നിക്ഷേപകര്‍ ചുവടുമാറ്റത്തിന് തയ്യാറാകണോ? നക്ഷത്ര പ്രകടനം കാഴ്ചവയ്ക്കാന്‍ മിഡ്-സ്‌മോള്‍ ക്യാപ് ഓഹരികള്‍ക്കാവുമോ?
- എന്തൊക്കെയാണ് വിപണിക്കും ഓഹരികള്‍ക്കും ഈ മുന്നേറ്റത്തിന് സഹായകമായത് ?
- ഓഹരിമാര്‍ക്കറ്റിനു അണ്ടര്‍വെയിറ്റ് നല്കാന്‍ ബ്രോക്കറേജിനെ പ്രേരിപ്പിക്കുന്നത് 5 ഘടകങ്ങള്‍
- 2025 വര്‍ഷത്തില്‍ നിഫ്റ്റി50 കമ്പനികള്‍ 17% ശരാശരി വളര്‍ച്ച നേടുമെന്നാണ് മോത്തിലാല്‍ ഒസ്വാളിന്റെ കണക്കുകൂട്ടല്‍
18 മാസത്തെ റോളര്‍-കോസ്റ്റര്‍ റൈഡിന് ശേഷം, നിഫ്റ്റി-50 ഒടുവില്‍ അതിന്റെ എക്കാലത്തെയും ഉയര്‍ന്ന നിലവാരം മറികടന്ന് ജൂണ്‍ 23-ല്‍ 19K മാര്‍ക്കിലെത്തി. നേട്ടം ഒട്ടും എളുപ്പമായിരുന്നില്ല! 18K-ല്‍ നിന്ന് 19K-ലേക്കുള്ള നിഫ്റ്റിയുടെ യാത്രയ്ക്ക് 425 ട്രേഡിംഗ് ദിവസങ്ങള്‍ (ഒക്ടോബര്‍21-ജൂണ്‍'23 മുതല്‍) വേണ്ടിവന്നു. 17K-ല്‍ നിന്ന് 18K-ലേക്കുള്ള യാത്രയില്‍ 30 ദിവസം മാത്രം! 2023 മാര്‍ച്ചിലെ 16800 എന്ന സപ്പോര്‍ട്ടിലാണ് നിഫ്റ്റി വന്‍ കുതിപ്പ് കരസ്ഥമാക്കിയത്.
16800 എന്ന താഴ്ച അവസരമാക്കിയവര്‍ക്ക് 10 ശതമാനം ശരാശരി റിട്ടേണ്‍സ് നിഫ്റ്റി 50 സൂചിക നല്കിയിട്ടുണ്ടാവണം. 'മറ്റുള്ളവര്‍ ഭയക്കുമ്പോള്‍ അത്യാഗ്രഹികളായിരിക്കുക. മറ്റുള്ളവര്‍ അത്യാഗ്രഹികളാകുമ്പോള്‍ ഭയപ്പെടുക'(fearful when others are greedy and greedy when others are fearful) എന്ന് വാരന്‍ ബഫറ്റ് സൂചിപ്പിക്കുന്നത് ഇത്തരം മാര്‍ക്കറ്റ് ഡിപ്പുകളിലെ അവസരം തന്നെയാവും.
എന്തൊക്കെയാണ് വിപണിക്കും ഓഹരികള്‍ക്കും ഈ മുന്നേറ്റത്തിന് സഹായകമായത് ?
1 . റിസര്‍വ് ബാങ്കിന്റെ വേറിട്ട നിലപാട്
ആഗോള കേന്ദ്ര ബാങ്കുകള്‍ക്കും മുന്നേ പലിശ നിരക്ക് കൂടുതല്‍ വര്‍ധിപ്പിക്കാതെ മാറ്റമില്ലാതെ നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഏപ്രിലില്‍ തന്നെ തീരുമാനിച്ചു. പണ നയ സമിതിയുടെ ദ്വൈമാസ പണ അവലോകനത്തില്‍ റിസര്‍വ് ബാങ്ക് രണ്ടാം തവണയും പ്രധാന പോളിസി നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി. സെന്‍ട്രല്‍ ബാങ്കിന്റെ നീക്കം വിപണിയുടെ വികാരം മെച്ചപ്പെടുത്താന്‍ സഹായിച്ചു.
