വിപണിയിലെ ചാഞ്ചാട്ടങ്ങൾ ഒരു വർഷം വരെ നീണ്ടുനിന്നേക്കാം: വിവേക് ഗോയൽ

ഇന്ത്യൻ ഓഹരി വിപണി ബെയർ മാർക്കറ്റ് സ്വഭാവത്തിലേക്ക് വീഴുന്നതിന്റെ വക്കിലാണിപ്പോൾ. പല പ്രമുഖ ലാർജ് ക്യാപ്, മിഡ് ക്യാപ് ഓഹരികളും അവയുടെ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഇത്തരം സന്ദർഭങ്ങളിലാണ് ആശങ്കാകുലരായ നിക്ഷേപകർ അവരുടെ പോർട്ട്ഫോളിയോയിൽ വൻ കുറവ് വരുത്തുന്നത്. എന്നാൽ ഇതേ സമയം മികച്ച ഓഹരികൾ കുറഞ്ഞ വിലക്ക് സ്വന്തമാക്കുവാനും സാധിക്കും. വിപണിയിൽ നിലനിൽക്കുന്ന അനിശ്ചിതാവസ്ഥകളെപ്പറ്റിയും, നിക്ഷേപ അവസരങ്ങളെപ്പറ്റിയും ടെയ്ൽ വിൻഡ് ഫിനാൻഷ്യൽ സർവ്വീസസിന്റെ കോ-ഫൗണ്ടറും ജോയിന്റ് മാനേജിങ് ഡയറക്ടറുമായ വിവേക് ഗോയൽ മൈഫിൻപോയിന്റുമായുള്ള […]

Update: 2022-06-25 23:30 GMT

ഇന്ത്യൻ ഓഹരി വിപണി ബെയർ മാർക്കറ്റ് സ്വഭാവത്തിലേക്ക് വീഴുന്നതിന്റെ വക്കിലാണിപ്പോൾ. പല പ്രമുഖ ലാർജ് ക്യാപ്, മിഡ് ക്യാപ് ഓഹരികളും അവയുടെ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഇത്തരം സന്ദർഭങ്ങളിലാണ് ആശങ്കാകുലരായ നിക്ഷേപകർ അവരുടെ പോർട്ട്ഫോളിയോയിൽ വൻ കുറവ് വരുത്തുന്നത്. എന്നാൽ ഇതേ സമയം മികച്ച ഓഹരികൾ കുറഞ്ഞ വിലക്ക് സ്വന്തമാക്കുവാനും സാധിക്കും. വിപണിയിൽ നിലനിൽക്കുന്ന അനിശ്ചിതാവസ്ഥകളെപ്പറ്റിയും, നിക്ഷേപ അവസരങ്ങളെപ്പറ്റിയും ടെയ്ൽ വിൻഡ് ഫിനാൻഷ്യൽ സർവ്വീസസിന്റെ കോ-ഫൗണ്ടറും ജോയിന്റ് മാനേജിങ് ഡയറക്ടറുമായ വിവേക് ഗോയൽ മൈഫിൻപോയിന്റുമായുള്ള പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുന്നു:

കഴിഞ്ഞ ഒക്ടോബറിൽ എക്കാലത്തെയും ഉയർന്ന നിലയായ 62,245 വരെയെത്തിയ സെൻസെക്സ്, അവിടെ നിന്നും 17.50 ശതമാനമാണ് ഇപ്പോൾ ഇടിഞ്ഞത്. അതുപോലെ 2022 ൽ 61,475.15 വരെ സൂചിക ഉയർന്നെങ്കിലും, ഇന്ന് അതിൽ നിന്നും 16.45 ശതമാനം വരെ താഴ്ന്നിരിക്കുന്നു. ആഗോള-ആഭ്യന്തര തലങ്ങളിലുള്ള പ്രതികൂല ഘടകങ്ങൾ പരിഗണിക്കുകയാണെങ്കിൽ, വിപണി കൂടുതൽ താഴേയ്ക്ക് പോകാൻ സാധ്യതയുണ്ടോ?

