ദീപാവലിത്തിളക്കത്തില്‍ വെളിച്ചെണ്ണ; വിലയിടിഞ്ഞ് കുരുമുളക്

  • ഒരാഴ്ച്ചക്കിടയില്‍ കുരുമുളകിന് കുറഞ്ഞത് ക്വിന്റലിന് 1600 രൂപ
  • റബറിനും വില കുറയുന്നു
  • പുതിയ ഏലക്ക ലഭ്യത കുറഞ്ഞു

Update: 2024-10-17 12:26 GMT

ദീപാവലി അടുത്തതോടെ വെളിച്ചെണ്ണവില ഉയരുമെന്ന പ്രതീക്ഷയിലാണ് കൊപ്രയാട്ട് വ്യവസായികള്‍. ഇനിയുള്ള രണ്ടാഴ്ച്ചകളില്‍ ഭക്ഷ്യയെണ്ണകള്‍ക്ക് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും ആവശ്യം ഉയരുമെന്ന് അവര്‍ കണക്കുകൂട്ടുന്നു. ഇതിനിടയില്‍ ഉണ്ട കൊപ്രയ്ക്കും രാജാപൂര്‍ കൊപ്രയ്ക്കും ഉത്തരേന്ത്യന്‍ നിന്നും ഉത്സവ ഡിമാന്റും വിപണി പ്രതീക്ഷിക്കുന്നു. നവരാത്രി ഡിമാന്റിനിടയില്‍ ഉണ്ട കൊപ്ര കിലോ 190 രൂപയായും രാജാപൂര്‍ കൊപ്ര 224 രൂപയായും ഉയര്‍ന്ന് ഇടപാടുകള്‍ നടന്നിരുന്നു. ഭക്ഷ്യ ആവശ്യത്തിനുള്ള ഉണ്ട കൊപ്ര ഉല്‍പാദനം ഇക്കുറി കുറഞ്ഞതാണ് റെക്കോര്‍ഡ് വിലക്കയറ്റത്തിന് അവസരം ഒരുക്കിയത്.

വിദേശ കുരുമുളക് താഴ്ന്ന വിലയ്ക്ക് ഇറക്കുമതി നടത്തിയവര്‍ ഉല്‍പ്പന്നം വിറ്റുമാറാന്‍ മത്സരിച്ചതോടെ ഒരാഴ്ച്ചക്കിടയില്‍ ക്വിന്റലിന് 1600 രൂപ ഇടിഞ്ഞ് 62,800 രൂപയായി. വ്യവസായികള്‍ നേരത്തെ ക്വിന്റലിന് 50,000 രൂപയില്‍ താഴ്ന്ന വിലയ്ക്ക് ഇറക്കുമതി നടത്തിയ കുരുമുളക് ഉത്തരേന്ത്യയില്‍ ഇപ്പോള്‍ വിറ്റുമാറുന്നത്. അതേ സമയം കുരുമുളകിന് നേരിട്ട തളര്‍ച്ച മുന്‍ നിര്‍ത്തി ഉല്‍പാദന മേഖല ടെര്‍മിനല്‍ മാര്‍ക്കറ്റിലേയ്ക്കുള്ള ചരക്ക് നീക്കം നിയന്ത്രിച്ചു. ആകെ 17 ടണ്‍ മുളക് മാത്രമാണ് വിപണിയില്‍ എത്തിയത്.

ഏഷ്യന്‍ റബര്‍ അവധി വ്യാപാരത്തില്‍ നിക്ഷേപകര്‍ ലാഭമെടുപ്പ് തുടങ്ങിയത് ഷീറ്റ് വിലയെ ബാധിച്ചു. ജപ്പാന്‍, സിംഗപ്പുര്‍, ചൈനീസ് അവധി വ്യാപാര കേന്ദ്രങ്ങളിലെ തളര്‍ച്ച കണ്ട് ഉല്‍പാദന രാജ്യങ്ങള്‍ ഷീറ്റ് വില താഴ്ത്തി. ഒക്ടോബര്‍ ആദ്യം കിലോ 254 രൂപയില്‍ ഇടപാടുകള്‍ നടന്ന തായ്‌ലണ്ടില്‍ രണ്ടാഴ്ച്ചക്കിടയില്‍ 33 രൂപ കുറഞ്ഞ് 223 രൂപയായി. നവരാത്രിക്ക് ശേഷം ഉത്തരേന്ത്യന്‍ ചെറുകിട വ്യവസായികള്‍ വിപണികളില്‍ തിരിച്ചെത്തിയെങ്കിലും വിദേശത്തെ തളര്‍ച്ച കണ്ട് അവര്‍ നാലാം ഗ്രേഡ് റബര്‍ വില 195 രൂപയില്‍ നിന്ന് 193 ലേയ്ക്ക് താഴ്ത്തി.

ഏലക്ക ലേല കേന്ദ്രങ്ങളിലെത്തുന്ന ചരക്കില്‍ ഏറിയ പങ്കും മുന്‍ സീസണിലെ നീക്കിയിരിപ്പെന്ന് ഉല്‍പാദന മേഖല. ഈ വര്‍ഷം പ്രതികൂല കാലാവസ്ഥയില്‍ ഉല്‍പാദനം കുറഞ്ഞതിനാല്‍ പുതിയ ഏലക്ക ലഭ്യത ഹൈറേഞ്ചില്‍ കുറഞ്ഞു. ഉത്സവ ഡിമാന്റില്‍ കിലോ 2298 രൂപ വരെ ഉയര്‍ന്ന് ശരാശരി ഇനങ്ങളുടെ ഇടപാടുകള്‍ നടന്നു. മൊത്തം 74,558 കിലോ ഏലക്കയുടെ കൈമാറ്റം നടന്നു.

Tags:    

Similar News