കുതിപ്പ് തുടര്‍ന്ന് ജിയോ ഫിനാന്‍ഷ്യല്‍; വിപണിമൂല്യം 2 ലക്ഷം കോടി പിന്നിട്ടു

  • ഡിസംബർ പാദത്തിൽ ജിയോ ഫിനാൻഷ്യൽ സർവീസസിൻ്റെ അറ്റാദായം 293 കോടി രൂപയായിരുന്നു
  • ജിയോ ഫിനാൻഷ്യൽ സർവീസസും ബ്ലാക്ക്‌റോക്ക് ഫിനാൻഷ്യൽ മാനേജ്‌മെൻ്റും ഇന്ത്യയിൽ മ്യൂച്വൽ ഫണ്ട് ബിസിനസ്സ് ആരംഭിക്കുന്നതിനായി സെബിക്ക് രേഖകൾ സമര്‍പ്പിച്ചിട്ടുണ്ട്
  • കഴിഞ്ഞ മൂന്ന് മാസത്തിനിടെ ജെഎഫ്എസ്എല്‍ ഓഹരികള്‍ 48 ശതമാനത്തിലധികം ഉയര്‍ന്നു

Update: 2024-02-23 08:59 GMT

ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ (ജെഎഫ്എസ്എല്‍) വിപണിമൂല്യം ഇന്ന് (ഫെബ്രുവരി 23) ആദ്യമായി 2 ലക്ഷം കോടി കവിഞ്ഞു.

ഇന്ന് ബിഎസ്ഇയില്‍ വ്യാപാരത്തിനിടെ ജെഎഫ്എസ്എല്‍ ഓഹരി 14.50 ശതമാനം ഉയര്‍ന്ന് റെക്കോര്‍ഡ് നിലയായ 347 രൂപയിലെത്തി. ഇന്ന് തുടര്‍ച്ചയായ അഞ്ചാം സെഷനിലും ജെഎഫ്എസ്എല്‍ റാലി തുടര്‍ന്നു. ജെഎഫ്എസ്എല്ലിന്റെ വിപണി മൂല്യം ഇപ്പോള്‍ 2,10,325 കോടി രൂപയാണ്.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഓഹരികള്‍ 48 ശതമാനത്തിലധികം ഉയര്‍ന്നു.

ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് 2023 ഓഗസ്റ്റ് 21നാണ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്തത്. ചുരുങ്ങിയ സമയം കൊണ്ട് 2 ലക്ഷം കോടി രൂപയുടെ വിപണി മൂല്യം കൈവരിക്കുകയും ചെയ്തു.

ജിയോ ഫിനാന്‍സ് ലിമിറ്റഡ്, ജിയോ പേയ്‌മെന്റ് സൊലൂഷന്‍സ് ലിമിറ്റഡ്, ജിയോ പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡ്, ജിയോ ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് ലിമിറ്റഡ് തുടങ്ങിയ ഉപസ്ഥാപനങ്ങളിലൂടെ സാമ്പത്തിക സേവനങ്ങളാണു ജെഎഫ്എസ്എല്‍ നല്‍കുന്നത്.

നിലവില്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ 2 ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ വിപണിമൂല്യമുള്ള 39 സ്ഥാപനങ്ങളാണുള്ളത്. ഇൗ പട്ടികയില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്നത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ആണ്. 20.05 ലക്ഷം കോടി രൂപയാണ് റിലയന്‍സിന്റെ വിപണിമൂല്യം.

Tags:    

Similar News