ഉയരുന്ന പണപ്പെരുപ്പവും, കർശന പണനയങ്ങളും കാരണം ഹ്രസ്വകാല വെല്ലുവിളികൾ പലതുമുണ്ടെങ്കിലും അടുത്ത ഒന്നു രണ്ടു പാദങ്ങളിലായി വിപണി ഇപ്പോഴത്തെ നിലയിൽ ഏകീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധരണ തോതിലുള്ള കാലവർഷവും, 600 ബില്യൺ ഡോളറിലധികം വരുന്ന വിദേശനാണ്യ ശേഖരമുള്ള ആർബിഐ യുടെ ശക്തമായ നിലയും, എസ്ഐപി വഴിയുള്ള റീട്ടെയിൽ നിക്ഷേപകരുടെ തുടർച്ചയായ പങ്കാളിത്തവും ആഭ്യന്തര വിപണിക്ക് ബലമേകുന്നുണ്ട്. എങ്കിലും പണപ്പെരുപ്പത്തെ സൂക്ഷ്മമായി തന്നെ വിലയിരുത്തേണ്ടതുണ്ട്. തുടർച്ചയായി ഉയരുന്ന പണപ്പെരുപ്പം നിക്ഷേപകരുടെ പ്രതീക്ഷകളെ തകിടം മറിക്കുകയും, അത് വിപണിയെ കൂടുതൽ താഴ്ചയിലേക്ക് തള്ളി വിടുകയും ചെയ്യും.

അടുത്ത ഒന്നു രണ്ടു വർഷത്തേക്ക് വിപണിയിൽ നിന്നു പ്രതീക്ഷിക്കാവുന്ന റിട്ടേൺ എത്രയാണ്?

ഞാൻ വിശ്വസിക്കുന്നത് നിക്ഷേപകർ എപ്പോഴും മധ്യകാല-ദീർഘകാല ലക്ഷ്യങ്ങളോടെ ഓഹരി വിപണിയെ സമീപിക്കണമെന്നാണ്. ഒന്നോ രണ്ടോ വർഷത്തേക്ക് നിക്ഷേപിക്കാൻ പറ്റിയ ഇടമല്ല ഇത്. പ്രത്യേകിച്ചും, കേന്ദ്ര ബാങ്കുകളും ഗവൺമെന്റുകളും കോവിഡ് കാലത്തു നൽകിയ വലിയ ഉത്തേജക പാക്കേജുകളുടെ പിൻബലത്തിൽ മുന്നേറിയ വിപണിയിലാണ് നാമിപ്പോൾ നില്ക്കുന്നത്. ഈ ഉത്തേജക പാക്കേജുകൾ പിൻവലിക്കപ്പെടുമ്പോൾ ഏകദേശം ഒരു വർഷത്തേക്ക് വിപണി 'സൈഡ് വേയ്സ്' (ഉയർച്ചതാഴ്ച്ചകൾ ഇല്ലാതെ വിപണി ഇരുവശത്തേക്കും പോവുന്ന അവസ്ഥ) ആയി തുടർന്നേക്കാം. എന്നിരുന്നാലും, കഴിഞ്ഞ കുറെ വർഷങ്ങളായി നടപ്പാക്കിയ ഡീലിവറേജിങ് മൂലം ശക്തമായ കോർപറേറ്റ് ബാലൻസ് ഷീറ്റുകളും, സ്വകാര്യ നിക്ഷേപങ്ങളുടെ ഒഴുക്കും വളരെ വേഗം തിരിച്ചുവരാൻ വിപണിയെ സഹായിക്കും. ഇത് നിക്ഷേപകർക്ക് മികച്ച അവസരങ്ങൾ നൽകും.

ബാങ്കുകളുടെ നാലാംപാദ ഫലങ്ങൾ കാണിക്കുന്നത് മികച്ച വായ്പാ വളർച്ചയും, ആസ്തികളുടെ ഗുണനിലവാരം വർധിച്ചതുമാണ്. ഇപ്പോഴത്തെ വിലക്കുറവിന്റെ പശ്ചാത്തലത്തിൽ ധനകാര്യ ഓഹരികൾ ദീർഘകാല നിക്ഷേപങ്ങൾക്ക് അനുയോജ്യമാണോ?

