നെസ്‌ലെയുടെ ഇരട്ടത്താപ്പ്; പണികിട്ടിയത് ഓഹരികൾക്ക്
- ഇന്ത്യ അടക്കമുള്ള വികസിത രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ശിശുക്കളുടെ ഭക്ഷ്യ ഉൽപന്നങ്ങളാണ് കമ്പനിയുടേത്
- 2022-ൽ നെസ്‌ലെ 20,000 കോടി രൂപയുടെ സെറിലാക്ക് ഉൽപ്പന്നങ്ങളാണ് ഇന്ത്യയിൽ മാത്രം വിറ്റഴിച്ചത്
- ഈ വർഷം ഇതുവരെ നെസ്‌ലെ ഓഹരികൾ ഇടിഞ്ഞത് 10 ശതമാനത്തോളമാണ്
കുത്തനെ ഇടിഞ്ഞ് നെസ്‌ലെ ഇന്ത്യയുടെ ഓഹരികൾ. തുടക്ക വ്യാപാരം മുതൽ ഇടിവിലായിരുന്ന ഓഹരികൾ 4 ശതമാനം വരെ താഴ്ന്നു. മൂന്ന് വർഷത്തിനിടയിലെ ഓഹരികളുടെ ഏറ്റവും വലിയ ഇടിവാണ് ഇന്നത്തെ വ്യാപാരത്തിൽ രേഖപ്പെടുത്തിയത്. ഇന്ത്യ അടക്കമുള്ള വികസിത രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ശിശുക്കളുടെ ഭക്ഷ്യ ഉൽപന്നങ്ങളാണ് കമ്പനിയുടേത്. ഈ ഉൽപന്നങ്ങളിൽ ചേർത്ത പഞ്ചസാരയുടെയും തേനിന്റെയും അളവ് കൂടുതലായെന്ന പബ്ലിക് ഐയുടെ റിപ്പോർട്ടിനെ തുടർന്നായിരുന്നു ഓഹരികളിലെ ഇടിവ്.
അമിത ശരീര ഭാരം, വിട്ടുമാറാത്ത രോഗങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര മാർഗ്ഗനിർദ്ദേശങ്ങൾ നെസ്‌ലെ പാലിക്കുന്നുണ്ടോ എന്ന ആശങ്ക ഉയർത്തുകയാണ് ഈ റിപ്പോർട്ട്.
നിലവിൽ നെസ്‌ലെ ഇന്ത്യയുടെ ഓഹരികൾ 3.67 ശതമാനം താഴ്ന്ന് 2,449.40 രൂപയിലാണ് വ്യാപാരം തുടരുന്നത്. ഈ വർഷം ഇതുവരെ നെസ്‌ലെ ഓഹരികൾ ഇടിഞ്ഞത് 10 ശതമാനത്തോളമാണ്.
ഒരു സംയുക്ത അന്വേഷണത്തിൽ, സൂറിച്ച് ആസ്ഥാനമായുള്ള നിരീക്ഷണ ഏജൻസിയും, ഇൻ്റർനാഷണൽ ബേബി ഫുഡ് ആക്ഷൻ നെറ്റ്‌വർക്കും (IBFAN) ഏഷ്യ, ലാറ്റിൻ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലെ നെസ്‌ലെയുടെ ശിശു ഭക്ഷണ സാമ്പിളുകൾ ബെൽജിയത്തിലെ ഒരു ടെസ്റ്റിംഗ് ലബോറട്ടറിയിലേക്ക് അയച്ചു. കൂടുതൽ വിൽക്കപ്പെടുന്ന ഉത്പന്നങ്ങളായ സെറിലാക്കും നിഡോയും ഉൾപ്പെടെ താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ കമ്പനി വിറ്റ 150 ഉൽപ്പന്നങ്ങളും പരിശോധനയ്ക്ക് വിധേയമാക്കി.
