നിരക്ക് വർധനയുടെ ഉന്മേഷത്തിലും ജിഡിപി പ്രവചനം ആശങ്ക പരത്തുന്നു
- റീട്ടെയിൽ പണപ്പെരുപ്പം അടുത്ത സാമ്പത്തിക വർഷം 5.3 ശതമാനമായി കുറയുമെന്ന് റിസർവ് ബാങ്ക്
- സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി ഇന്ന് രാവിലെ 8.15 ന് 15.00 പോയിന്റ് ഉയർന്നാണ് വ്യാപാരം നടക്കുന്നത്.
കൊച്ചി: വിട്ടുമാറാതെ നിൽക്കുന്ന പണപ്പെരുപ്പം ചൂണ്ടിക്കാട്ടി റിസർവ് ബാങ്ക് ബുധനാഴ്ച റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് വർധിപ്പിച്ചത് ഇന്നലെ വിപണിക്ക് ഉണർവേകി. ഈ വർധനയോടെ റിപ്പോ നിരക്ക് 6.50 ശതമാനമായി. ഏപ്രിൽ മാസത്തെ ആർ ബി ഐ-യുടെ അടുത്ത അവലോകനത്തിൽ 25 ബേസിസ് പോയിന്റ് കൂടി വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
എങ്കിലും 2023-24ൽ വളർച്ച നിരക്ക് കഴിഞ്ഞയാഴ്ച പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവേയിൽ പറഞ്ഞതിന് അനുസൃതമായി കുറഞ്ഞ് 6.4 ശതമാനമായിരിക്കുമെന്നാണ് റിസർവ് ബാങ്കും പ്രവചിക്കുന്നത്. എന്നാൽ, പച്ചക്കറി വില പ്രതീക്ഷിച്ചതിലും കുത്തനെ ഇടിഞ്ഞതിന്റെയും ഇന്ത്യൻ ബാസ്‌ക്കറ്റ് ക്രൂഡ് ബാരലിന് 95 ഡോളറായതിന്റെയും പശ്ചാത്തലത്തിൽ, റീട്ടെയിൽ പണപ്പെരുപ്പം അടുത്ത സാമ്പത്തിക വർഷം 5.3 ശതമാനമായി കുറയുമെന്ന് റിസർവ് ബാങ്ക് പ്രത്യാശിക്കുന്നു. നടപ്പ് സാമ്പത്തിക വർഷത്തിലെ പണപ്പെരുപ്പ വീക്ഷണം നേരത്തെ പ്രവചിച്ചിരുന്ന 6.8 ശതമാനത്തിൽ നിന്ന് ആർ ബി ഐ 6.5 ശതമാനമാക്കിയിട്ടുണ്ട്.
ഇന്നലെ സെൻസെക്സ് 377.75 പോയിന്റ് ഉയർന്ന് 60,663.79 ൽ അവസാനിച്ചപ്പോൾ നിഫ്റ്റി 150.20 പോയിന്റ് നേട്ടത്തിൽ 17871.70 ൽ എത്തി. ബാങ്ക് നിഫ്റ്റിയാകട്ടെ 46.70 പോയിന്റ് ഉയർന്ന് 41537.65-ലാണ് അവസാനിച്ചത്.
അതോടൊപ്പം, അദാനി ഗ്രൂപ്പ് കമ്പനികൾ മിക്കതും നേട്ടത്തിലായിരുന്നു. അദാനി എന്റർപ്രൈസസ് 20 ശതമാനം ഉയർച്ചയിലാണവസാനിച്ചത്.
സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി ഇന്ന് രാവിലെ 8.15 ന് 15.00 പോയിന്റ് ഉയർന്നാണ് വ്യാപാരം നടക്കുന്നത്.
ഇന്ന് ആപ്ടെക് ലിമിറ്റഡ്, അരബിന്ദോ ഫാർമ, ബജാജ് കൺസ്യൂമർ കെയർ, ബോംബെ ഡൈയിംഗ്, ധൂത് ഇൻഡസ്ട്രിയൽ ഫിനാൻസ്, ഫിനോലെക്സ് കേബിൾസ്, ഗ്രീവ്സ് കോട്ടൺ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ഹിൻഡാൽകോ, ഐആർസിടിസി, ലുപിൻ, എംആർഎഫ്, കൽപതരു പവർ ട്രാൻസ്മിഷൻ, കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ജെറ്റ് എയർവേസ്, ഫൈസർ, സുല വൈൻയാർഡ്‌സ്, സുസ്ലോൺ, ഉജ്ജീവൻ ഫിനാൻഷ്യൽ സർവീസസ്, വോൾട്ടാസ്, സൊമാറ്റോ, തുടങ്ങിയ മുൻനിര കമ്പനികളുടെ പാദ ഫലങ്ങൾ പുറത്തുവരുന്നുണ്ട്.
എഫ് ഐഐ/ഡിഐഐ
എൻഎസ്ഇ കണക്കുകൾ പ്രകാരം ബുധനാഴ്ച (February 7) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 941.16 കോടി രൂപക്ക് അധികം വാങ്ങി. എന്നാൽ, വിദേശ നിക്ഷേപ സ്ഥാപനങ്ങൾ -736.82 കോടി രൂപക്ക് അധികം വില്പന നടത്തി.
ലോക വിപണി
ഏഷ്യൻ വിപണികൾ ഇന്ന് പൊതുവെ മിശ്രിതമായാണ് ആരംഭിച്ചിട്ടുള്ളത്.
