മുത്തൂറ്റ് ഫിനാന്‍സിന് കേരളത്തിലെ ബിസിനസ് നഷ്ടമോ ?

  • സ്വര്‍ണ വായ്പ ബിസിനസ്സിന്റെ 2.7 ശതമാനം മാത്രമാണ് കേരളത്തിലുള്ളത്
  • നിക്ഷേപത്തില്‍ കേരളത്തിന്റെ വിഹിതം ബഹുദൂരം മുന്നില്‍
  • നികുതിയിനത്തില്‍ കേരള സര്‍ക്കാറിന് ലഭിക്കുന്നത് 600 കോടി

Update: 2023-07-13 14:03 GMT


കൊച്ചി (ജുലൈ 13-2023): രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ്ണ വായ്പാ കമ്പനിയാണ് മുത്തൂറ്റ് ഫിനാന്‍സ്. മുത്തൂറ്റ് ഫിനാന്‍സിന്റെ പ്രധാന വായ്പ വിപണികളിലൊന്നായി കേരളം മാറുമെന്ന് നിങ്ങള്‍ ഊഹിച്ചിട്ടുണ്ടെങ്കില്‍, നിങ്ങള്‍ക്ക് തീര്‍ത്തും തെറ്റി.

വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട് അനുസരിച്ച് ഒട്ടുമിക്ക ബാങ്കുകളുടെയും ധനകാര്യസ്ഥാപനങ്ങളുടെയും ഏറ്റവും ശക്തമായ സ്വര്‍ണ വായ്പ വിപണിയാണു കേരളം. എന്നാല്‍ കേരളം ആസ്ഥാനമായ മുത്തൂറ്റ് ഫിനാന്‍സിന്റെ കാര്യത്തില്‍ മേല്‍പ്പറഞ്ഞതിന്റെ നേര്‍വിപരീതമാണ് കാര്യങ്ങള്‍.

മുത്തൂറ്റിന്റെ മൊത്തത്തിലുള്ള സ്വര്‍ണ വായ്പ ബിസിനസ്സിന്റെ 2.7 ശതമാനം മാത്രമാണ് കേരളത്തിലുള്ളത്.

രാജ്യത്ത് 4,800 ശാഖകളാണ് മുത്തൂറ്റ് ഫിനാന്‍സിനുള്ളത്. കേരളത്തില്‍ മാത്രം 500 ഓളം ശാഖകളുണ്ട്.

2023 മാര്‍ച്ച് 31 വരെ 62,000 കോടി രൂപയുടെ സ്വര്‍ണ വായ്പാ ബിസിനസാണ് മുത്തൂറ്റ് ഫിനാന്‍സിന്റെ ബാലന്‍സ് ഷീറ്റിലുള്ളത്. ഇതില്‍ കേരളത്തിന്റെ സംഭാവന 1,675 കോടി രൂപ മാത്രമാണ്.

ധനലക്ഷ്മി ബാങ്ക് ഒഴികെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ സ്വര്‍ണ വായ്പാ ബിസിനസിന്റെ കാര്യത്തില്‍ മുത്തൂറ്റിനെ മറികടന്നിട്ടുണ്ടാകാമെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്.

2023 മാര്‍ച്ച് 31 വരെയുള്ള കണക്ക്പ്രകാരം ധനലക്ഷ്മി ബാങ്കിന്റെ സ്വര്‍ണ വായ്പാ ബിസിനസ് 1,046.39 കോടി രൂപ മാത്രമാണ്.

കാത്തലിക് സിറിയന്‍ ബാങ്ക് 3,525.09 കോടി രൂപയുടെ സ്വര്‍ണ വായ്പാ ബിസിനസ് ചെയ്തു. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സ്വര്‍ണ വായ്പാ ബിസിനസ് 4,283.06 കോടി രൂപയാണ്. അതേസമയം സംസ്ഥാനത്തെ ഏറ്റവും വലിയ വായ്പാ ദാതാവായി ഫെഡറല്‍ ബാങ്ക് മാറി. ബാങ്കിന്റേത് 2023 സാമ്പത്തിക വര്‍ഷാവസാനം 7157.70 കോടി രൂപയാണ്.

നിക്ഷേപത്തില്‍ ഒന്നാമന്‍

സ്വര്‍ണ വായ്പാ ബിസിനസ്സിന്റെ കാര്യത്തില്‍ പിന്‍നിരയിലാണെങ്കിലും നിക്ഷേപയിനത്തില്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ 50 ശതമാനവും സംഭാവന ചെയ്യുന്നത് കേരളമാണ്. നോണ്‍-കണ്‍വെര്‍ട്ടിബിള്‍ ഡിബന്‍ജര്‍ (എന്‍സിഡി) ന്റെ രൂപത്തിലാണ് നിക്ഷേപം കൂടുതലും സമാഹരിച്ചത്.

സ്വര്‍ണ വായ്പാ ബിസിനസ്സിന് ശക്തി പകരുന്ന ഘടകവും ഇതാണ്.

കോര്‍പ്പറേറ്റ് നികുതിയിനത്തില്‍ സംസ്ഥാന ഖജനാവിലേക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്നത് മുത്തൂറ്റ് ഫിനാന്‍സാണെന്നതും പ്രാധാന്യമര്‍ഹിക്കുന്ന ഒരു കാര്യമാണ്. 2023 സാമ്പത്തിക വര്‍ഷത്തില്‍ കോര്‍പറേറ്റ് നികുതിയുടെ 40ശതമാനമാണു കോര്‍പ്പറേറ്റ് നികുതിയിനത്തില്‍ മുത്തൂറ്റ് ഫിനാന്‍സില്‍ നിന്നും കേരള സര്‍ക്കാറിന് ലഭിക്കുന്നത്. ഇത് ഏകദേശം 600 കോടി രൂപയോളം വരും.

മൊത്തം സ്വര്‍ണ വായ്പകള്‍

2023 മാര്‍ച്ച് അവസാനം വരെ കേരളത്തിലെ ബാങ്കിംഗ് മേഖലയിലെ സ്വര്‍ണ വായ്പകള്‍ 85,107.51 കോടി രൂപയാണ്. ഇതില്‍ 65,046.97 കോടി രൂപ പൊതുമേഖലാ ബാങ്കുകളുടേതാണ്

Tags:    

Similar News