്യും. പ്രത്യേകിച്ചും രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.

Tags:    

Similar News