ബാങ്കുകളും, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും അവരുടെ ബാലൻസ് ഷീറ്റിൽ ശരിയായ പരിശോധനകൾ വരുത്തിയിട്ടുണ്ട്. പ്രത്യേകിച്ചും ഐബിസി യുടെയും (Insolvency and Bankruptcy Code), കോവിഡുമായി ബന്ധപ്പെട്ട പ്രൊവിഷനിങ്ങിന്റെയും സാഹചര്യത്തിൽ. ഈ രണ്ട് പ്രതിസന്ധികളും ഏറെക്കുറെ അവസാനിച്ച സാഹചര്യത്തിൽ, ആസ്തികളുടെ ഗുണനിലവാരം ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. വായ്പാ വിതരണം ഉയരുന്നതോടെ മധ്യകാല-ദീർഘകാല കാലയളവുകളിൽ ധനകാര്യ സ്ഥാപനങ്ങൾ മികച്ച പ്രകടനം നടത്തും.

ഐടി മേഖല മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചിരുന്നു. അവർക്ക് ലഭിക്കാൻ സാധ്യതയുള്ള ഓർഡറുകളുടെ കാര്യത്തിൽ ആരോഗ്യകരമായ വളർച്ചയുണ്ട്. കൂടാതെ, പുതിയ തൊഴിൽ നിയമനങ്ങളും നന്നായി നടക്കുന്നുണ്ട്. ഇത് മികച്ച ഡിമാന്റിന്റെ സൂചകങ്ങളാണ്. എന്നാൽ ഗ്ലോബൽ ബ്രോക്കറേജ് ജെപി മോർഗൻ ഇന്ത്യൻ ഐടി മേഖലയുടെ റേറ്റിംഗ് കുറച്ചിരുന്നു. ബിഎസ്ഇ ഐടി സൂചിക ജൂൺ 17 ന് അതിന്റെ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ആഭ്യന്തര ഐടി കമ്പനികളിൽ നിന്നും താങ്കൾ എന്താണ് പ്രതീക്ഷിക്കുന്നത്?

കോവിഡിനു ശേഷമുള്ള സാഹചര്യത്തിൽ ഐടി മേഖല ഒരു പ്രതീക്ഷാ കേന്ദ്രമായിരുന്നു. ഇതിനു കാരണം ആഗോള തലത്തിൽ ഡിജിറ്റൽ പരിവർത്തനങ്ങൾ നടക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട ധാരാളം ഓർഡറുകൾ ഇന്ത്യൻ ഐടി കമ്പനികൾക്ക് ലഭിക്കുന്നുണ്ട്. കൂടാതെ, ദുർബ്ബലമായ രൂപ ഐടി കമ്പനികളുടെ വരുമാനം വർധിപ്പിക്കും. ഇതിനു പുറമെ, നേരിയ സാമ്പത്തിക മാന്ദ്യം വലിയ തോതിലുള്ള ജീവനക്കാരുടെ കൊഴിഞ്ഞു പോക്കിന് തടയിടും. ഇത് ലാഭം നിലനിർത്തുന്നതിന് കമ്പനികളെ സഹായിക്കും.

ഈ സമയത്ത് ഏറ്റവും ആകർഷണീയമായി തോന്നുന്ന നിക്ഷേപ മേഖലകൾ ഏതൊക്കെയാണ്?

വിപണിയിൽ വിലയുടെ കാര്യത്തിലും, സമയത്തിന്റെ കാര്യത്തിലും ഇപ്പോൾ കുറവു വരുന്നതിനാൽ പല മേഖലകളുടേയും മൂല്യനിർണയം യുക്തിസഹമാണ്. നാം ബാങ്കുകളെ സംബന്ധിച്ച് ചർച്ചചെയ്തു. ഇതിനു പുറമെ, വായ്പയൊഴികെയുള്ള മറ്റു ധനകാര്യ സേവങ്ങൾ നൽകുന്ന കമ്പനികളുണ്ട്. ഉദാഹരണമായി, ഇൻഷുറൻസ് കമ്പനികൾ, നിക്ഷേപ ഉപദേശങ്ങൾ നൽകുന്നവർ, ആസ്തികൾ കൈകാര്യം ചെയ്യുന്നവർ എന്നിങ്ങനെ. ഇവയൊക്കെ മികച്ച റിട്ടേൺ നൽകിയേക്കും. ചൈനീസ് സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചുള്ള ആശങ്കകൾ ഇപ്പോഴും നിലനിൽക്കുന്നതിനാൽ, ചൈനയോടൊപ്പം മറ്റൊരു രാജ്യത്തെ കൂടി ആശ്രയിക്കാനുള്ള വിദേശ രാജ്യങ്ങളുടെ നയത്തിന്റെ പ്രയോജനം കിട്ടുന്ന മേഖലകളും ദീർഘകാല നിക്ഷേപത്തിന് തിരഞ്ഞെടുക്കാം. പ്രത്യേകിച്ച്, സ്പെഷ്യൽറ്റി കെമിക്കൽസ് പോലെയുള്ളവ.