2 . വൈകുന്ന യുഎസ്. സാമ്പത്തിക മാന്ദ്യം
അമേരിക്കന്‍ സമ്പദ് വ്യവസ്ഥ സാമ്പത്തിക മാന്ദ്യം നേരിടേണ്ടി വരും എന്നതില്‍ കാര്യമായ തര്‍ക്കങ്ങളില്ല. എന്നിരുന്നാലും സമീപകാലത്തായി സാമ്പത്തിക സ്ഥിതിവിവരങ്ങള്‍ സൂചിപ്പിക്കുന്നത് അമേരിക്കന്‍ സമ്പദ് വ്യവസ്ഥ ശക്തമായി നിലനില്‍ക്കുന്നു എന്നാണ്. മാന്ദ്യം വൈകുന്നത് ആഗോള വിപണികള്‍ ശുഭ സൂചനയായി കണക്കാക്കുന്നു.
3 . കറന്റ് അക്കൗണ്ട് കമ്മി
ഇന്ത്യയുടെ വ്യാപാരക്കമ്മി ചുരുങ്ങിവരുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ കരുത്തിനെ സൂചിപ്പിക്കുന്നു. ജനുവരി-മാര്‍ച്ച് കാലയളവില്‍ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി (സിഎഡി) വെറും 1.3 ബില്യണ്‍ ഡോളറായി കുറഞ്ഞു.
ക്രൂഡിന്റെ വില ഇടിവും സേവനമേഖലയുടെ ഉണര്‍വുമാണ് ഏറ്റവും പിന്‍ബലമായത്. ഇന്ത്യയുടെ സേവന വ്യാപാര മിച്ചം 39.1 ബില്യണ്‍ ഡോളറായിരുന്നു, ഇത് വീണ്ടും എക്കാലത്തെയും ഉയര്‍ന്ന നിരക്കാണ്. 2023 സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ഇന്ത്യയുടെ കറണ്ട് അക്കൗണ്ട് കമ്മി ജിഡിപിയുടെ 2.0% ആയി കുറയുമെന്ന് CLSA (പ്രമുഖ ആഗോള ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനി) പ്രവചിക്കുന്നു.
4. കരുത്തുറ്റ വിദേശ നിക്ഷേപം
മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങള്‍ തുടര്‍ച്ചയായ വിദേശ നിക്ഷേപം രേഖപ്പെടുത്തി. ഈ കാലഘട്ടത്തില്‍ ബാങ്കിങ്-ഫിനാന്‍ഷ്യല്‍ സെക്ടര്‍, കണ്‍സ്യുമര്‍ ഡിസ്‌ക്രീഷനറി എന്നിവയിലാണ് ഏറ്റവുമധികം നിക്ഷേപമുണ്ടായത്. ഏറ്റവും അധികം നിക്ഷേപം ഒഴുകിയത് മേയിലാണ്. അത് കൂടാതെ ആഭ്യന്തര നിക്ഷേപകരും കൂടുതല്‍ വില്പനയിലേക് പോകാതെ നിക്ഷേപം തുടര്‍ന്നു.
5. ശക്തമായ കോര്‍പ്പറേറ്റ് വരുമാന വളര്‍ച്ച
കോര്‍പ്പറേറ്റ് വരുമാനത്തില്‍ ദൃഢമായ നേട്ടം രേഖപ്പെടുത്തിയ മാര്‍ച്ച് പാദഫലങ്ങള്‍ വിപണിയെയും ഓഹരികളെയും ഉയരാന്‍ സഹായിച്ചു. കൂടാതെ 2023 - 2025 വര്‍ഷത്തില്‍ നിഫ്റ്റി50 കമ്പനികള്‍ 17% ശരാശരി വളര്‍ച്ച നേടുമെന്നാണ് മോത്തിലാല്‍ ഒസ്വാളിന്റെ കണക്കുകൂട്ടല്‍. ഉയര്‍ന്ന വരുമാന പ്രതീക്ഷകളും വിപണിയുടെ വികാരം ഉജ്ജ്വലമായി നില നിര്‍ത്തുന്നതില്‍ പങ്കു വഹിച്ചു.
