നിക്ഷേപത്തിന് ഇഎല്‍എസ്എസ് പരിഗണിക്കുന്നുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം
- ബെഞ്ച്മാര്‍ക്ക് സൂചിക 2023 ല്‍ 23 ശതമാനം റിട്ടേണ്‍ നല്‍കി.
- ജനുവരിയില്‍ ഇഎല്‍എസ്എസ് മ്യൂച്വല്‍ ഫണ്ടുകളിലേക്ക് എത്തിയത് 533 കോടി രൂപ.
- മൂന്ന് വര്‍ഷമാണ് ലോക്ക് ഇന്‍ പിരീഡ്.
ആദായ നികുതി നല്‍കുന്നവര്‍ ജനുവരി - മാര്‍ച്ച് കാലയളവില്‍ നികുതി ഇളവിനായി ഏതെങ്കിലുമൊക്കെ നിക്ഷേപ ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാറുണ്ട്. നികുതിയിളവ് എന്ന ലക്ഷ്യം മാത്രം മുന്‍ നിര്‍ത്തിയാകും ഈ തെരഞ്ഞെടുപ്പ്. ഇത് മികച്ച റിട്ടേണ്‍ നല്‍കുമോ, ധനകാര്യ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ സഹായിക്കുമോ എന്നതൊന്നും ശ്രദ്ധിക്കുകയേയില്ല. എന്നാല്‍, വെറുതെ നികുതിയിളവ് നേടാന്‍ മാത്രമാകരുത് നിക്ഷേപങ്ങള്‍ അതിലുപരി റിട്ടേണ്‍ കൂടി കണക്കാക്കി വേണം നിക്ഷേപ മാര്‍ഗം തെരഞ്ഞെടുക്കേണ്ടത്.
നികുതിയിളവിനൊപ്പം നിക്ഷേപ നേട്ടവും നല്‍കുന്ന മികച്ച നിക്ഷേപ മാര്‍ഗമാണ് ഇക്വിറ്റി ലിങ്കഡ് സേവിംഗ്‌സ് സ്‌കീം (ഇഎല്‍എസ്എസ്). ആദായ നികുതി വകുപ്പിലെ സെക്ഷന്‍ 80 സി പ്രകാരം ഇഎല്‍എസ്എസ് നിക്ഷേപങ്ങള്‍ക്ക് നികുതി കിഴിവ് ലഭ്യമാണ്. ഇഎല്‍എസ്എസിലെ 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിനാണ് നികുതിയിളവ്.
മികച്ച റിട്ടേണ്‍
ഏഴ് മുതല്‍ 10 വര്‍ഷത്തെ കണക്കെടുത്താല്‍ ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീമുകള്‍ നികുതി ലാഭിക്കാന്‍ മാത്രമല്ല, ദീര്‍ഘകാലത്തില്‍ മറ്റേതൊരു ഓഹരിയധിഷ്ടിത ഫണ്ടുകളെയും പോലെ മികച്ച റിട്ടേണ്‍ നല്‍കിയിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.കഴിഞ്ഞ 15 വര്‍ഷത്തെ എന്‍എവി (നെറ്റ് അസെറ്റ് വാല്യു) അടിസ്ഥാനമാക്കി 10 വര്‍ഷത്തെ റോളിംഗ് വരുമാനം നോക്കുമ്പോള്‍ ഇഎല്‍എസ്എസ് ഫണ്ടുകള്‍ 13.6 ശതമാനം സംയോജിത വാര്‍ഷിക വരുമാനമാണ് (സിഎജിആര്‍) നല്‍കിയത്. ബെഞ്ച്മാര്‍ക്ക് സൂചിക നിഫ്റ്റി 500 - ടിആര്‍ഐ 12.8 ശതമാനമാണ് നേട്ടമുണ്ടാക്കിയത്.
നികുതി നേട്ടവും റിട്ടേണും പരിഗണിക്കുമ്പോള്‍ ഇഎല്‍എസ്എസ് മികച്ച നിക്ഷേപ ഓപ്ഷനാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇന്ത്യന്‍ ഇക്വിറ്റി ബെഞ്ച്മാര്‍ക്ക് 2023 ല്‍ 23 ശതമാനം റിട്ടേണ്‍ നല്‍കിയിട്ടുണ്ട്. ഇത് മറ്റെല്ലാ അസറ്റ് ക്ലാസുകളെയും മറികടന്നുള്ള പ്രകടനമായിരുന്നു.
അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ (എഎംഎഫ്‌ഐ) ജനുവരിയില്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം, 2024 ജനുവരി 31 വരെ ഇഎല്‍എസ്എസ് മ്യൂച്വല്‍ ഫണ്ടുകളിലേക്ക് എത്തിയ നിക്ഷേപം 533 കോടി രൂപയാണ്. ഫണ്ട് മാനേജ്‌മെന്റിന് കീഴിലുള്ള മൊത്തം കൈകാര്യം ചെയ്യുന്ന ആസ്തി (എയുഎം) 2,250,336 കോടി രൂപയുമാണ്.
മികച്ച പ്രകടനം കാഴ്ച്ചവെച്ച ഏതാനും ഇഎല്‍എസ്എസ് ഫണ്ടുകള്‍ നോക്കാം.
എന്താണ് ഇഎല്‍എസ്എസ് ഫണ്ടുകള്‍
നിക്ഷേപത്തിന് നികുതിയിളവ് ലഭിക്കുന്ന ഒരേയൊരു മ്യൂച്വല്‍ ഫണ്ടാണ് ഇഎല്‍എസ്എസ്. ഇഎല്‍എസ്എസ് മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപത്തിന്റെ കൂടുതല്‍ ഭാഗവും ഓഹരികളിലും ഓഹരിയനുബന്ധ ഉപകരണങ്ങളിലുമാണ് നിക്ഷേപം നടത്തുന്നത്. കൂടാതെ, സ്ഥിര വരുമാന ഉപകരണങ്ങളിലും നിക്ഷേപമുണ്ടായിരിക്കും. മറ്റ് നികുതിയിളവുള്ള നിക്ഷേപങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തെ ലോക്ക് ഇന്‍ പിരീഡുള്ളപ്പോള്‍ ഇഎല്‍എസ്എസിന് മൂന്ന് വര്‍ഷമാണ് ലോക്ക് ഇന്‍ പിരീഡ്.