300 കോടിയുടെ കരാറിന്‍റെ ബലത്തില്‍ കൊച്ചിന്‍ ഷിപ്പ്‍യാർഡ് ഓഹരിക്ക് മുന്നേറ്റം

  • തുടക്ക വ്യാപാരത്തില്‍ 6% മുന്നേറ്റം
  • മാര്‍ച്ചില്‍ നാവികസേനയില്‍ നിന്ന് 10,000 കോടിയുടെ കരാര്‍
  • ഒരു വര്‍ഷത്തിനിടെ സിഎസ്‍എല്‍ ഓഹരികള്‍ക്ക് 77 % ഉയര്‍ച്ച
;

Update: 2023-06-12 05:13 GMT
cohing shipyard share gain
  • whatsapp icon

നാവിക സേനയ്ക്കായി കപ്പല്‍ നവീകരണം നടത്തുന്നതിനുള്ള 300 കോടി രൂപയുടെ പ്രതിരോധ കരാര്‍ സ്വന്തമാക്കിയതിനു പിന്നാലെ കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡ് ലിമിറ്റഡിന്‍റെ (സിഎസ്എല്‍) ഓഹരികള്‍ക്ക് വിപണിയില്‍ മുന്നേറ്റം. ഇന്ന് (12 -6-2023) തുടക്ക വ്യാപാരത്തില്‍ ഷിപ്പ്‍യാര്‍ഡിന്‍റെ ഓഹരികള്‍ 6 ശതമാനം ഉയര്‍ച്ച പ്രകടമാക്കി. ഇന്ന് അനലിസ്റ്റുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആവശ്യപ്പെടുന്ന ഓഹരികളിലും കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡ് ഉള്‍പ്പെട്ടിട്ടുണ്ട്.

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തില്‍ നിന്നുള്ള എൽ-വൺ/ ലീസ്റ്റ് ബിഡ്ഡർ കരാറാണ് സിഎസ്എല്‍ സ്വന്തമാക്കിയിട്ടുള്ളത്. ഒരു വര്‍ഷത്തിനുള്ളില്‍ കപ്പലുകളുടെ നവീകരണം നടത്തി നല്‍കുന്നതിനാണ് കരാറെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 77 % ഉയര്‍ച്ച ഷിപ്പ്‍യാര്‍ഡ് ഓഹരികള്‍ സ്വന്തമാക്കിയിട്ടുണ്ട്.

മാർച്ചിൽ അവസാനിച്ച പാദത്തിൽ, കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ഏകീകൃത അറ്റാദായം മുന്‍വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് 86% ഇടിഞ്ഞ് 39.3 കോടി രൂപയിലെത്തിയിരുന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള ഏകീകൃത വരുമാനം മുൻ സാമ്പത്തിക വർഷം നാലാം പാദത്തിലെ 1,212.4 കോടി രൂപയിൽ നിന്ന് 51 ശതമാനം കുറഞ്ഞ് 600.1 കോടി രൂപയായി.

കപ്പലുകളുടെ കാര്യക്ഷമതയും ആയുസ്സും വര്‍ധിപ്പിക്കുന്ന തരത്തില്‍ സാങ്കേതിക വിദ്യയില്‍ ഉള്‍പ്പടെ നവീകരണം നടപ്പിലാക്കുന്നതിനുള്ള കരാറാണ് സിഎസ്എലിന് ലഭിച്ചിട്ടുള്ളത്. ആഗോള നിലവാരത്തില്‍ കപ്പലുകള്‍ നിർമിക്കുന്നതിനും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുമുള്ള വൈദഗ്ധ്യം നിലവില്‍ സിഎസ്എലിനുണ്ട്. നാവികസേനയ്ക്കായി പുതുതലമുറ മിസൈല്‍ വെസ്സല്‍ നിർമിക്കുന്നതിനുള്ള 10 ,000 കോടി രൂപയുടെ കരാറും മാര്‍ച്ചില്‍ കമ്പനി കരസ്ഥമാക്കിയിരുന്നു.

ലോകത്തിലെ തന്നെ ആദ്യ സീറോ എമിഷൻ കണ്ടെയ്‌നർ വെസ്സൽ നിർമിക്കുന്നതിനായി, നോര്‍വെയില്‍ നിന്നുള്ള കയറ്റുമതി ഓര്‍ഡറും കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡിന് ലഭിച്ചിട്ടുണ്ട്. 500 കോടി രൂപയാണ് ഈ കരാറിന്‍റെ മൂല്യം. ഹരിത ഇന്ധനങ്ങളുടെ ഉപയോഗം പ്രോല്‍സാഹിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഈ കരാര്‍ സിഎസ്എലിന് ലഭിക്കുന്നതിന് ഇടയാക്കിയിട്ടുള്ളത്. 

ഇപ്പോള്‍ 3.86% ഉയര്‍ച്ചയോടെ 560.60 രൂപയിലാണ് ഇപ്പോള്‍ ( 10.40 AM ) എന്‍എസ്ഇ-യില്‍ കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡ് ഓഹരികളുടെ വില്‍പ്പന.

Tags:    

Similar News