ജൂണ്‍ വരെ ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കാനിടയില്ല: ഡച്ച് ബാങ്ക്
- ആര്‍ബിഐ-യുടെ നീക്കം ഫെഡ് തീരുമാനങ്ങളെ ആശ്രയിച്ചാകും
- 2025ന്റെ തുടക്കത്തോടെ റിപ്പോ നിരക്ക് 5.50 ശതമാനമായി കുറയുമെന്ന് നിഗമനം
റിസർവ് ബാങ്കിന്റെ നേതൃത്വത്തിലുള്ള ധനനയ സമിതി (എംപിസി) അടുത്ത വർഷം ജൂൺ വരെ റിപ്പോ നിരക്കുകൾ മാറ്റാൻ സാധ്യതയില്ലെന്ന് ഒരു വിദേശ ബ്രോക്കറേജ് റിപ്പോർട്ട്. ദ്വൈമാസ എംപിസി യോഗം ബുധനാഴ്ച ആരംഭിച്ച സാഹചര്യത്തിലാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുനനത്. നിരക്ക് സംബന്ധിച്ച തീരുമാനം വെള്ളിയാഴ്ച എംപിസി യോഗം പൂര്‍ത്തിയായ ശേഷം പ്രഖ്യാപിക്കും.
പലിശ നിരക്ക് ചക്രം പൂര്‍ത്തിയായെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അത്യാവശ്യ സാഹചര്യത്തില്‍ അല്ലാതെ കൂടുതൽ വർധനവിലേക്ക് നീങ്ങില്ലെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. കഴിഞ്ഞ ഫെബ്രുവരി 23നാണ് ആർബിഐ റിപ്പോ നിരക്ക് 6.5 ശതമാനമായി ഉയർത്തിയത്.
ആർബിഐ കർശനമായ പണലഭ്യത നിലനിർത്തുന്നത് തുടരുന്നതിനാൽ, ഹ്രസ്വകാല വായ്പാ നിരക്കുകൾ 6.85-6.9 ശതമാനത്തിലാണ്. ഇത് റിപ്പോ നിരക്കിനേക്കാൾ 35-40 ബിപിഎസ് കൂടുതലാണ്.
" റിപ്പോ നിരക്ക് 2024-ൽ 75 ബിപിഎസും 2025-ന്റെ തുടക്കത്തിൽ മറ്റൊരു 25 ബിപിഎസും കുറയ്ക്കുമെന്ന് ഞങ്ങള്‍ വിലയിരുത്തുന്നു. നേരത്തെ, 2024 ഏപ്രിൽ മുതൽ റിപ്പോ നിരക്ക് 100 ബിപിഎസ് കുറയ്ക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു, എന്നാൽ യുഎസ് ഫെഡ് റിസര്‍വ് 2024 ജൂൺ മുതൽ നിരക്ക് കുറയ്ക്കാനാണ് സാധ്യത, അതിനാല്‍ ഇന്ത്യയിലെ നിരക്ക് കുറയ്ക്കൽ സൈക്കിളിന്റെ ആരംഭത്തെ കുറിച്ചുള്ള നിഗമനവും ഞങ്ങൾ 2024 ജൂണിലേക്ക് മാറ്റി," വിശകലന വിദഗ്ധർ പറഞ്ഞു.
2025 ന്റെ തുടക്കത്തോടെ റിപ്പോ നിരക്ക് 5.50 ശതമാനമായി കുറയുമെന്നാണ് റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നത്. എന്നിരുന്നാലും, 2024ന്റെ തുടക്കത്തിൽ ഫെഡ് റിസര്‍വ് നിരക്ക് വർദ്ധനയ്‌ക്ക് പോകുകയോ അല്ലെങ്കിൽ അടുത്ത വർഷം മുഴുവനും നിരക്ക് കുറയ്ക്കാതിരിക്കുകയോ ചെയ്താല്‍, അത് ആർബിഐയുടെ നിരക്ക് കുറയ്ക്കൽ സൈക്കിൾ വൈകിപ്പിച്ചേക്കാം.
ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഇപ്പോഴുള്ളതിന്‍റെ ഇരട്ടിയായി 7 ട്രില്യൺ ഡോളറില്‍ എത്തുമെന്നും പ്രതിശീർഷ വരുമാനം 2030 ഓടെ 4,500 ഡോളറായി ഉയരുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ ദശാബ്ദത്തിന്റെ അവസാനത്തിന് മുമ്പുതന്നെ, ജപ്പാനെയും ജർമ്മനിയെയും പിന്തള്ളി ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാൻ സാധ്യതയുണ്ടെന്ന് വിശകലന വിദഗ്ധർ പറഞ്ഞു.
എന്നിരുന്നാലും, നിലവിലെ കർശനമായ പലിശ സാഹചര്യം കണക്കിലെടുത്ത് ഡച്ച് ബാങ്ക് അടുത്ത രണ്ടുവര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചാ നിഗമനം കുറച്ചിട്ടുണ്ട്. 2024-25, 2025-26 വര്‍ഷങ്ങളില്‍ യഥാക്രമം 6.3 ശതമാനമായും 6.2 ശതമാനമായും വളര്‍ച്ച കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം 6.8 ശതമാനം വളര്‍ച്ച നേടുമെന്നാണ് നിഗമനം.