നിഫ്റ്റി 50 മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ 10 % ഉയര്‍ന്നപ്പോള്‍ , മിഡ്ക്യാപ്- സ്മോള്‍ ക്യാപ് സൂചികകള്‍ 20 % ഉയര്‍ച്ച രേഖപ്പെടുത്തി. നിഫ്റ്റി 50 യിലെ ഓഹരികളില്‍ ടാറ്റ മോട്ടോര്‍സ് തന്നെയാണ് പെര്‍ഫോമന്‍സ് റേസില്‍ ഒന്നാമന്‍; 45 % നേട്ടം കൈവരിച്ചു. ജൂണ്‍ 30 നു വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 595 രൂപയാണ് ഓഹരിവില.
അദാനി എന്റര്‍പ്രൈസസ് , എച്ച്.ഡി.എഫ്.സി. ലൈഫ്, ഇന്‍ഡസ്ഇന്‍ഡ് എന്നിവയുടെ ഓഹരികള്‍ 30 % നേട്ടം രേഖപ്പെടുത്തി. എന്നാല്‍ ലാര്‍ജ് കാപ്പില്‍ നിന്നും മിഡ്ക്യാപ് - സ്മോള്‍ ക്യാപ് സൂചികകളിലേക്കു നോക്കിയാലോ.
തകര്‍പ്പന്‍ മുന്നേറ്റമാണ് ഇതേ കാലയളവില്‍ ഈ സൂചികകള്‍ നടത്തിയത്. ഏതാനും ഓഹരികളുടെ ഉദാഹരണം നോക്കാം. കേരളത്തില്‍ കൊച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സ്മാള്‍ ക്യാപ് കമ്പനിയാണ് ഫാക്ട് അല്ലെങ്കില്‍ 'ദി ഫെര്‍ട്ടിലൈസേഴ്‌സ് ആന്റ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡ്'. മാര്‍ച്ചിലെ താഴ്ചയ്ക്കു ശേഷം 100 ശതമാനത്തിലധികം ഉയര്‍ച്ച ഈ ഓഹരി നേടിയിട്ടുണ്ട്.
മാര്‍ച്ച് മാസത്തില്‍ ഓഹരികളുടെ താഴ്ന്ന നിലവാരം 192 രൂപ ആയിരുന്നു. ജൂണ്‍ 30 നു വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ ഓഹരിവില 434 രൂപയാണ് (ജൂണിലെ ഏറ്റവും ഉയര്‍ന്ന ലെവല്‍ - 478 രൂപ). സ്‌മോള്‍ ക്യാപ് ഓഹരികളായ മാസഗോണ്‍ ടോക്കും റെയില്‍ വികാസ് നിഗം ലിമിറ്റഡും 90 ശതമാനത്തിലധികം ഉയര്‍ന്നിട്ടുണ്ട്. എന്തിനേറെപ്പറയുന്നു, എഴുപതിലധികം ഓഹരികള്‍ സ്മാള്‍ ക്യാപ് സൂചികയില്‍ നിന്ന് ഇരട്ട അക്ക വളര്‍ച്ച ഈ 3 മാസത്തില്‍ കൈവരിച്ചിട്ടുണ്ട്.
ഇനി മിഡ്ക്യാപിലേക് വരാം.
കൂട്ടത്തില്‍ മുന്നിട്ടുനില്‍ക്കുന്നത് ഡിക്‌സണ്‍ ടെക്‌നോളജീസ് ഓഹരികളാണ്. മാര്‍ച്ചിലെ 2861 രൂപ എന്ന നിലയില്‍നിന്ന് ഉയര്‍ന്ന് ജൂണില്‍ വ്യാപാരം അവസാനിപ്പിക്കുന്നത് 4388 രൂപയിലാണ്. അതായത് മൂന്നുമാസത്തിനിടെ 50 ശതമാനത്തിലധികം നേട്ടം. ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ്, ആസ്ട്രല്‍, എല്‍&ടി ഫിനാന്‍സ് ഹോള്‍ഡിങ്‌സ് , ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് എന്നീ ഓഹരികള്‍ 40 ശതമാനതിലധികം ഉയര്‍ന്നു.
