അറബ്- ഇസ്രയേല്‍ സംഘര്‍ഷം; എണ്ണവിലയില്‍ 4% വര്‍ധന

  • ഇസ്രായേലും പലസ്തീനും എണ്ണ ഉത്പാദകരല്ല.

Update: 2023-10-09 05:30 GMT

ഇസ്രായേലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ എണ്ണവില വില  നാല് ശതമാനം ഉയര്‍ന്നു.  ഈ സംഘർഷ മേഖലയിലാണ്  ആഗോള എണ്ണ വിതരണത്തിന്റെ മൂന്നിലൊന്ന് നിയന്തിക്കുന്ന  പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍.

എണ്ണ വില ഇന്ന് (ഒക്ടോബര് 9 )വ്യാപാരം തുടങ്ങുമ്പോൾ  ബാരലിന് 86 ഡോളറിന് മുകളില്‍ ഉയര്‍ന്നു. വാരാന്ത്യത്തിൽ  ഇത് 4 ശതമാനത്തിനു താഴെ 83 .5 ഡോളറിലായിരുന്നു .

സംഘര്‍ഷ മേഖലയിലേക്ക് യുദ്ധക്കപ്പലുകള്‍ അയക്കുമെന്ന് അമേരിക്ക അറിയിച്ച പശ്ചാത്തലത്തിൽ എണ്ണയുടെ വില  പിന്നയും മുകളിലേക്ക് പോകാനാണ് സാധ്യത.  പോരാട്ടം മൂന്നാം ദിവസത്തിലേക്ക് കടന്നപ്പോള്‍ 1100 പേര്‍ കൊല്ലപ്പെട്ടതായാണ്  ഔദ്യോഗിക റിപ്പോര്‍ട്ട്.

അതേസമയം ഇസ്രായേലിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ എണ്ണ വിപണിക്ക് പെട്ടൊന്നൊരു വെല്ലുവിളിയാകില്ലെന് വിലയിരുത്തലും അന്താരാഷ്‌ട്രതലതത്തിലുണ്ട്.

ആഗോള പണപ്പെരുപ്പം സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ന്നുവരുന്നുണ്ട്. നിലവില്‍ പശ്ചിമേഷ്യയിലെ പിരിമുറുക്കം രൂപയേയും വിദേശ നിക്ഷേപങ്ങളേയും ദോഷകരമായി ബാധിക്കാന്‍ സാധ്യയുണ്ട്. ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം വിപണിയില്‍ വലിയ അനിശ്ചിതത്വമാണ് സൃഷ്ടിച്ചതെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു.

'ഈ യുദ്ധം എങ്ങനെ പരിണമിക്കുമെന്ന് ആര്‍ക്കും അറിയില്ല. മരണവും നാശവും ദാരുണമാണെങ്കിലും, നിലവില്‍ ഇത് എണ്ണ വിതരണത്തില്‍ വലിയ തടസ്സമുണ്ടാക്കാന്‍ സാധ്യതയില്ല. പ്രത്യേകിച്ച് ഇന്ത്യയെപ്പോലുള്ള പ്രധാന എണ്ണ ഇറക്കുമതി രാജ്യങ്ങളെ പ്രതികൂലമായി ബാധിക്കില്ല,' വിജയകുമാര്‍ പറഞ്ഞു.

ഹമാസിന്റെ പ്രധാന പിന്തുണക്കാരായ ഇറാനെ യുദ്ധത്തിലേക്ക് വലിച്ചിഴച്ചാല്‍ സ്ഥിതിഗതികള്‍ മാറും. ഈ നീക്കം എണ്ണ വിതരണത്തെ തടസ്സപ്പെടുത്തുകയും ക്രൂഡിന്റെ വര്‍ധനവിന് കാരണമാകുകയും ചെയ്യും. ഇത് വിപണിയില്‍ അപകടസാധ്യത സൃഷ്ടിക്കും. ജാഗ്രത പാലിക്കേണ്ട സമയമാണിത്. നിക്ഷേപകര്‍ വലിയ റിസ്‌ക് എടുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കും. സംഭവവികാസങ്ങള്‍ വെളിപ്പെടുന്നതുവരെ കാത്തിരിക്കുക. ഉയര്‍ന്ന നിലവാരമുള്ള ഓഹരികള്‍ ഇടിഞ്ഞാല്‍ ദീര്‍ഘകാല നിക്ഷേപകര്‍ക്ക് അവ വാങ്ങാനാകും,' അദ്ദേഹം പറഞ്ഞു.

ബ്രെന്റ് ക്രൂഡ് ഓയില്‍ ഫ്യൂച്ചര്‍ ഇന്ന് ഏകദേശം അഞ്ച് ശതമാനം ഉയര്‍ന്ന് ബാരലിന് 88.76 ഡോളറിലെത്തി. നിലവില്‍ 3.33 ശതമാനം ഉയര്‍ന്ന് 87.4 ഡോളര്‍ ഉയര്‍ന്നാണ് വ്യാപാരം നടക്കുന്നത്. ക്രൂഡ് വില ബാരലിന് 3.90 ശതമാനത്തിന് മുകളിലായി വ്യാപാരം നടത്തുക്കുന്നത്. സമാനമായി നാച്യുറല്‍ ഗ്യാസ് 3.02 ശതമാനം ഉയര്‍ന്ന് 3.44 ഡോളറിലെത്തി. ഗ്യാസ് ഓയില്‍ 2.21 ശതമാനം ഉയര്‍ന്ന് 2.24 ഡോളറായി. മറുവശത്ത്, യുഎസ് ഡബ്ല്യുടിഐ ക്രൂഡ് 5.1 ശതമാനം ഉയര്‍ന്ന് ബാരലിന് 87.02 ഡോളറിലെത്തി. യുദ്ധം മുറുകുമ്പോള്‍ സ്വര്‍ണത്തിന് കൂടുതല്‍ നേട്ടമുണ്ടാകുമെന്ന് ഇന്ത്യന്‍ ബ്രോക്കറേജ് സ്ഥാപനമായ ഷെയര്‍ഖാനിലെ കറന്‍സി-കമ്മോഡിറ്റീസ്- വിഭാഗം മേധാവി പ്രവീണ്‍ സിംഗ് പറഞ്ഞു.

സൗദി അറേബ്യ, ഈജിപ്ത് തുടങ്ങിയ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ ഹമാസ് പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്നില്ലെന്നാണ് വിലയിരുത്തല്‍. എണ്ണവില 10-12 ശതമാനത്തില്‍ കൂടാതിരിക്കാന്‍ ഒപെക് രാജ്യങ്ങള്‍ ശ്രദ്ധിക്കും. മാത്രമല്ല ഒരു പരിധിക്കപ്പുറം എണ്ണവില ഉയരില്ലെന്ന് ഉറപ്പാക്കാന്‍ അമേരിക്കന്‍ ധാരണകളുമുണ്ട്.

Tags:    

Similar News