വിപണി ഈയാഴ്ച (സെപ്റ്റംബര്‍ 29-ഒക്ടോബര്‍ 5)
നിഫ്റ്റി പോസീറ്റീവ് മനോഭാവത്തില്‍ത്തന്നെ; കണ്‍സോളിഡേഷന്‍ പ്രതീക്ഷിക്കാം
ആഗോള വിപണി നീക്കങ്ങള്‍, ഡോളര്‍- രൂപ നിരക്കിലെ മാറ്റങ്ങള്‍, ക്രൂഡോയില്‍ വില, വിദേശ നിക്ഷേപസ്ഥപാനങ്ങളുടെ വാങ്ങല്‍ തുടങ്ങിയവയാണ് ഈ വാരത്തില്‍ ഇന്ത്യന്‍ വിപണിക്കു ദിശ നല്‍കുക. ഇതില്‍ ഏറ്റവും പ്രധാനം യുഎസ് വിപണിയിലെ വ്യതിയാനങ്ങളാണ്. യുഎസ് സമ്പദ്ഘടനയില്‍നിന്നു നിരവധി സാമ്പത്തിക സൂചകങ്ങള്‍ ഈ വാരത്തില്‍ എത്തുകയാണ്. പണപ്പെരുപ്പത്തിനെതിരേയുള്ള യുദ്ധം ഏതാണ്ട് അവസാനിച്ചു കഴിഞ്ഞു. ഇനി തൊഴില്‍ സൃഷ്ടിയും സാമ്പത്തിക വളര്‍ച്ചയുമാണ് ഫെഡറല്‍ റിസര്‍വ് കാണുന്ന റിസ്‌കുകള്‍.
ഇതോടൊപ്പം ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലിന്റെ തിങ്കളാഴ്ചത്തെ പ്രസംഗവും വിപണി കാത്തിരിക്കുന്നു. നോണ്‍ ഫാമിംഗ് തൊഴിലില്ലായ്മ റിപ്പോര്‍ട്ട്, പിഎംഐ കണക്കുകള്‍ തുടങ്ങിയവയാണ് മുഖ്യ സാമ്പത്തിക ഡേറ്റകള്‍. പലിശ നിരക്ക് എവിടെ വരെ, എത്രനാള്‍കൊണ്ട് കുറയ്ക്കും എന്നതിനെക്കുറിച്ചാണ് പവല്‍ വ്യക്തത പകരുക. നാഷ് വിലേയില്‍ നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ബിസിനസ് ഇക്കണോമിക്സ് വാര്‍ഷിക മീറ്റിംഗിനെയാണ് പവല്‍ സംബോധന ചെയ്യുക. വരും മാസങ്ങളില്‍ പലിശ കുറയ്ക്കുമെന്നു ഫെഡറല്‍ ചെയര്‍മാനും മറ്റ് ഔദ്യോഗിക വക്താക്കളും ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
അടുത്തയാഴ്ചത്തെ പ്രധാന സംഭവങ്ങള്‍ ലോകമെമ്പാടുനിന്നുമെത്തുന്ന മാനുഫാക്ചറിംഗ്, സര്‍വീസസ് പിഎംഐ കണക്കുകളാണ്. ലോകത്തെ ബിസിനസ് പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള സൂചനകള്‍ ഇതു നല്‍കും. പണപ്പെരുപ്പക്കണക്കുകളും വ്യാവസായികോത്പാദനക്കണക്കുകളും തൊഴിലില്ലായ്മ കണക്കുകളും ഇതിനോടൊപ്പം പല രാജ്യങ്ങളും പുറത്തുവിടുന്നുണ്ട്. പല വികസിത രാജ്യങ്ങളിലും വളര്‍ച്ചാ ദിശ താഴേയ്ക്കാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളും പലിശ വെട്ടിക്കുറയ്ക്കലിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. യുഎസ് അതിനു മാതൃകയാകുകയാണ്.