ഇനിയുള്ള ചോദ്യം ഇതാണ്. ഇനിയൊരു നക്ഷത്ര പ്രകടനം കാഴ്ചവയ്ക്കാന്‍ മിഡ്-സ്‌മോള്‍ ക്യാപ് ഓഹരികള്‍ക്കാവുമോ? നിഫ്റ്റി സര്‍വകാല ഉയരത്തില്‍ മുന്നോട്ടു പോകുമ്പോള്‍ നിക്ഷേപകരും ചുവടുമാറ്റത്തിന് തയ്യാറാകണോ?
1. വിദേശ നിക്ഷേപം 'നമ്മളുദ്ദേശിച്ചതല്ല'
മുന്‍പ് സംസാരിച്ച പോയിന്റുകളില്‍ മാര്‍ക്കറ്റിനെ ആകര്‍ഷിച്ച ഘടകം വിദേശ നിക്ഷേപം തന്നെയാണ്. ആഗോള നിക്ഷേപകര്‍ ഇന്ത്യയുടെ ആഭ്യന്തര വളര്‍ച്ച , കുറഞ്ഞുവരുന്ന പണപ്പെരുപ്പം, ഇടുങ്ങിയ വ്യാപാരക്കമ്മി എന്നിവയില്‍ ആകൃഷ്ടരാണ്.
എന്നാല്‍ വിദേശ നിക്ഷേപത്തിന്റെ ഭൂരിഭാഗവും ഒഴുകിയിരിക്കുന്നത് പാസ്സീവ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്കാണ് (passive FPI flows). ഇന്ത്യയുടെ ഉപഭോക്തൃ - ഡിമാന്‍ഡ് ഇപ്പോഴും ദുര്‍ബലമായി തുടരുന്നത് സ്‌മോള്‍ ക്യാപ് കമ്പനികളെയാണ് പ്രതികൂലമായി ബാധിക്കുക.
അതേസമയം ആഭ്യന്തരവളര്‍ച്ച ലാര്‍ജ് ക്യാപ് കമ്പനികളെ മുന്നോട്ടുള്ള പാദങ്ങളില്‍ വിദേശ നിക്ഷേപത്തിന് കൂടുതല്‍ അനുകൂലമാകും. 'വിദേശ നിക്ഷേപകര്‍ ചില റിട്ടേണുകള്‍ പ്രതീക്ഷിക്കുന്നു, അത് ഭാവിയില്‍ യാഥാര്‍ത്ഥ്യമാകാം അല്ലെങ്കില്‍ ഉണ്ടാകില്ല,' കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് (പ്രമുഖ ആഭ്യന്തര ബ്രോക്കറേജ് കമ്പനി) അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
2. മിഡ്ക്യാപ്- സ്മോള്‍ ക്യാപ് തിളക്കത്തിന് പിന്നില്‍
കഴിഞ്ഞ 2-3 മാസങ്ങളില്‍ മിഡ്ക്യാപ്- സ്മോള്‍ ക്യാപ് സൂചികകള്‍ ലാര്‍ജ് ക്യാപ് നെ മറികടക്കുന്ന പ്രകടനം കാഴ്ചവെച്ചു. എന്നാല്‍ ഈ ആവേശത്തിന് പ്രത്യേകിച്ചു കാര്യങ്ങളൊന്നും പൊതുവായി കണ്ടെത്താന്‍ സാധിക്കില്ലെന്നാണ് കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് പറഞ്ഞു വെക്കുന്നത്. എന്നിരുന്നാലും ചില സെക്ടറുകളില്‍ നടന്ന റീ-റേറ്റിംഗ് നിക്ഷേപത്തില്‍ പങ്കു വഹിച്ചിട്ടുണ്ട്.
