ലോഹങ്ങളും റീയൽറ്റിയും വിപണിക്ക് താങ്ങായി; ബാങ്ക് നിഫ്റ്റി വീണ്ടും റെക്കോർഡിലേക്ക്
- ബാങ്ക് നിഫ്റ്റി ഇടക്ക് സർവകാല റെക്കോർഡ് ആയ 44,151.80 ൽ എത്തി
- നിഫ്ടിയിൽ ഹിൻഡാൽകോയും ഓ എൻ ജി സിയും 2.5 ശതമാനത്തോളം ഉയർന്നിട്ടുണ്ട്.
- യൂറോപ്യൻ വിപണികൾ ഇന്ന് നഷ്ടത്തിലാണ് തുടക്കം.
കൊച്ചി: പി എസ് യു ബാങ്കുകളുടെ പിൻബലത്തിൽ ഇന്നത്തെ വ്യാപാരത്തിൽ സെന്‍സെക്‌സ് 144.61 പോയിന്റ് ഉയർന്ന് 62,677.91 ലും നിഫ്റ്റി 52.30 പോയിന്റ് വർധിച്ചു 18,660.30 ലുമെത്തി. ബാങ്ക് നിഫ്റ്റി ഇടക്ക് സർവകാല റെക്കോർഡ് ആയ 44,151.80 ൽ എത്തിയ ശേഷം 102.85 പോയിന്റ് വർധിച്ച് 44,049.10 ൽ അവസാനിച്ചു. ലോഹങ്ങളും റിയൽറ്റിയും 1.50 ശതമാനത്തോളം ഉയർന്നു.
ആക്സിസ് ബാങ്ക് 52 ആഴ്ചത്തെ ഏറ്റവും ഉയർച്ചയായ 950.15 ൽ എത്തിയിട്ടുണ്ട്. എസ് ബി ഐ 626.75 ലും ലാർസൺ ആൻഡ് ടൂബ്രോ 2210 ലും ഏറ്റവും ഉയർച്ചയിൽ എത്തി.
വില്പനയുടെ അളവ് കണക്കാക്കിയാൽ ടാറ്റ സ്റ്റീൽ ഇന്നും 375.89 ലക്ഷം ഓഹരികളാണ് കൈമാറിയത്; അതായത് 43,374.44 ലക്ഷം രൂപ.
നിഫ്ടിയിൽ ഹിൻഡാൽകോയും ഓ എൻ ജി സിയും 2.5 ശതമാനത്തോളം ഉയർന്നിട്ടുണ്ട്. ടെക് മഹിന്ദ്ര, ജെ എസ് ഡബ്ലിയു, യു പി എൽ എന്നിവയും 1.50 ശതമാനത്തോളം നേട്ടത്തിൽ മികച്ച മുന്നേറ്റമാണ് കാഴ്ചവെച്ചത്.
നെസ്‌ലെ, ഭാരതി എയർടെൽ, ഐ സി ഐ സി ഐ ബാങ്ക്,ഏഷ്യൻ പെയിന്റ്സ്, ഹിന്ദുസ്ഥാൻ യൂണി ലിവർ എന്നിവ നഷ്ടത്തിലാണ് ഇന്നവസാനിച്ചത്.
എൻഎസ്ഇ 50ലെ 34 ഓഹരികൾ ഉയർന്നിട്ടുണ്ട്; 16 ഓഹരികൾ താഴ്ചയിലാണ്.
ജിയോജിത് ഫിനാൻഷ്യൽ റിസർച്ച് മേധാവി വിനോദ് നായർ പറയുന്നു: "പ്രധാന ആഗോള സമ്പദ്‌വ്യവസ്ഥകളിൽ നിന്ന് പ്രതീക്ഷിച്ചതിലും മികച്ച പണപ്പെരുപ്പ കണക്കുകൾ ഐടി ഓഹരികൾക്കൊപ്പം ആഭ്യന്തര വിപണിയുടെ ബുള്ളിഷ്നെസ്സിനെ സഹായിച്ചു. യുഎസ് സിപിഐ പണപ്പെരുപ്പം നവംബറിൽ 7.1% ആയി കുറയുന്നത് ഫെഡ് കൂടുത കർക്കശമാവാതിരിക്കാൻ സഹായിച്ചേക്കും. എങ്കിലും അവർ നിരക്ക് 50 ബേസിസ് പോയിന്റുകൾ ഉയർത്താനിടയുണ്ടെങ്കിലും ഭാവിയിലെ പണപ്പെരുപ്പത്തെയും നിരക്ക് നടപടികളെയും കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങൾ വിപണി ചലനങ്ങളെ സ്വാധീനിക്കും.
കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ ആസ്റ്റർ ഡിഎമ്മും, സിഎസ്‌ബി ബാങ്കും, ഫെഡറൽ ബാങ്കും, ധനലക്ഷ്മി ബാങ്കും, ജിയിജിത്തും, കിറ്റെക്‌സും, മണപ്പുറവും, മുത്തൂറ്റ് ക്യാപിറ്റലും, മുത്തൂറ്റ് ഫൈനാൻസും, വി ഗാർഡും ലാഭത്തിലായിരുന്നു. എന്നാൽ, കല്യാൺ ജൂവല്ലേഴ്‌സും, വണ്ടർ ലയും ജ്യോതി ലാബും, കിംസും, ഹാരിസൺ മലയാളവും ചുവപ്പിലേക്ക് വീണിട്ടുണ്ട്. റീയൽട്ടി കമ്പനികളായ പുറവങ്കര നഷ്ടത്തിൽ അവസാനിച്ചപ്പോൾ ശോഭയും പി എൻ സി ഇൻഫ്രയും നേട്ടത്തിലാണ്.
രാവിലെ 32 പോയിന്റ് ഉയർന്ന് ആരംഭിച്ച സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി ഇപ്പോഴും ഏകദേശം ആ നിലയിൽ തന്നെ തുടരുന്നു.
ജക്കാർത്ത നഷ്ടത്തിലാണ് അവസാനിച്ചത്. എന്നാൽ, തായ്‌വാൻ, സിയോള്‍, ഷാങ്ഹായ്, ഹോങ്കോങ് ഹാങ്ങ് സെങ്, ടോക്കിയോ നിക്കേ എന്നിവ ലാഭത്തിൽ ക്ളോസ് ചെയ്തു.
യുഎസ് വിപണികൾ ഇന്നലെ കുതിപ്പിലായിരുന്നു. എന്നാൽ, യൂറോപ്യൻ വിപണികൾ ഇന്ന് നഷ്ടത്തിലാണ് തുടക്കം.
സംസ്ഥാനത്ത് സ്വര്‍ണവില 22 കാരറ്റ് പവന് 40,000 കടന്നു. ഇന്ന് പവന് 400 രൂപ വര്‍ധിച്ച് 40,240 രൂപയായി. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 5,030 രൂപയിലെത്തി. കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച (ഡിസംബര്‍ 12) പവന് 80 രൂപ കുറഞ്ഞ് 39,840 രൂപയിലെത്തിയിരുന്നു.
യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 82.49-ൽ എത്തിയിട്ടുണ്ട്.