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പാണ് വിപണിയെ സ്വാധീനിക്കുന്ന മറ്റൊരു സംഭവം. പുതിയ താരിഫ്, സംരക്ഷണനിയങ്ങളിലുമൊക്കെ മാറ്റം വരുമോയെന്നാണ് ബിസിനസ് ലോകത്തെ ഭയപ്പെടുത്തുന്നത്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം വരുന്നത് വരുമാനകണക്കുകളുടെ സീസണ്‍ ആണ്. അടുത്ത രണ്ടു ക്വാര്‍ട്ടറുകളിലെ വരുമാനം വളര്‍ച്ച സംബന്ധിച്ച പ്രവചനങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും മറ്റും ഇതില്‍നിന്നു ലഭിക്കും. ഒക്ടോബര്‍ രണ്ടാം ആഴ്്ച മുതല്‍ ഓരോ വിഭാഗത്തിലേയും മുഖ്യ കമ്പനികളുടെ രണ്ടാം ക്വാര്‍ട്ടര്‍ പ്രവര്‍ത്തന ഫലങ്ങള്‍ എത്തിത്തുടങ്ങും. ഐടി മേഖലയില്‍നിന്നുള്ള ഇന്‍ഫോസിസ് 17-നും ബജാജ് ഓട്ടോ 16-നും എച്ച് ഡിഎഫ്സി ബാങ്ക് 19-നും ഫലം പുറത്തുവിടും.
ഒക്ടോബര്‍ 7-9 ദിനങ്ങളിലെ റിസര്‍വ് ബാങ്കിന്റെ പണനയകമ്മിറ്റി മീറ്റിംഗാണ് പ്രധാന സംഭവങ്ങളിലൊന്ന്. ഈയാഴ്ച ഇതു സംബന്ധിച്ച ചര്‍ച്ചകളും സംവാദങ്ങളും ഉയര്‍ന്നുവരും. ഇതിനു സ്വാധീനിക്കുന്ന തരത്തിലുള്ള സാമ്പത്തിക കണക്കുകളും പുറത്തുവരും.
യുഎസ് ബഞ്ച് മാര്‍ക്ക് സൂചികകള്‍ റിക്കാര്‍ഡ് ഉയരത്തില്‍ ഇക്കഴിഞ്ഞ വാരത്തില്‍ എത്തിയിരിക്കുകയാണ്. ഇതിനു പിന്നാലെ ഏഷ്യന്‍ ഓഹരികളും ഉയരുകയാണ്. യുഎസ് പലിശ നിരക്ക് വെട്ടിക്കുറയ്ക്കലിന്റെ പിന്‍ബലത്തില്‍ മാത്രം ഇന്ത്യന്‍ ഓഹരി റിക്കാര്‍ഡ് ഉയരത്തില്‍ ഏത്തിനില്‍ക്കുകയാണ് കഴിഞ്ഞ വെള്ളിയാഴ്ച.
രാഷ്ട്രപിതാവ് ഗാന്ധിജിയുടെ ജന്മദിനം പ്രമാണിച്ച് ഒക്ടോബര്‍ രണ്ടിന് അവധിയായതിനാല്‍ ഈ വരുന്ന വാരത്തില്‍ ഇന്ത്യന്‍ വിപണിയില്‍ നാലു ദിവസമേ വ്യാപാരമുളളു. വിപണി പുതിയ മാസത്തിലും പോസീറ്റീവ് മനോഭാവത്തില്‍ത്തന്നെയാണ്. നേരിയ റേഞ്ചിലാണെങ്കിലും ഹ്രസ്വകാലത്തില്‍ റാലി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ വാരത്തിലെ പ്രധാന സംഭവങ്ങള്‍
സെപ്റ്റംബര്‍ 30 (തിങ്കള്‍)
ഇന്ത്യന്‍ കാതല്‍മേഖല വളര്‍ച്ച: ഓഗസ്റ്റിലെ കാതല്‍മേഖല വളര്‍ച്ചാക്കണക്കുകള്‍ പുറത്തുവിടും. വ്യാവസായികോത്പാദന സൂചികയില്‍ 40 ശതമാനം വെയിറ്റേജ് കാതല്‍ മേഖലയ്ക്ക് ഉണ്ട്. ജൂലൈയിലെ വളര്‍ച്ച 6.1 ശതമാനമായിരുന്നു. ജൂണിലെ വളര്‍ച്ച 5.1 ശതമാനമായി പുതുക്കി നിശ്ചയിച്ചിരുന്നു.
ഇന്ത്യ കറന്റ് അക്കൗണ്ട് കണക്കുകള്‍: രണ്ടാം ക്വാര്‍ട്ടറിലെ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കണക്കുകള്‍ പുറത്തുവിടും. മാര്‍ച്ചിലവസാനിച്ച ക്വാര്‍ട്ടറില്‍ ഇന്ത്യ 570 കോടി ഡോളര്‍ കറന്റ് അക്കൗണ്ട് സര്‍പ്ലസ് നേടിയിരുന്നു.2021 ജൂണിനുശേഷം ആദ്യമായാണ് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ സര്‍പ്ലസ് നേടുന്നത്.
ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലിന്റെ പ്രസംഗം: നാഷ്വിലേയില്‍ നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ബിസിനസ് ഇക്കണോമിക്സ് വാര്‍ഷിക മീറ്റിംഗില്‍ ജെറോം പവല്‍ പ്രസംഗിക്കും. പലിശ നിരക്ക് വെട്ടിക്കുറയ്ക്കലിന്റെ കാലയളവും വ്യാപ്തിയും സംബന്ധിച്ച് സൂചനകള്‍ ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നു.
യുകെ ജിഡിപി വളര്‍ച്ച: 2024 രണ്ടാം ക്വാര്‍ട്ടറിലെ ജിഡിപി വളര്‍ച്ച സംബന്ധിച്ച അവസാനക്കണക്കുകള്‍ പുറത്തുവിടും. പ്രാഥമിക കണക്കുകള്‍ പ്രകാരം യുകെ ജിഡിപി 0.6 ശതമാനം വളര്‍ച്ച രണ്ടാം ക്വാര്‍ട്ടറില്‍ നേടിയിട്ടുണ്ട്. ആദ്യക്വാര്‍ട്ടറിലെ വളര്‍ച്ച 0.7 ശതമാനമായിരുന്നു.
ചൈന കെയ്ക്‌സിന്‍ മാനുഫാക്ചറിംഗ് പിഎംഐ: സെപ്റ്റംബറിലെ പിഎംഐ കണക്കുകള്‍ ഇന്നു പുറത്തുവിടും. പുതിയ ഓര്‍ഡറുകള്‍ എത്തിയിട്ടുണ്ടെന്നാണ് പൊതുവേ വിലയിരുത്തുന്നത്. അതായത് വളര്‍ച്ച പ്രതീക്ഷിക്കുന്നു. ജൂലൈയിലെ 49.8 ചുരുക്കത്തില്‍നിന്ന് ഓഗസ്റ്റില്‍ 50.4 -ലേക്ക് പിഎംഐ എത്തിയിരുന്നു. അമ്പതുപോയിന്റിനു മുകളില്‍ പോയിന്‍് എത്തിയാല്‍ അതു വളര്‍ച്ചയെ പ്രതിഫലിപ്പിക്കുന്നു. അതിനു താഴെ ചുരുക്കവും.
മറ്റുള്ളവ: ഓഗസ്റ്റിലെ ജാപ്പനീസ് വ്യാവസായികോതേപാദന വളര്‍ച്ച, ഇറ്റലി, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലെ പണപ്പെരുപ്പക്കണക്കുകള്‍ എന്നിവ പുറത്തുവിടും.
ഒക്ടോബര്‍ 01 ( ചൊവ്വ)
എച്ച് എസ്ബിസി ഇന്ത്യ മാനുഫാക്ചറിംഗ് പിഎംഐ: സെപ്റ്റംബറിലെ എച്ച്എസ്ബിസി ഇന്ത്യ മാനുഫാക്ചറിംഗ് പിഎംഐയുടെ പുതുക്കിയ കണക്കുകള്‍ പ്രസിദ്ധീകരിക്കും. പ്രാഥമിക കണക്കുകള്‍ പ്രകാരം മുന്‍ മാസത്തെ 57.5ല്‍ നിന്ന് സെപ്റ്റംബറില്‍ 56.7 ആയി കുറഞ്ഞിരുന്നു.
യൂറോ ഏരിയ മാനുഫാക്ചറിംഗ് പിഎംഐ: എച്ച്സിഒബി യൂറോസോണ്‍ മാനുഫാക്ചറിംഗ് പിഎംഐയുടെ സെപ്റ്റംബറിലെ പുതുക്കിയ കണക്കുകള്‍ പുറത്തുവിടും. പ്രാഥമിക കണക്കുകള്‍ അനുസരിച്ച് സെപ്റ്റംബറിലെ പിഎംഐ 44.8 ആണ്. ഇത് ഓഗസ്റ്റിലെ 45.8നേക്കാള്‍ കുറവാണ്.
യുഎസ് മാനുഫാക്ചറിംഗ് പിഎംഐ: സെപ്റ്റംബറിലെ എസ് ആന്‍ഡ് പി ഗ്ലോബല്‍ യുഎസ് മാനുഫാക്ചറിംഗ് പിഎംഐ അവസാനക്കണക്കുകള്‍ പുറത്തുവിടും. പ്രാഥമിക കണക്കുകളനുസരിച്ച് ഓഗസ്റ്റിലെ 47.9 ല്‍ നിന്ന് സെപ്റ്റംബറില്‍ 47 ആയി പിഎംഐ കുറഞ്ഞിരുന്നു.