ബാങ്കിങ്-ഫിനാന്‍ഷ്യല്‍ സെക്ടര്‍ ( BFSI ) , ഹെല്‍ത്ത് കെയര്‍ സെക്ടര്‍, റിയല്‍ എസ്റ്റേറ്റ് എന്നിവയുടെ വളര്‍ച്ച സാധ്യതയും, ത്രൈ-മാസ റാലിക് മുമ്പുള്ള ന്യായമായ വാല്യൂവേഷന്‍സും കാരണങ്ങളായി കാണിക്കാം. എന്നാല്‍ ഡിമാന്‍ഡ് ദുര്‍ബലമായി തന്നെ തുടരുന്ന കണ്‍സംപ്ഷന്‍, ഐടി ഓഹരികളിലെ ബുള്‍ റാലിക് കാരണങ്ങള്‍ കണ്ടെത്തുക ദുഷ്‌കരമാണ്.
3. നിഫ്റ്റി- 50 യുടെ 12-m rolling forward PE
PE അഥവാ പ്രൈസ് ടു ഏര്‍ണിങ്‌സ് അനുപാതം ഒരു ഇന്‍ഡക്‌സ് അല്ലെങ്കില്‍ ഓഹരിയുടെ മൂല്യ നിര്‍ണയത്തിന് സഹായിക്കും. PE ഉയര്‍ന്നതാണെങ്കില്‍ ഹൈ വാല്യൂവേഷന്‍ സൂചിപ്പിക്കുന്നു.
PE താഴ്ന്നതാണെങ്കില്‍ മറിച്ചും. ഓഹരികള്‍ വാങ്ങാന്‍ തീരുമാനം എടുക്കുമ്പോള്‍ PE അനുപാതം താഴ്ന്ന ഓഹരികളാണ് തിരഞ്ഞെടുക്കുക എന്ന മനസിലാക്കുക. MOTILAL OSWAL റീറ്റെയ്ല്‍ റിസര്‍ച്ച് വിഭാഗത്തിന്റെ തലവനായ സിദ്ധാര്‍ഥ് ഖേംക നല്‍കുന്ന റിപോര്‍ട്ടുകള്‍ നിഫ്റ്റിയുടെ PE ആകര്‍ഷണീയം ആണെന്നാണ് സൂചിപ്പിക്കുന്നത്. 'മുന്‍പ് സൂചിക റെക്കോര്‍ഡ് ഉയരത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍ നിഫ്റ്റിയുടെ one-year forward PE അനുപാതം 24x ആയിരുന്നെങ്കില്‍, നിലവിലെ വിപണിയില്‍ അത് 19x (one-year forward PE) ആണ്. പക്ഷെ കൊട്ടക് സെക്യൂരിറ്റീസിന് വ്യത്യസ്തമായ നിലപാടാണ് ഉള്ളത്.
മുന്‍പ് നിഫ്റ്റി റെക്കോര്‍ഡുകള്‍ കൈവരിക്കുബോള്‍ ആഗോള പലിശ നിരക്കുകള്‍ താഴ്ന്ന നിരക്കിലായിരുന്നു. മാത്രവുമല്ല, നിലവിലെ മാര്‍ക്കറ്റ് വാല്യൂവേഷന്‍ പല റിസ്‌ക് ഫാക്ടറുകളും കണക്കാക്കിയുള്ളതല്ല. മൂല്യ നിര്‍ണയം ഓഹരികള്‍ കേന്ദ്രികരിച്ചാകുമ്പോള്‍ ഈ കാഴ്ചപ്പാട് കൂടുതല്‍ കൃത്യതയുള്ളതാകുന്നു.
4 . ഓഹരികളുടെ മൂല്യം പരിഗണിക്കുമ്പോള്‍
കഴിഞ്ഞ ഏതാനും ചില ആഴ്ചകളിലെ മുന്നേറ്റം ഓഹരികളെ വര്‍ധിച്ച മൂല്യത്തിലേക്ക് എത്തിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട സെക്ടറുകള്‍, സൂചികകള്‍ എന്നിവയൊക്കെ 12 മാസത്തിലെ ന്യായമായ മൂല്യത്തിനും മുകളിലാണ് ഓഹരികളുടെ വില. ഇന്‍വെസ്റ്റ്‌മെന്റ്- കണ്‍സംപ്ഷന്‍ സെക്ടറുകളിലെ സ്റ്റോക്കുകള്‍ പ്രത്യേകിച്ചും.
