പാളം തെറ്റി റെയിൽ ഓഹരികൾ; ഇടിഞ്ഞത് 20% വരെ
- വമ്പൻ നഷ്ടം നൽകിയത് കണ്ടെയ്നർ കോർപ്പറേഷൻ ഓഫ് ഇന്ത്യ
- ഓഹരികൾ 13-20 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി
- പൊതു മേഖല ഓഹരികളും വ്യാപാരത്തിൽ കൂപ്പുകുത്തി
ആദ്യഘട്ട വോട്ടെണ്ണൽ തുടങ്ങിയതോടെ വിപണി ഇടിവിലേക്ക് നീങ്ങിയിരുന്നു. പൊതു മേഖല ഓഹരികളും വ്യാപാരത്തിൽ കൂപ്പുകുത്തി. മുൻ ദിവസങ്ങളിൽ മികച്ച നേട്ടം നൽകിയ റെയിൽ ഓഹരികൾ ഇക്കൂട്ടത്തിൽ കനത്ത നഷ്ടം നേരിട്ടു. ഓഹരികൾ 13-20 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി.
കൂട്ടത്തിൽ വമ്പൻ നഷ്ടം നൽകിയത് കണ്ടെയ്നർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ഓഹരികളാണ്, 20 ശതമാനം ഇടിഞ്ഞ ഓഹരികൾ 939.40 രൂപയിലെത്തി. ടിറ്റാഗർ, റൈറ്റ്സ് (RITES) ഓഹരികൾ 19 ശതമാനത്തിലധികവും താഴ്ന്നു. ടെക്‌സ്മാകോ, ബിഇഎംഎൽ, റെയിൽ ടെൽ കോർപ്പറേഷൻ, ഇർകോൺ ഇൻ്റർനാഷണൽ ഓഹരികൾ 15 ശതമാത്തോളം നഷ്ടം നൽകി. ഐആർഎഫ്‌സി, ആർവിഎൻഎൽ, ഐആർസിടിസി, ജുപിറ്റർ വാഗൺസ് ഓഹരികളും 10 ശതമാനത്തിൽ കൂടുതൽ ഇടിഞ്ഞു.
സർക്കാരിന്റെ നയങ്ങൾ പൊതുമേഖലാ ഓഹരികളെ വളരെ അധികം സ്വാധീനിച്ചിട്ടുണ്ട്. ഈ ഓഹരികൾ കഴിഞ്ഞ ഒരു വർഷത്തിനിടെ മികച്ച നേട്ടമാണ് നൽകിയത്. ഭരണ തുടർച്ചയുണ്ടായാൽ ഈ പ്രവണത തുടരാൻ സാധ്യതയുണ്ടെന്ന് വിപണി വിദഗ്ധർ അഭിപ്രായപ്പെടുന്നു.
കാപെക്‌സിൽ സുസ്ഥിരമായ ശ്രദ്ധ, ആഭ്യന്തര മേഖലകളിലെ ധനപരമായ ഏകീകരണം എന്നിവ ഓഹരികൾക്ക് കരുത്തേകി. പ്രത്യേകിച്ച് ഇൻഫ്രാ, മാനുഫാക്ചറിംഗ്, കാപെക്‌സ് മേഖലകളിൽ സമീപകാലത്ത് മികച്ച പ്രകടനം ദൃശ്യമായെന്ന് നോമുറയിലെ വിശകലന വിദഗ്ധർ പറഞ്ഞു.
ഇടക്കാല ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പുതിയ സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ റെയിൽവേയ്‌ക്കായി 2.55 ലക്ഷം കോടി രൂപ പ്രഖ്യാപിച്ചിരുന്നു. ഇത് മുൻ ബജറ്റിൽ വകയിരുത്തിയ 2.4 ലക്ഷം കോടി രൂപയെക്കാൾ അഞ്ചു ശതമാനം ഉയർന്നതായിരുന്നു.
ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.