യൂറോ സോണ്‍ പണപ്പെരുപ്പ നിരക്ക്: യൂറോസോണിലെ വാര്‍ഷിക പണപ്പെരുപ്പ നിരക്കിന്റെ സെപ്റ്റംബറിലെ പ്രാഥമിക കണക്കുകള്‍. ഓഗസ്റ്റിലിത് 2.2 ശതമാനവും ജൂലൈയില്‍ 2.6 ശതമാനവുമായിരുന്നു.
എക്സ്ചേഞ്ച് ചാര്‍ജുകള്‍: എന്‍എസ്ഇ, ബിഎസ്ഇ സ്റ്റോക് എക്സ്ചേഞ്ചുകള്‍ ഈടാക്കുന്ന വിവിധ ചാര്‍ജുകള്‍ ഒക്ടോബര്‍ ഒന്നു മുതല്‍ പുതുക്കുകയാണ്. കാഷ്, ഡെറിവേറ്റീവ് മേഖലകളിടെ ഇടപാടുകള്‍ക്കുള്ള ചാര്‍ജുകള്‍ പുതുക്കും. എന്‍എസ്ഇയില്‍ ഒരു ലക്ഷം രൂപയ്ക്ക് കാഷ് വിഭാഗത്തില്‍ 2.97 രൂപയും ഫ്യൂച്ചേഴ്സില്‍ 1.73 രൂപയുമാണ് ചാര്‍ജ് ഈടാക്കുക. ഇക്വിറ്റി ഓപ്ഷന് ഒരു ലക്ഷം രൂപ പ്രീമിയത്തിന് 35.03 രൂപയാണ് പുതിയ നിരക്ക്.
ഒക്ടോബര്‍ 02 ( ബൂധന്‍)
ഇന്ത്യന്‍ വിപണിക്ക് അവധി: ഗാന്ധി ജയന്തി പ്രമാണിച്ച് ഇന്ത്യന്‍ ഓഹരി വിപണി ഉള്‍പ്പെടെയുള്ള എല്ലാ വിപണികള്‍ക്കും അവധിയാണ്.
യൂറോ സോണ്‍ തൊഴിലില്ലായ്മ നിരക്ക്: ഓഗസ്റ്റിലെ യൂറോ സോണ്‍ തൊഴിലില്ലായ്മ നിരക്ക് പുറത്തുവിടും. ജൂണിലെ 6.50 ശതമാനത്തില്‍ നിന്ന് ജൂലൈയില്‍ 6.40 ശതമാനമായി കുറഞ്ഞിരുന്നു.
ഒക്ടോബര്‍ 03 (വ്യാഴം)
യുഎസ് ഐഎസ്എം സര്‍വീസസ് പിഎംഐ: സെപ്റ്റംബറിലെ എസ് ആന്‍ഡ് പി ഗ്ലോബല്‍ യുഎസ് സര്‍വീസസ് പിഎംഐ അവസാനക്കണക്കുകള്‍ പുറത്തുവിടും. ഓഗസ്റ്റിലെ 55.7ല്‍ നിന്ന് സെപ്റ്റംബറില്‍ 55.4 ആയി പ്രഥാമിക കണക്കുകളില്‍ കുറഞ്ഞിരുന്നു.
ഒക്ടോബര്‍ 04 (വെള്ളി)
ഇന്ത്യന്‍ വിദേശനാണ്യ ശേഖരം: സെപ്റ്റംബര്‍ 20-ന് അവസാനിക്കുന്ന വാരത്തില്‍ വിദേശനാണ്യ ശേഖരം സംബന്ധിച്ച കണക്കുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിടും. സെപ്റ്റംബര്‍ 13-ന് വിദേശനാണ്യശേഖരം 68940 കോടി ഡോളറായിരുന്നു.
