ജിയോ ഫിൻ-ബ്ലാക്ക് റോക്ക് സഖ്യം; നേട്ടമുണ്ടാക്കി ഓഹരികൾ
- 2018 ന് ശേഷം ഇത് ആദ്യമായാണ് ബ്ലാക്ക് റോക്ക് ഇന്ത്യൻ വിപണിയിലെത്തുന്നത്
- ഇരു കമ്പനികളും 150 ദശലക്ഷം ഡോളറാണ് ആദ്യ ഘട്ടത്തിൽ നിക്ഷേപിക്കുക
- 45 ഫണ്ട് ഹൗസുകളാണ് ഇന്ത്യൻ വിപണിയിലുള്ളത്
മ്യൂച്വൽ ഫണ്ട് കമ്പനി ആരംഭിക്കാനായി ജിയോ ഫൈനാൻഷ്യൽ സർവീസസ് (ജെഎഫ്എസ്) ബ്ലാക്ക് റോക്കുമായി കൈകോർക്കും. മാർക്കറ്റ് റെഗുലേറ്ററിന് സമർപ്പിച്ച രേഖകളിലാണ് ഇക്കാര്യം കമ്പനി അറിയിച്ചത്. വാർത്തകളെ തുടർന്ന് ജിയോ ഫൈനാൻഷ്യൽ ഓഹരികൾ തുടക്ക വ്യാപാരതയിൽ രണ്ടു ശതമാനത്തോളം നേട്ടം നൽകി.
ഒക്ടോബർ 19-നാണ് ജിയോ ഫൈനാൻഷ്യൽ ബ്ലാക്ക് റോക്കുമായുള്ള സംയുക്ത മ്യൂച്വൽ ഫണ്ടിനുള്ള അപേക്ഷ സെബിക്ക് സമർപ്പിച്ചത്. അപേക്ഷയുടെ പുതുക്കിയ തീരുമാനങ്ങൾ ഡിസംബർ 31-ന് ലഭിച്ചിരുന്നു.
ജിയോ ഫിനാൻഷ്യൽ സർവീസസ്-ബ്ലാക്ക്റോക്ക് അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ തുടക്കം വളരെ ശ്രദ്ധയോടെയാണ് നിക്ഷേപകർ കാണുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഫണ്ട് ഹൗസുകളിൽ ഒന്നാണ് ബ്ലാക്ക് റോക്ക് അസറ്റ് മാനേജർസ്. ജിയോ ഫിനാൻഷ്യൽ സർവീസസുമായുള്ള കമ്പനിയുടെ 50:50 സംയുക്ത ഫണ്ട് ആരംഭം ഇന്ത്യൻ വിപണിയിലേക്കുള്ള തിരിച്ചുവരവിന് കാരണമായി. 2018 ന് ശേഷം ഇത് ആദ്യമായാണ് ബ്ലാക്ക് റോക്ക് ഇന്ത്യൻ വിപണിയിലെത്തുന്നത്.
ഇരു കമ്പനികളും 150 ദശലക്ഷം ഡോളറാണ് ആദ്യ ഘട്ടത്തിൽ നിക്ഷേപിക്കുക. ഇന്ത്യൻ നിക്ഷേപകർക്ക് സാങ്കേതികവിദ്യ പ്രാപ്‌തവും ലളിതമായ നിക്ഷേപ സഹായങ്ങൾ നൽകാനാണ് കമ്പനി ലക്ഷ്യമിടുന്നന്നത്.
"നിക്ഷേപത്തിലും റിസ്‌ക് മാനേജ്‌മെന്റിലും ബ്ലാക്ക്‌റോക്കിന്റെ ആഴത്തിലുള്ള വൈദഗ്ധ്യവും ജെഎഫ്‌എസിന്റെ സാങ്കേതിക ശേഷിയും ആഴത്തിലുള്ള വിപണി വൈദഗ്ധ്യവും ഈ മേഖലയിൽ ഏറെ സഹായകമാവും” ജെഎഫ്‌എസ് പ്രസിഡന്റും സിഇഒയുമായ ഹിതേഷ് സേത്തിയ പറഞ്ഞു.
50 ട്രില്യൺ രൂപ മൂല്യമുള്ള ആസ്തി കൈകാര്യം ചെയ്യുന്ന മേഖലകളിലൊന്നാണ് ഇന്ത്യൻ മ്യൂച്വൽ ഫണ്ട് വ്യവസായം. ഇതുവരെ 45 ഫണ്ട് ഹൗസുകളാണ് ഇന്ത്യൻ വിപണിയിലുള്ളത്. പല കമ്പനികളും വിപണിയിലെത്താനുള്ള ശ്രമത്തിലുമാണ്.
ഓഗസ്റ്റ് 21 ന് എൻഎസ്ഇ യിൽ 262 രൂപയ്ക്ക് ലിസ്റ്റ് ചെയ്തതിന് ശേഷം, ജിയോ ഫിനാൻഷ്യൽ സർവീസ് ഓഹരികൾ 5.69 ശതമാനം ഇടിഞ്ഞ് ജനുവരി 3 ന് 234.75 രൂപയിലാണ് ക്ലോസ് ചെയ്തത്.
ഉച്ചക്ക് 1.00 മണിക്ക് ജെഎഫ്എസ് ഓഹരികൾ എൻഎസ്ഇയിൽ 2.54 ശതമാനം ഉയർന്ന് 240.50 രൂപയിലാണ് വ്യാപാരം നടക്കുന്നത്.