ഉയരുന്ന ഊര്‍ജ്ജ ഡിമാന്‍ഡില്‍ നോട്ടമിട്ട് എസ്ബിഐ എനര്‍ജി ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട്
- പുതിയ ഫണ്ടുമായി എസ്ബിഐ എഎംസി
- എന്‍എഫ്ഒ ഫെബ്രുവരി 6 മുതല്‍ 20 വരെ
- കുറഞ്ഞ നിക്ഷേപം 5000 രൂപ
എസ്ബിഐ മ്യൂച്വല്‍ ഫണ്ട് ഹൗസില്‍ നിന്നുള്ള പുതിയ തീമാറ്റിക് ഫണ്ടാണ് എനര്‍ജി ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട്. ഇന്ത്യയുടെ ഊര്‍ജ്ജ മേഖലയിലെ കുതിച്ചുചാട്ടം മുതലെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ദീര്‍ഘകാല നിക്ഷേപത്തിലൂടെ നേട്ടമുണ്ടാക്കാന്‍ അവസരം നല്‍കുകയാണ് ഫണ്ടിന്റെ ലക്ഷ്യം. ഫെബ്രുവരി ആറിന് ആരംഭിച്ച ന്യൂ ഫണ്ട് ഓഫര്‍ 20 നാണ് അവസാനിക്കുന്നത്. എസ്ബിഐ മ്യൂച്വല്‍ ഫണ്ട് ഹൗസ് 4,000 കോടി രൂപയാണ് എന്‍എഫ്ഒയിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്.
എണ്ണ, വാതകം, യൂട്ടിലിറ്റികള്‍, ഊര്‍ജ്ജം തുടങ്ങിയ മേഖലകള്‍ ഉള്‍പ്പെടെ പരമ്പരാഗതവും പുതിയതുമായ ഊര്‍ജ്ജത്തിന്റെ പര്യവേക്ഷണം, ഉല്‍പാദനം, വിതരണം, സംസ്‌കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആഭ്യന്തരവും അന്തര്‍ദ്ദേശീയവുമായ കമ്പനികളില്‍ നിക്ഷേപം നടത്താനാണ് ഫണ്ട് ഉദ്ദേശിക്കുന്നത്. നിക്ഷേപത്തിന് സാധ്യതയുള്ള 95 ഓഹരികള്‍ ഫണ്ട് ഹൗസ് തിരിച്ചറിഞ്ഞിട്ടുണ്ട്, കൂടാതെ 20-25 ഉയര്‍ന്ന വളര്‍ച്ചാ ഓഹരികളുടെ പോര്‍ട്ട്‌ഫോളിയോയും ഉണ്ടായിരിക്കുമെന്നും ഫണ്ട് ഹൗസ് വ്യക്തമാക്കുന്നു.
2050 ല്‍ ഊര്‍ജ്ജ ഉപഭോഗം ഇരട്ടി
നിലവില്‍ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ ഊര്‍ജ്ജ വിപണിയാണ്. 2050 ആകുമ്പോഴേക്കും ഊര്‍ജ്ജ ആവശ്യകത ഇരട്ടിയാകും. അടുത്തിടെ ഗോവയില്‍ നടന്ന ഊര്‍ജ്ജ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 2045 ആകുമ്പോഴേക്കും ഇന്ത്യയുടെ ഊര്‍ജ്ജ ഉപഭോഗം 19 ദശലക്ഷം ബാരലാകുമെന്നും ഈ ഡിമാന്‍ഡ് നിറവേറ്റാന്‍ വിപുലമായ പദ്ധതി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഊര്‍ജ്ജ മേഖലയിലെ ഈ മുന്നേറ്റം ഇന്ത്യയെ ഊര്‍ജ്ജ ഇറക്കുമതി ചെയ്യുന്ന രാജ്യത്തില്‍ നിന്നും കയറ്റുമതി ചെയ്യാന്‍ സാധ്യതയുള്ള രാജ്യമായി മാറ്റുമെന്നാണ് പ്രതീക്ഷ. പ്രത്യേകിച്ച് പുനരുപയോഗ ഊര്‍ജ്ജ മേഖലയില്‍. ഊര്‍ജ്ജ ഉപഭോഗം സാമ്പത്തിക വളര്‍ച്ചയുമായി ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ്. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ ഉയരുമ്പോള്‍, അതിന്റെ ഊര്‍ജ്ജ ഉപഭോഗവും ഗണ്യമായി ഉയരും. ഊര്‍ജ്ജ മേഖലയിലെ വര്‍ദ്ധിച്ചുവരുന്ന ആവശ്യകത വിവിധ ഊര്‍ജ്ജ വിഭാഗങ്ങളില്‍ ശക്തമായ നിക്ഷേപ അവസരങ്ങളും സൃഷ്ടിക്കുമെന്നാണ് ഫണ്ട് ഹൗസ് വ്യക്തമാക്കുന്നത്.