എച്ച് എസ്ബിസി ഇന്ത്യ കോംബോസിറ്റ് പിഎംഐ: സെപ്റ്റംബറിലെ എച്ച്എസ്ബിസി ഇന്ത്യ കോംബോസിറ്റ്, സര്‍വീസസ് പിഎംഐയുടെ പുതുക്കിയ കണക്കുകള്‍ പ്രസിദ്ധീകരിക്കും. കോംബോസിറ്റ് പിഎംഐ ഓഗസ്റ്റിലെ 60.7-ല്‍ സെപ്റ്റംബറില്‍ 59.3 ആയി താഴ്ന്നുവെന്ന് പ്രഥാമിക കണക്കുകള്‍ വ്യക്തമാക്കിയിരുന്നു. സര്‍വീസസ് പിഎംഐ 60.9 പോയിന്റില്‍നിന്ന് സെപ്റ്റംബറില്‍ 58.9 ആയി പ്രാഥമിക റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
യുഎസിലെ തൊഴിലില്ലായ്മ നിരക്ക്: യുഎസിലെ സെപ്റ്റംബര്‍ തൊലിലില്ലായ്മ കണക്കുകള്‍ പ്രസിദ്ധീകരിക്കും. ജൂലൈയിലെ 4.3 ശതമാനത്തില്‍ നിന്ന് ഓഗസ്റ്റില്‍ തൊഴിലില്ലായ്മ നിരക്ക് 4.2 ശതമാനമായി ആയി കുറഞ്ഞിരുന്നു.നോണ്‍ ഫാം പേമെന്റ് റോള്‍സ്, മണിക്കൂര്‍ ശമ്പളനിരക്ക് തുടങ്ങിയ കണക്കുകളും എത്തും.
സാമ്പത്തിക വാര്‍ത്തകള്‍
കാലവര്‍ഷം: പടിഞ്ഞാറന്‍ കാലവര്‍ഷം സെപ്റ്റംബര്‍ 30-ന് അവാസനിക്കവേ 28 വരെ ലഭിച്ച മഴ ദീര്‍ഘകാലശരാശരിയേക്കാള്‍ 7.7 ശതമാനം കൂടുതലാണ്. സെപ്റ്റംബര്‍ 28 വരെ ലഭിച്ച മഴ 927.3 മില്ലീമീറ്ററാണ്. സാധാരണ ലഭിക്കേണ്ട ദീര്‍ഘകാല ശരാശരി മഴ 861.3 മില്ലിമീറ്ററാണ്. മെച്ചപ്പെട്ട മഴ മൂലം മണ്ണില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഈര്‍പ്പം റാബി വിളവിറക്കലിനു ഏറെ സഹായകരമാവും.
രാജ്യത്തിന്റെ ജലാവശ്യത്തിന്റെ 70 ശതമാനവും ഈ സീസണിലാണ് ലഭിക്കുന്നത്. രാജ്യത്തെ 155 മുഖ്യ അണക്കെട്ടുകളില്‍ അതിന്റെ ശേഷിയുടെ 87 ശതമാനം വെള്ളം ശേഖരിച്ചിട്ടുണ്ടെന്ന് സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ കണക്കുകള്‍ പറയുന്നു.
കമ്പനി വാര്‍ത്തകള്‍
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്: ഐഡിഎഫ്സി ലിമിറ്റഡ്, ഐഡിഎഫ്സി ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ് കമ്പനി എന്നിവ ഒക്ടോബര്‍ ഒന്നു മുതല്‍ ഐഡിഎഫ്സി ഫസ്റ്റ് ബാങ്കില്‍ ലയിക്കും. നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഇതിന് സെപ്റ്റംബര്‍ 25-ന് അനുമതി നല്‍കി. ഇതനുസരിച്ച് ഐജിഎഫ്സി ഓഹരിയുടമകള്‍ക്ക് 155 ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്റെ 155 ഓഹരികള്‍കിട്ടും. റിക്കാര്‍ഡ് ഡേറ്റ് ഒക്ടോബര്‍ 10.
ഐപിഒ: പ്രാഥമിക വിപണി ഈ വാരത്തില്‍ ശാന്തമാണ്. മെയിന്‍ ബോര്‍ഡ് ഇഷ്യു ഒന്നും തന്നെയില്ല. എന്നാല്‍ എസ് എംഇ മേഖലയില്‍നിന്നു മൂന്നു കമ്പനികള്‍ ഇഷ്യുമായി എത്തുന്നുണ്ട്. എന്നാല്‍ മെയിന്‍ ബോര്‍ഡ്, എസ്എംഇ മേഖലയില്‍നിന്നുള്ള 12 കമ്പനികള്‍ ഈ വാരത്തില്‍ ലിസ്റ്റ് ചെയ്യും. ഇരുന്നൂറ് ഇരട്ടി അപേക്ഷകള്‍ ലഭിച്ച കെ ആര്‍എന്‍ ഹീറ്റ് എക്സ്ചേഞ്ച് ഈ വാരത്തില്‍ ലിസ്റ്റ് ചെയ്യും.
