കേസോറാം സിമൻ്റിനെ ഏറ്റെടുക്കും; നേട്ടത്തിൽ അൾട്രാടെക് ഓഹരികൾ
- കടം ഉൾപ്പെടെയുള്ള ഈ ഇടപാടിന് ഏകദേശം 7,600 കോടി രൂപയായിരുന്നു മൂല്യം
- ഡിസംബർ പാദത്തിൽ അൾട്രാടെക്കിന്റെ അറ്റാദായത്തിൽ 67 ശതമാനം വർധനവ് രേഖപ്പെടുത്തി
കെസോറാം സിമൻ്റ് ബിസിനസ് ഏറ്റെടുക്കുന്നതിന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയിൽ (സിസിഐ) നിന്നും അനുമതി ലഭിച്ചതായി അൾട്രാടെക് സിമൻ്റ് അറിയിച്ചു. വാർത്തകളെ തുടർന്ന് അൾട്രാടെക് സിമൻ്റ് ഓഹരികൾ ഒരു ശതമാനത്തോളം ഉയർന്നു.
കഴിഞ്ഞ വർഷം നവംബറിലാണ് ബികെ ബിർള ഗ്രൂപ്പിൻ്റെ മുൻനിര കമ്പനിയായ കേസോറാം ഇൻഡസ്ട്രീസിൻ്റെ സിമൻ്റ് ബിസിനസ്സ് ഏറ്റെടുക്കാനുള്ള പദ്ധതി അൾട്രാടെക് സിമൻ്റ് വെളിപ്പെടുത്തിയത്. ഇത് കടം ഉൾപ്പെടെയുള്ള ഈ ഇടപാടിന് ഏകദേശം 7,600 കോടി രൂപയായിരുന്നു മൂല്യം.
ഇന്ത്യയിൽ വിവിധ നിർമ്മാണ സാമഗ്രികളുടെ നിർമ്മാണത്തിലും വിൽപനയിലും ഏർപ്പെട്ടിരിക്കുന്ന ലിസ്റ്റഡ് കമ്പനിയാണ് അൾട്രാടെക് സിമൻ്റ്സ്. കമ്പനിയുടെ ഉൽപ്പന്ന പോർട്ട്‌ഫോളിയോയിൽ ഗ്രേ സിമൻ്റ്, വൈറ്റ് സിമൻ്റ്, റെഡി-മിക്‌സ് കോൺക്രീറ്റ്, ക്ലിങ്കർ, നിർമ്മാണ ഉൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടുന്നു.
ഡിസംബർ പാദത്തിൽ അൾട്രാടെക്കിന്റെ അറ്റാദായത്തിൽ 67 ശതമാനം വർധനവ് രേഖപ്പെടുത്തി 1,774 കോടി രൂപയിലെത്തി. നിർമ്മാണ സാമഗ്രികളുടെ ശക്തമായ ഡിമാൻഡും പ്രവർത്തന ചെലവ് കുറച്ചതുമാണ് ഈ കുതിച്ചുചാട്ടത്തിന് കാരണം. ഒക്‌ടോബർ-ഡിസംബർ പാദത്തിൽ 1,714.19 കോടി രൂപയുടെ അറ്റാദായമാണ് അനലിസ്റ്റുകൾ പ്രതീക്ഷിച്ചിരുന്നത്.
നിൽവിൽ അൾട്രാടെക് സിമൻ്റ് ഓഹരികൾ 0.39 ശതമാനം ഉയർന്ന് 9,490 രൂപയിൽ വ്യാപാരം തുടരുന്നു.
ശ്രീറാം ഇൻവെസ്റ്റ്‌മെൻ്റ് ഹോൾഡിംഗ്സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ 29.44 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള ശ്രീറാം ഓണർഷിപ്പ് ട്രസ്റ്റിൻ്റെ നിർദ്ദേശവും അംഗീകരിച്ചതായി സിസിഐ മറ്റൊരു റിലീസിൽ അറിയിച്ചു. ശ്രീറാം ഇൻവെസ്റ്റ്‌മെൻ്റ് ഹോൾഡിംഗ്സ് പ്രൈവറ്റ് ലിമിറ്റഡ് (എസ്ഐഎച്ച്എൽ) രജിസ്റ്റർ ചെയ്യാത്ത ഒരു പ്രധാന നിക്ഷേപ കമ്പനിയാണ്.
യഥാക്രമം എപിആർഎൻ എൻ്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് (എപിആർഎൻ), പിരമൽ എൻ്റർപ്രൈസസ് ലിമിറ്റഡ് (പിഇഎൽ) എന്നിവരുടെ കൈവശമുള്ള ശ്രീറാം ഇൻവെസ്റ്റ്‌മെൻ്റ് ഹോൾഡിംഗ്സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ 9.44 ശതമാനം, 20 ശതമാനം ഓഹരികൾ ശ്രീറാം ഓണർഷിപ്പ് ട്രസ്റ്റ് (എസ്ഒടി) ഏറ്റെടുക്കുന്നതിനുള്ള അനുമതിയാണ് സിസിഐ നൽകിയത്.