പേടിഎം വാലറ്റ് വില്പനക്ക്; നോട്ടമിട്ട് എച്ച്‌ഡിഎഫ്‌സി, ജിയോ ഫിൻ
- ജിയോ ഫിൻ ഓഹരികൾ 15 ശതമാനത്തിലധികം ഉയർന്നു
- പേടിഎം ഓഹരികളിൽ വൻ ഇടിവ്
- വാലറ്റ് ബിസിനസ്സ് വാങ്ങാൻ താൽപ്പര്യമുള്ള നിക്ഷേപകരുമായി പേടിഎം ചർച്ചകൾ നടത്തി വരുന്നു
പേടിഎം വാലറ്റ് ബിസിനസ്സ് ഏറ്റെടുക്കുന്നതിനുള്ള നീക്കത്തിലാണ് എച്ച്‌ഡിഎഫ്‌സി ബാങ്കും ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡും (ജെഎഫ്എസ്). വാർത്തകളെ തുടർന്ന് ജിയോ ഫിനാൻഷ്യൽസിന്റെ ഓഹരികൾ 15 ശതമാനത്തിലധികം ഉയർന്ന് സർവകാല ഉയരത്തിലെത്തി. എച്ച്‌ഡിഎഫ്‌സി ബാങ്ക് ഓഹരികൾ നേരിയ മുന്നേറ്റവും നടത്തി. എന്നാണ് പേടിഎം ഓഹരികൾ ലോവർ സർക്യൂട്ടായ 10 ശതമാനത്തിൽ ലോക്ക് ചെയ്തു. തുടർച്ചയായ് മൂന്ന് ്ദിവസം ഇടിവിലായ ഓഹരികൾ 43 ശതമാനം നഷ്ടമാണ് ഓഹരിയുടമകൾക്ക് നൽകിയത്.
ജിയോ പേയ്‌മെൻ്റ് ബാങ്ക് എന്ന സംയുക്ത സംരംഭം (ജെവി) ഉള്ള കമ്പനിയാണ് ജിയോ ഫിനാൻഷ്യൽ സർവീസസ്. ജിയോ ഇൻഷുറൻസ് ബ്രോക്കിംഗ് (ജെഐബിഎൽ), ജിയോ പേയ്‌മെൻ്റ് സൊല്യൂഷൻസ് (ജെപിഎസ്എൽ), ജിയോ ഫിനാൻസ് (ജെഎഫ്എൽ) തുടങ്ങിയ ഉപഭോക്തൃ ഫേസിംഗ് സബ്‌സിഡിയറികളിലൂടെയാണ് സ്ഥാപനം സാമ്പത്തിക സേവന ബിസിനസ്സ് നടത്തുന്നത്.
വാലറ്റ് ബിസിനസ്സ് വാങ്ങാൻ താൽപ്പര്യമുള്ള കുറച്ച് നിക്ഷേപകരുമായി പേടിഎം ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ഒരു മാധ്യമത്തിന് ലഭിച്ച റിപ്പോർട്ടിൽ പറയുന്നു. ഇതിൽ എച്ച്‌ഡിഎഫ്‌സി ബാങ്കും ജിയോ ഫിനാൻഷ്യൽ സർവീസസും ഏറ്റെടുക്കുന്നതിനുള്ള മുന്ഗാമികളാണെന്നു പറയപ്പെടുന്നു.
ബ്ലാക്ക്‌റോക്ക് ഫിനാൻഷ്യൽ മാനേജ്‌മെൻ്റിനൊപ്പം മ്യൂച്വൽ ഫണ്ട് പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി ജെഎഫ്എസ് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. അംഗീകാരം നേടുന്നതിനുള്ള പരിഗണനയിലാണ് ഇത്. ജിയോ ഫിനാൻഷ്യലും ബ്ലാക്ക് റോക്കും സംയുക്ത സംരംഭത്തിൽ 150 മില്യൺ ഡോളർ വീതം നിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്.
ഗുരുതരമായ പ്രത്യാഘാതങ്ങൾ
പേടിഎം പേയ്‌മെൻ്റ് ബാങ്കിൻ്റെ പ്രവർത്തനങ്ങളിൽ ആർബിഐ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ ഓഹരികൾ ഇടിവിൽ തുടരുകയാണ്. കമ്പനിക്കും അതിൻ്റെ സ്ഥാപകനും സിഇഒയ്ക്കുമെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കുന്നതായി നിരവധി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു, എന്നാൽ ഫിൻടെക് സ്ഥാപനം ഇത് നിഷേധിച്ചിട്ടുണ്ട്. അടുത്ത മാസം ആദ്യം തന്നെ പേടിഎം പേയ്‌മെൻ്റ് ബാങ്കിൻ്റെ ലൈസൻസ് റദ്ദാക്കൽ ആർബിഐ പരിഗണയിലാണെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് നേരത്തെ സൂചിപ്പിച്ചിരുന്നു.
ഫെബ്രുവരി 29 മുതൽ പുതിയ ക്രെഡിറ്റ്, ഡെപ്പോസിറ്റ് ഓപ്പറേഷനുകൾ, ടോപ്പ്-അപ്പുകൾ, ഫണ്ട് ട്രാൻസ്ഫറുകൾ, അത്തരം ബാങ്കിംഗ് പ്രവർത്തനങ്ങൾ നിന്ന് വിട്ടുനിൽക്കാൻ ആർബിഐ, പേടിഎമ്മിനോട് ആവിശ്യപെട്ടിരുന്നു. ബ്രോക്കറേജ് സ്ഥാപനങ്ങൾ ഈ നീക്കത്തോടെ പേടിഎമ്മിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും നിലവിലെ ഉപഭോക്താക്കളെ നിലനിർത്താനുള്ള പേടിഎമ്മിൻ്റെ നീക്കത്തിന് ഇത് തടസ്സമായേക്കുമെന്നും അഭിപ്രായപ്പെട്ടു. പേടിഎം പേയ്‌മെൻ്റ് ബാങ്കിൻ്റെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയാണ് ആർബിഐയുടെ ലക്ഷ്യമെന്ന് ബെർൺസ്റ്റൈൻ പറഞ്ഞു.
നിലവിൽ പേടിഎം ഓഹരികൾ എൻഎസ്ഇ യിൽ 10 ശതമാനം താഴ്ന്ന് 438.50 രൂപയിലാണുള്ളത്. എച്ച്‌ഡിഎഫ്‌സി 0.02 ശതമാനം ഉയർന്ന് 1,446.40 രൂപയിൽ തുടരുന്നു. ജിയോ ഫിനാൻഷ്യൽ 15.17 ശതമാനം ഉയർന്ന് 292.30 രൂപയിൽ വ്യാപാരം തുടരുന്നു