ഹ്യൂണ്ടായ് മോട്ടോര്‍, സ്വിഗി, വാറീ എന്‍ജിനീയേഴ്സ് , എന്‍ടിപിസി ഗ്രീന്‍, എന്‍എസ് ഇ തുടങ്ങിയ വമ്പന്‍ ഇഷ്യുകള്‍ വരുംമാസങ്ങളില്‍ പ്രാഥമിക വിപണിയില്‍ പ്രവേശിക്കാന്‍ തായറെടുക്കുകയാണ്.
ഈ വാരത്തിലെ എസ്എംഇ ഇഷ്യുകള്‍
ശുഭം പേപ്പേഴ്സ്: പ്രതിവര്‍ഷം 93600 ടണ്‍ ക്രാഫ്റ്റ് പേപ്പര്‍ നിര്‍മിക്കാന്‍ ശേഷിയുള്ള ശുഭം പേപ്പേഴ്സ് ഇഷ്യു സെപ്റ്റംബര്‍ 30-ന് തുടങ്ങി ഒക്ടോബര്‍ മൂന്നിന് അവസാനിക്കും.പ്രൈസ് ബാന്‍ഡ് 144-152 രൂപ. എട്ടിന് ബിഎസ്ഇ എസ്എംഇയില്‍ ലിസ്റ്റ് ചെയ്യും.
പാരാമൗണ്ട് ഡൈ ടെക്: പാഴ് സിന്തറ്റിക് ഫൈബര്‍ വസ്തുക്കളില്‍നിന്നു ടെക്സ്‌റ്റൈല്‍ മേഖലയ്ക്ക് ആവശ്യമായ വിവിധതരം സിന്തറ്റിക് ഫൈബറും യാണും നിര്‍മിക്കുന്ന കമ്പനിയുടെ ഇഷ്യു സെപ്റ്റംബര്‍ 30-ന് തുടങ്ങി ഒക്ടോബര്‍ എട്ടിന് അവസാനിക്കും. പ്രൈസ് ബാന്‍ഡ് 111-117 രൂപ. ലിസ്റ്റിംഗ് ഒക്ടോബര്‍എട്ടിന് എന്‍എസ്ഇ എസ്എംഇയില്‍.
നിയോ പോളിറ്റന്‍ പിസ ആന്‍ഡ് ഫുഡ്സ്: റെസ്റ്റോറന്റ് പ്രവര്‍ത്തനം, കാര്‍ഷികോത്പന്നങ്ങളുടെ വ്യാപാരം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന നിയോപോളിറ്റന്‍ പിസ ആന്‍ഡ് ഫുഡ്സ് ഇഷ്യു ഒക്ടോബര്‍ 30-ന് തുടങ്ങി ഒക്ടോബര്‍ 4-ന് അവസാനിക്കും. ഓഹരിയൊന്നിന് വില 20 രൂപ. ഒക്ടോബര്‍ 9ന് ഓഹരി ബിഎസ്ഇ എസ്എംഇയില്‍ ലിസ്റ്റ് ചെയ്യും.
ലിസ്റ്റിംഗ് ഈയാഴ്ച
സെപ്റ്റംബര്‍ 30: മന്‍ബ് ഫിനാന്‍സ്, റാപ്പിഡ് വാല്‍വ്സ്, ഡബ്ള്യു ഒ എല്‍ 3ഡി ഇന്ത്യ.
ഒക്ടോബര്‍ 03 : തിങ്കിംഗ് ഹാറ്റ്സ് എന്റര്‍ടെയിന്‍മെന്റ്, യുണിലെക്സ് കളേഴ്സ് കെആര്‍എന്‍ ഹീറ്റ് എക്സ്ചേഞ്ചര്‍
ഒക്ടോബര്‍ 04 : നെക്സസ് പെട്രോ ഇന്‍ഡസ്ട്രീസ്, ഡിഫ്യൂഷന്‍ എന്‍ജിനീയേഴ്സ്, ഫോര്‍ജ് ഓട്ടോ ഇന്റര്‍നാഷണല്‍, സഹസ്ര ഇലക്ട്രോണിക്സ് സൊലൂഷന്‍സ്, ദിവ്യധന്‍ റീസൈക്കിളിംഗ് ഇന്‍ഡസ്ട്രീസ്.
ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.