ABB, Bharat Electronics, Carborundum Universal, Cummins India , IRB Infrastructure തുടങ്ങിയ ഓഹരികളുടെ PE അനുപാതം നിലവിലുള്ളതും കോവിഡിനു മുന്‍പും പരിഗണിക്കുകയാണെങ്കില്‍ വായനക്കാര്‍ക് ആശയം കൂടുതല്‍ വ്യക്തമാകും. ഇവ കൂടാതെ ലാര്‍ജ് ക്യാപ്, മിഡ്ക്യാപ് മേഖലകളിലെ ഭൂരിഭാഗം ഓഹരികളും high expensive വിഭാഗത്തിലാണ് കൊട്ടക് സെക്യൂരിറ്റീസ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
പോര്‍ട്‌ഫോളിയോയില്‍ വരുത്തേണ്ട മാറ്റങ്ങള്‍
ബ്രിട്ടാനിയ, ഗോദ്‌റെജ് കണ്‍സ്യുമര്‍ പ്രോഡക്ട്, ടൈറ്റാന്‍ എന്നി കണ്‍സംപ്ഷന്‍ ഓഹരികള്‍ 12 മാസത്തെ ന്യായമായ വിലക്കും മുകളിലാണ് ഇപ്പോള്‍ വ്യാപാരം നടത്തുന്നത്. അതിനാല്‍ ഈ ഓഹരികള്‍ പോര്‍ട്ട് ഫോളിയോയില്‍ ഉള്‍പെടുന്നെങ്കില്‍ 'Reduce weight ' എന്ന നിര്‍ദേശമാണ് കൊടക് സെക്യൂരിറ്റീസ് നല്‍കുന്നത്.
മിഡ്ക്യാപ് സ്‌പേസില്‍ നിന്നും നാരായണ ഹൃദയലയുടെ ഓഹരികള്‍ കൈവശം ഉള്ളവരും പൊസിഷന്‍സ് പുനരവലോകനം നടത്തേണ്ടതുണ്ട്. കമ്പനിയുടെ ഫണ്ടമെന്റല്‍സ് സംബന്ധിച്ച തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നില്ല. പക്ഷെ ഓഹരികളുടെ ഉയര്‍ന്ന വാല്യൂവേഷന്‍സും , 2023-25 വര്ഷങ്ങളിലേക്കു കണക്കാക്കുന്ന മിതമായ എബിട്ഡാ (modest EBITDA growth ) വളര്‍ച്ചയുമാണ് വില്ലന്മാര്‍.
ലാര്‍ജ് ക്യാപ് സെഗ്മെന്റ്ല്‍ നിന്നും കൊടക് സെക്യൂരിറ്റീസ് നല്‍കുന്ന നിര്‍ദേശം ഇന്‍ഡിഗോ ഓഹരികള്‍ പോര്‍ട്ട് ഫോളിയോയിയിലേക്ക് പരിഗണിക്കാം എന്നുള്ളതാണ്. ആഭ്യന്തര വ്യോമയാന മേഖലയുടെ വളര്‍ച്ചയും ക്രൂഡിന്റെ വിലക്കുറവും കമ്പനിയുടെ വളര്‍ച്ചയ്ക്ക് സഹായകമാണ്. 3000 രൂപയാണ് ടാര്‍ജറ്റ് വില.
നിക്ഷേപകര്‍ പഠിക്കേണ്ട മറ്റൊരു സെക്ടര്‍ ബാങ്കിങ്-ഫിനാന്‍ഷ്യല്‍-ഇന്‍ഷുറന്‍സ് തന്നെയാണ്. സമീപ കാലത്തായി ഇന്‍ഷുറന്‍സ് ഓഹരികളില്‍ വന്‍ കുതിപ് കണ്ടെങ്കില്‍ പോലും വാല്യൂവേഷന്‍ അടിസ്ഥാനത്തില്‍ ഇപ്പോളും സെക്ടര്‍ ആകര്‍ഷകമാണ്. ഏതാനും ചില ബാങ്കിങ് ഓഹരികളുടെ വാല്യൂവേഷന്‍ കാണുക.