നിക്ഷേപകർ മറ്റു നിക്ഷേപതന്ത്രങ്ങൾ പരീക്ഷിക്കേണ്ട സമയമാണോ ഇത്?

വെൽത്ത് മാനേജർമാർ എന്ന നിലയിൽ നമ്മൾ എപ്പോഴും വൈവിധ്യമാർന്ന നിക്ഷേപ സാധ്യതകൾക്ക് മുൻതൂക്കം കൊടുക്കുന്നവരാണ്. പുതിയ പുതിയ അവസരങ്ങൾ റീട്ടെയിൽ നിക്ഷേപകരുടെ മുന്നിൽ തെളിയുമ്പോൾ അവർ അത് ഉപയോഗിക്കുന്നതിൽ തെറ്റില്ല. ഞങ്ങൾ നിക്ഷേപകരോട് നിർദ്ദേശിക്കുന്നത്, ഇക്വിറ്റിയുടെ ഒരു ഭാഗമായി വെഞ്ച്വർ ക്യാപിറ്റലിനെ കൂടി ചേർക്കാമെന്നാണ്. അതുപോലെ, സ്ഥിരവരുമാന നിക്ഷേപങ്ങളുടെ കാര്യത്തിൽ അസ്സറ്റ് ലീസിങ് കൂടി ഉൾപ്പെടുത്താനാവും.

ഭാവിയിൽ, ഓഹരി വിപണിയിൽ നിന്നുള്ള വരുമാനത്തെ മറികടക്കാൻ ശേഷിയുള്ള മറ്റേതെങ്കിലും ആസ്തി വിഭാഗം രൂപപ്പെട്ടുവരുമോ?

ഓഹരി വിപണികൾ സമ്പദ്ഘടനയുടെ ചലനങ്ങൾ പ്രതിഫലിപ്പിക്കാൻ ശേഷിയുള്ള ഉപകരണങ്ങളാണ്. വിപണയിൽ പങ്കാളിയാവുക എന്നതിനർത്ഥം ഒരു സമ്പദ്ഘടനയുടെ വളർച്ചയുടെ ഭാഗമാവുക എന്നതാണ്. അതിനു വ്യക്തമായ നിയന്ത്രണങ്ങളും, ചട്ടക്കൂടുകളും നിലവിലുണ്ട്. ഉയർന്ന നിലയിലുള്ള റിസ്ക് എടുക്കാൻ താല്പര്യമുള്ളവർക്ക് ലിസ്റ്റ് ചെയ്യാത്ത കമ്പനികളുടെയും, സ്റ്റാർട്ട്അപ്പുകളുടെയും ആദ്യഘട്ട നിക്ഷേപകരായി മാറാനുള്ള അവസരവുമുണ്ട്. ഇതിൽ നിന്നുള്ള വരുമാനം ലിസ്റ്റഡ് കമ്പനികളിൽ നിന്നുള്ള വരുമാനത്തേക്കാൾ വളരെ വലുതായിരിക്കും. ഇന്ത്യയിൽ ഇത്തരം നിക്ഷേപങ്ങളിലേക്ക് ധാരാളം പണം ഒഴുകുന്നുണ്ട്. ധാരാളം നിക്ഷേപ അവസരങ്ങളും ഇപ്പോൾ ലഭ്യമാണ്. ഭാവിയിൽ ഇവ നിക്ഷേപകർക്ക് മികച്ച വളർച്ചാ സാധ്യതകൾ തുറന്നു കൊടുത്തേക്കാം.

Tags:    

Similar News