സിഒപി 26 (പഞ്ചാമൃത് സ്ട്രാറ്റജി), ഗ്രീന്‍ ഹൈഡ്രജന്‍ മിഷന്‍, എഥനോള്‍ ബ്ലെന്‍ഡിംഗ് പ്രോഗ്രാം തുടങ്ങിയ ഹരിത ഊര്‍ജ്ജ സംരംഭങ്ങളോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയും പരമ്പരാഗത ഊര്‍ജ്ജ മേഖലകളിലെ കേന്ദ്രീകൃത നയങ്ങളും രാജ്യത്തിന്റെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി ഊര്‍ജ്ജ മേഖലയ്ക്ക് വളരാന്‍ അവസരങ്ങള്‍ നല്‍കും. അടിസ്ഥാന സൗകര്യങ്ങളുടെയും നയപരിഷ്‌കാരങ്ങളുടെയും കാര്യത്തില് ഈ മേഖല അതിവേഗം മുന്നേറിയതായി എസ്ബിഐ ഫണ്ട്‌സ് മാനേജ്‌മെന്റ് ഡെപ്യൂട്ടി എംഡിയും ജോയിന്റ് സിഇഒയുമായ ഡിപി സിംഗ് അഭിപ്രായപ്പെട്ടിരുന്നു.
ഫണ്ടിലെ കുറഞ്ഞ നിക്ഷേപം 5000 രൂപയാണ്. പിന്നീട് എസ്‌ഐപി വഴി 1000 രൂപ വീതം നിക്ഷേപിക്കാം. രാജ് ഗാന്ധി, പ്രദീപ് കേശവന്‍ എന്നിവരാണ് ഫണ്ട് മാനേജര്‍മാര്‍. നിഫ്റ്റി എനര്‍ജി ടിആര്‍ ഇന്‍ഡെക്‌സാണ് ബെഞ്ച്മാര്‍ക്ക് സൂചിക. ഒരു വര്‍ഷത്തിനു മുമ്പ് പിന്‍വലിച്ചാല്‍ ഒരു ശതമാനം എക്‌സിറ്റ് ലോഡ് നല്‍കണം. ഒരു വര്‍ഷത്തിനുശേഷമാണെങ്കില്‍ എക്‌സിറ്റ്‌ലോഡില്ല. ഫാക്ട് ഷീറ്റിലെ വിവരങ്ങള്‍ പ്രകാരം ഫണ്ട് ഉയര്‍ന്ന റിസ്‌ക് കാറ്റഗറിയില്‍ വരുന്ന ഫണ്ടാണ്. നിക്ഷേപിക്കുന്നതിനു മുമ്പ് ഇക്കാര്യം ഓര്‍മ്മയില്‍ വെയ്ക്കുക.
ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. മ്യൂച്വല്‍ ഫണ്ട് നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.