SHARES | MARCH -19 | MARCH -23 | CURRENT |
AU Small Finance Bank | 4.6 | 3.2 | 3.8 |
Axis Bank | 2.7 | 1.9 | 2.0 |
Bandhan Bank | 4.9 | 1.4 | 1.6 |
Bank of Baroda | 1.3 | ||
HDFC Bank | 3.8 | 2.7 | 2.6 |
Icici bank | 2.3 | 2.8 | 2.9 |
Source: Companies, Kotak Institutional Equities estimates
മിഡ്ക്യാപ് മേഖലയില്‍ നിന്നും നിക്ഷേപകര്‍ പഠിക്കേണ്ട ഏതാനും ചില ഓഹരികളുടെ പേരും ചുവടെ ചേര്‍ക്കുന്നു. ആവാസ് ഫൈനാന്‍സിയേഴ്‌സ്, കോള്‍ഗേറ്റ് -പാമോലിവ്, കുമ്മിന്‍സ് ഇന്ത്യ, ഫെഡറല്‍ ബാങ്ക്, കിംസ് , മാക്‌സ് ഫൈനാന്‍ഷ്യല്‍ സര്‍വീസ്, പ്രസ്റ്റീജ് എസറ്റേസ് പ്രോജെക്ടസ്, സഫയര്‍ ഫുഡ്‌സ് , യൂണിയന്‍ ബാങ്ക് , യുടിഐ എഎംസി എന്നിവ കൊടക് സെക്യൂരിറ്റീസ് മുന്നോട്ട് വെക്കുന്ന ഏതാനും ചില നിര്‍ദേശങ്ങള്‍ ആണ്.
ഇന്ത്യന്‍ ഓഹരിമാര്‍ക്കറ്റിനു അണ്ടര്‍വെയിറ്റ് നല്കാന്‍ ബ്രോക്കറേജിനെ പ്രേരിപ്പിക്കുന്ന 5 ഘടകങ്ങള്‍
1. ആശങ്കപ്പെടാനില്ലെങ്കിലും വാല്യൂവേഷന്‍ ആകര്‍ഷകമല്ല
എമേര്‍ജിങ് മാര്‍ക്കറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 2020 നു ശേഷം ഇന്ത്യ 80 ശതമാനം പ്രീമിയത്തിലാണ് വ്യാപാരം നടത്തുന്നത്. 2004 മുതല്‍ 2019 വരെയുള്ള കാലഘട്ടത്തില്‍ 35 % ആയിരുന്നു പ്രീമിയം. ചൈന നേരിടുന്ന ഘടനാപരമായ വെല്ലുവിളികള്‍ കണക്കിലെടുത്ത് 2020 മുതല്‍ ഇന്ത്യയുടെ വാല്യൂവേഷന്‍ വര്‍ധിച്ചത് കാരണമായി ചൂണ്ടികാണിക്കാമെങ്കിലും 80 ശതമാനം പ്രീമിയം ന്യായീകരിക്കാന്‍ ആവുന്നതല്ല.
എമേര്‍ജിങ് മാര്‍ക്കറ്റുകളുടെ 20 വര്‍ഷത്തെ ശരാശരി CAPE ( Cyclically adjusted PE) 10.9x ആണ്. എന്നാല്‍ ഇന്ത്യയുടെ ശരാശരി 28.3x ഉം. അതായത് രണ്ട് ദശാബ്ദത്തെ ദീര്‍ഘകാല ശരാശരിയേക്കാള്‍ ഒരു സ്റ്റാന്‍ഡേര്‍ഡ് ഡീവിയേഷന്‍ ഉയര്‍ന്ന മൂല്യമാണിത്. നിക്ഷേപകരുമായുള്ള CLSA ചര്‍ച്ചകളില്‍ ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ മടി കാണിക്കുന്നതിന്റെ ആവര്‍ത്തിച്ച് ലഭിക്കുന്ന ഉത്തരവും ഇതാണ്.