എന്നാൽ, ഇന്നലെ യുഎസ് സൂചികകളെല്ലാം താഴ്ചയിലായിരുന്നു. ഡൗ ജോൺസ് -207.68 പോയിന്റും എസ് ആൻഡ് പി 500 -46.14 പോയിന്റും നസ്‌ഡേക് -203.27 പോയിന്റും താഴ്ചയിൽ അവസാനിച്ചു.
യൂറോപ്പിലും സൂചികകൾ മിശ്രിതമായിരുന്നു. പാരീസ് യുറോനെക്സ്റ്റ് (-12.52) താഴ്ന്നപ്പോൾ ലണ്ടൻ ഫുട്‍സീ (20.46) ഫ്രാങ്ക്ഫർട് ഡി എ എക്സ് (91.17) എന്നിവ ഉയർന്നു.
വിദഗ്ധാഭിപ്രായം
വിനോദ് നായർ, റിസർച്ച് മേധാവി, ജിയോജിത് ഫിനാൻഷ്യൽ സർവീസസ്: ഇന്ത്യയുടെ ജിഡിപി വളർച്ച 2023-24 ൽ നേരിയ തോതിൽ കുറയുമെന്ന് പ്രതീക്ഷിക്കുന്നു; അതേസമയം, ഓഹരി മൂല്യം മറ്റ് വളർന്നുവരുന്ന വിപണികളേക്കാൾ ഉയർന്നതാണ്. അതിനാൽ, നിക്ഷേപകർ വളർച്ചാ ഓഹരികളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുകയും എഫ്എംസിജി, ഐടി, ഫാർമ, ടെലികോം തുടങ്ങിയ പ്രതിരോധ മേഖലകളിൽ വാങ്ങുകയും വേണം. സുസ്ഥിരമായ വളർച്ചാ അവസരങ്ങളും മൂല്യനിർണ്ണയത്തിലെ മിതത്വവും കാരണം, മേഖലാ അടിസ്ഥാനത്തിലുള്ള ഇൻഫ്രാ, മൂലധന ചരക്കുകൾ, ഉൽപ്പാദനം എന്നിവ മാന്യമായ തോതിലാണ് ഇപ്പോഴുള്ളത്. മൂല്യനിർണ്ണയത്തിലെ ഇപ്പോഴുള്ള ഇടിവ് കാരണം ചെറുകിട, മിഡ്‌ക്യാപ് ഓഹരികളും ദീർഘകാലാടിസ്ഥാനത്തിൽ ആകർഷകമാണ്.
ശ്രദ്ധിക്കേണ്ട ഓഹരികൾ
സർക്കാർ ഉടമസ്ഥതയിലുള്ള ജലവൈദ്യുത ഭീമനായ എൻ എച് പി സിയുടെ (ഓഹരി വില: 40.05 രൂപ) 2022 ഡിസംബർ പാദത്തിലെ ഏകീകൃത അറ്റാദായം ഉയർന്ന ചെലവുകൾ കാരണം 12.59 ശതമാനം ഇടിഞ്ഞ് 775.99 കോടി രൂപയായി; ൨കഴിഞ്ഞ വർഷം ഇതേ പാദത്തിൽ കമ്പനിയുടെ അറ്റാദായം 887.76 കോടി രൂപയായിരുന്നു.
ഡിസംബർ പാദത്തിൽ അദാനി വിൽമറിന്റെ (ഓഹരി വില: 418.50 രൂപ) കൺസോളിഡേറ്റഡ് അറ്റാദായം 15 ശതമാനം വർധിച്ച് 246.11 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ അറ്റാദായം 211.41 കോടി രൂപയായിരുന്നു.
നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ ശ്രീ സിമന്റിന്റെ (ഓഹരി വില: 24239.95 രൂപ) കൺസോളിഡേറ്റഡ് അറ്റാദായം 41.61 ശതമാനം ഇടിഞ്ഞ് 281.83 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ 482.70 കോടി രൂപയാണ് അറ്റാദായം റിപ്പോർട്ട് ചെയ്തിരുന്നത്.
ഗോൾഡ് ഫിനാൻസ് കമ്പനിയായ മുത്തൂറ്റ് ഫിനാൻസ് (ഓഹരി വില: 1006.35 രൂപ) നോൺ കൺവെർട്ടബിൾ ഡിബെഞ്ചറുകൾ ഇഷ്യൂ ചെയ്ത് 500 കോടി രൂപ സമാഹരിക്കുന്നു.ഫെബ്രുവരി 8 മുതലാണ് ഡിബെഞ്ചറുകൾ ഇഷ്യൂ ചെയ്യാൻ ആരംഭിച്ചത്.
ഡിസംബറിൽ അവസാനിച്ച പാദത്തിൽ പ്രമുഖ മീഡിയ കമ്പനിയായ എൻ ഡി ടി വിയുടെ (ഓഹരി വില: 227.70 രൂപ) അറ്റാദായം 49.76 ശതമാനം കുറഞ്ഞ് 15.05 കോടി രൂപയായി.
യുഎസ് ഡോളർ = 82.54 രൂപ (-16 പൈസ).
ബ്രെന്റ് ക്രൂഡോയില്‍ ഫ്യൂച്ചേഴ്‌സ് (ബാരലിന്) 84.79 ഡോളർ (+1.31%)
സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 5,275 രൂപ (+0 രൂപ)
ബിറ്റ് കോയിൻ = 19,40,000 രൂപ.
ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.38 ശതമാനം താഴ്ന്ന് 103.03 ആയി.