ഈ പ്രദേശങ്ങളിലെ നെസ്‌ലെയുടെ ഒട്ടുമിക്ക ഉത്പന്നങ്ങളിലും ആറുമാസം പ്രായമുള്ള ശിശുക്കളെ ലക്ഷ്യമിട്ടുള്ള സെറിലാക്കിലും പഞ്ചസാരയുടെ അമിത ഉപയോഗം കണ്ടെത്തി. ഒരു സർവിങ്ങിൽ ശരാശരി 4 ഗ്രാമിന് തുല്യമായ പഞ്ചസാര അല്ലെങ്കിൽ ഒരു പഞ്ചസാര ക്യൂബ് അടങ്ങിയിട്ടുണ്ടെന്ന് പരിശോധനാ ഫലങ്ങൾ കണ്ടെത്തി.
ഒരു ഉൽപ്പന്നത്തിൽ ചേർത്ത പഞ്ചസാരയുടെ ഏറ്റവും ഉയർന്ന അളവ് കണ്ടത്തിയത് ഫിലിപ്പീൻസിലാണ്, ഒരു സെർവിംഗിൽ 7.3 ഗ്രാം പഞ്ചസാരയാണ് കണ്ടെത്തിയത്. നൈജീരിയയിൽ 6.8 ഗ്രാമും സെനഗലിൽ 5.9 ഗ്രാമും. ഇന്ത്യയിൽ, എല്ലാ 15 സെറിലാക്ക് ബേബി ഉൽപ്പന്നങ്ങളിലും ശരാശരി 3 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് റിപ്പോർട്ട് കാണിക്കുന്നു. ഇതേ ഉൽപ്പന്നം ജർമ്മനിയിലും യുകെയിലും പഞ്ചസാര ചേർക്കാതെ വില്കുന്നതായും കണ്ടെത്തി. എത്യോപ്യയിലും തായ്‌ലൻഡിലും ഏകദേശം 6 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് പഠനം പറയുന്നു.
നെസ്‌ലെയുടെ മാതൃരാജ്യമായ സ്വിറ്റ്‌സർലൻഡിലും മറ്റ് പ്രധാന യൂറോപ്യൻ വിപണികളായ ജർമ്മനി, യുകെ, ഫ്രാൻസ് എന്നിവിടങ്ങളിലെ തത്തുല്യ ഉൽപ്പന്നങ്ങളിൽ പഞ്ചസാര ചേർത്തിട്ടില്ലെന്ന് പബ്ലിക് ഐയും ഐബിഎഫ്എയും കണ്ടെത്തി. ഒരു വംശീയവും പൊതുജനാരോഗ്യവുമായ കാഴ്ചപ്പാടിൽ നിന്ന് "നീതീകരിക്കാനാവാത്തതും ഏറെ പ്രശ്നമുള്ള ഒരു ഇരട്ടത്താപ്പാണിതെന്ന്" റിപ്പോർട്ട് ചൂണ്ടി കാണിച്ചു.
2022-ൽ നെസ്‌ലെ 20,000 കോടി രൂപയുടെ സെറിലാക്ക് ഉൽപ്പന്നങ്ങളാണ് ഇന്ത്യയിൽ മാത്രം വിറ്റഴിച്ചതെന്ന് ശ്രദ്ധിക്കേണ്ട കാര്യമാണ്. ശിശു ഉൽപന്നങ്ങളിൽ അമിതമായ ആസക്തിയുണ്ടാക്കിയേക്കാവുന്ന പഞ്ചസാര ചേർക്കുന്നത് അപകടകരവും അനാവശ്യവുമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
"കുട്ടിക്കാലത്തേക്കുള്ള ഞങ്ങളുടെ ഉൽപ്പന്നങ്ങളുടെ പോഷകഗുണത്തിൽ ഞങ്ങൾ വിശ്വസിക്കുകയും ഉയർന്ന നിലവാരമുള്ള ചേരുവകൾ ഉപയോഗിക്കുന്നതിന് മുൻഗണന നൽകുകയും ചെയ്യുന്നു. കഴിഞ്ഞ 5 വർഷത്തിനിടയിൽ, ഞങ്ങളുടെ ശിശു ധാന്യങ്ങളുടെ പോർട്ട്‌ഫോളിയോയിൽ നെസ്‌ലെ ഇന്ത്യ ചേർത്ത പഞ്ചസാരയുടെ അളവിൽ 30 ശതമാനം വരെ കുറവ് വരുത്തിയിട്ടുണ്ട്, ”നെസ്‌ലെ ഇന്ത്യ വക്താവ് പറഞ്ഞു.