നിക്ഷേപം നഷ്ടക്കച്ചവടം: ഡെബ്റ്റ് മ്യൂച്ച്വല്‍ ഫണ്ടിന് 'ഇന്‍ഡ്ക്‌സേഷന്‍ ബെനിഫിറ്റ്' നിര്‍ത്തുന്നു

പല അസറ്റ് മാനേജ്‌മെന്റ് കമ്പനികളുടെയും (എഎംസി) ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ ഇടിഞ്ഞു

Update: 2023-03-24 10:18 GMT



ഡെബ്റ്റ് മ്യൂച്ച്വല്‍ ഫണ്ടുകള്‍ക്ക് നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ഇന്‍ഡക്‌സേഷന്‍ ബെനിഫിറ്റ് ഇനി മുതല്‍ ഉണ്ടാകില്ല. ഫിനാന്‍സ് ബില്ലിലെ പുതിയ ഭേദഗതി അനുസരിച്ച് ഏപ്രില്‍ 1, 2023 ന് ശേഷം നടത്തിന്ന ഡെബ്റ്റ് മ്യൂച്ച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ക്ക് ഇന്‍ഡക്‌സേഷന്‍ നേട്ടം ലഭിക്കില്ല. നിലവില്‍ മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ കാലാവധിയുള്ള ഡെബ്റ്റ് മ്യൂച്ച്വല്‍ ഫണ്ട് നിക്ഷേപങ്ങളുടെ നേട്ടം ദീര്‍ഘകാല മൂലധന നേട്ടമായിട്ടാണ് പരിഗണിക്കുക. ഇതോടൊപ്പം ഇന്‍ഡക്‌സേഷന്‍ നേട്ടവും കണക്കാക്കും. ഇതുമൂലം വലിയ നികുതി ആനുകൂല്യം ലഭിച്ചിരുന്നു.

നിക്ഷേപകാലയളവിലെ പണപ്പെരുപ്പ തോത് കൂടി കണക്കിലെടുത്ത് അത് കുറച്ചിട്ടുള്ള നേട്ടമാണ് ഇന്‍ഡക്‌സേഷന്‍ ബെനിഫിറ്റ്. പണപ്പെരുപ്പ തോത് ഉയര്‍ന്ന് നിന്നാല്‍ ഉയര്‍ന്ന ഇന്‍ഡക്‌സേഷന്‍ നേട്ടം ലഭിക്കും. അതായത് നിലവിലുള്ള 20 ശതമാനം നികുതി ഗണ്യമായി കുറയും. ഉദാഹരണത്തിന് നിങ്ങള്‍ നിക്ഷേപം നടത്തിയിരിക്കുന്ന ഫണ്ട് മൂന്ന് വര്‍ഷം 10 ശതമാനം റിട്ടേണ്‍ തരുന്നുവെങ്കില്‍, ഇക്കാലയളവില്‍ പണപ്പെരുപ്പം 7 ശതമാനമായി തുടരുന്നുവെങ്കില്‍ ഇത് തമ്മിലുള്ള അന്തരത്തിന്റെ 20 ശതമാനം നികുതി നല്‍കിയാല്‍ മതിയാകും. പുതിയ ധനകാര്യ ബില്‍ പാസാകുന്നതോടെ, ഇന്‍ഡെക്സേഷന്‍ ആനുകൂല്യം ഒഴിവാകും. നിക്ഷേപകന്റെ സ്ലാബിനനുസരിച്ച് നികുതി ഈടാക്കും. ഈ ഭേദഗതി ഗോള്‍ഡ് ഇടിഎഫ്, ഇന്റര്‍നാഷണല്‍ ഫണ്ട് മുതലായ മറ്റു ഡെബ്റ്റ് നിക്ഷേപ പദ്ധതികള്‍ക്കും ബാധകമാകും.

പുതിയ നീക്കത്തിനെതിരെ മ്യൂച്ച്വല്‍ ഫണ്ട് വ്യവസായിത്തില്‍ നിന്ന് വലിയ പ്രതിഷേധമാണുയുരുന്നത്. ഡെബ്റ്റ് മ്യൂച്ച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത് നഷ്ടക്കച്ചവടമായി മാറുമെന്നാണ് വിലയിരുത്തലുകള്‍.

ഇതോടെ പല അസറ്റ് മാനേജ്മെന്റ് കമ്പനികളുടെയും (എഎംസി) ഓഹരികള്‍ വ്യാപാരത്തിനിടയില്‍ ഇടിഞ്ഞു. എച്ച്ഡിഎഫ് സി എഎംസി കമ്പനി, ആദിത്യ ബിര്‍ള സണ്‍ ലൈഫ് എഎംസി, നിപ്പോണ്‍ എഎംസി എന്നിവയുടെ ഓഹരികള്‍ ഇന്ന് നഷ്ടത്തിലാണ് വ്യപാരം ചെയ്യുന്നത്.

Tags:    

Similar News