2. ഇന്ത്യയുടെ ആപേക്ഷിക ROE-യില്‍ ഡൗണ്‍ ട്രെന്‍ഡ്
ഇന്ത്യയുടെ സാമ്പത്തികേതര മേഖലയിലെ നെറ്റ് പ്രോഫിറ്റ് 2021 നവംബറിനുശേഷം എമേര്‍ജിങ് മാര്‍ക്കറ്റുകളെക്കാള്‍ ഗണ്യമായി കുറഞ്ഞു. by 300bps (9.5% to 6.5%) versus 140bps (-1.4) for EM. എമേര്‍ജിങ് മാര്‍ക്കറ്റുകളില്‍ നെറ്റ് പ്രോഫിറ്റ് 7.5% ല്‍ നിന്നും 6.1% (-1.4%ഇടിവ്) ആയി കുറഞ്ഞപ്പോള്‍ ഇന്ത്യയുടേത് 9.5% ല്‍ നിന്നും 6.5% (-3.00% ഇടിവ്) ആയി കുറഞ്ഞു. ഇക്വിറ്റിയില്‍ നിന്നുള്ള ഇന്ത്യയുടെ ആപേക്ഷിക റിട്ടേണ്‍ എമേര്‍ജിങ് മാര്‍ക്കറ്റിന്റെ 1.1 മടങ്ങായി കുറഞ്ഞിട്ടുണ്ട്. അതേസമയം നിക്ഷേപകര്‍ കൂടുതല്‍ ലാഭം ഉണ്ടാക്കാത്ത ഇന്ത്യന്‍ സ്റ്റോക്കുകള്‍ക് 2.2x ബുക്ക് പ്രീമിയം നല്‍കണം.
3. ന്യായികരിക്കാനാവാത്ത EPS എസ്റ്റിമേറ്റുകള്‍
1996 മുതല്‍ വരുമാന വളര്‍ച്ചാ പ്രവചനങ്ങള്‍ 82% സമയവും നിരാശാജനകമാണ്. 2023 മുതല്‍ 2025 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ EARNINGS PER SHARE പ്രവചനങ്ങളുടെ സാധുത 2010 മുതലുള്ള ട്രാക് റെക്കോര്‍ഡിനെ അടിസ്ഥാനമാക്കി നോക്കുമ്പോള്‍ ആഗ്രെസ്സിവ് ആയി പരിഗണിക്കേണ്ടി വരും. സെക്ടര്‍ തലത്തില്‍ എനര്‍ജി,മെറ്റീരിയല്‍സ് മാത്രമാണ് 5 വര്‍ഷത്തെ ശരാശരി EPS വളര്‍ച്ചയേക്കാള്‍ കുറവായി എസ്റ്റിമേറ്റുകള്‍ നല്‍കിയിരിക്കുന്നത്.
4. പണ നയ ലഘൂകരണം
അമേരിക്കയിലെ കേന്ദ്ര ബാങ്കിനും മുമ്പേ പലിശ നിരക്ക് മാറ്റമില്ലാതെ നില നിര്‍ത്താനുള്ള തീരുമാനം എടുക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ മറ്റു എമേര്‍ജിങ് രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുള്‍ക്കും മുന്‍പേ പണ നയ ലഘൂകരണത്തിലേക് ആര്‍ ബി ഐ കടക്കുകയില്ല എന്നാണ് ബ്രോക്കറേജുകള്‍ സൂചിപ്പിക്കുന്നത്. ബ്രസീല്‍, മെക്‌സിക്കോ, ഇന്തോനേഷ്യ എന്നിവ ഇന്ത്യയുടെ ആര്‍ബിഐക്ക് മുമ്പായി നയങ്ങള്‍ ലഘൂകരിക്കുന്നതില്‍ മികച്ച സ്ഥാനത്താണ്.
5. ഇന്ത്യന്‍ ഇക്വിറ്റി മാര്‍ക്കറ്റിന്റെ ഓവര്‍ബോട്ട് സാഹചര്യം
മറ്റ് പ്രാദേശിക വിപണി മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യന്‍ ഇക്വിറ്റി മാര്‍ക്കറ്റ് 14% ഓവര്‍ബോട്ട് (overbought) സ്റ്റേജിലാണെന്ന് CLSA കരുതുന്നു. ബ്രോക്കറേജിന്റെ MSCI ഇന്ത്യ അടിസ്ഥാനമാക്കിയാണ് ഈ കണക്കുകള്‍.
(written based on market value as of June )