ചെറുകിട പാദരക്ഷ നിർമാതാക്കളെ ആശങ്കയിലാക്കി ബിഐഎസ് ലൈസൻസ്
- 2023 JULY 1 മുതൽ ബിഐഎസ് ലൈസൻസ്
- സൂക്ഷ്മ ചെറുകിട വ്യവസായങ്ങൾക്ക് അടുത്തവർഷം ജനുവരി 1 മുതൽ
- മാനദണ്ഡങ്ങൾ അശാസ്ത്രീയമെന്നു എം എ സ് എം ഇ മേഖല
വില കുറവായ പാദരക്ഷകൾക്കും ഗുണനിലവാര ലൈസൻസ് നിർബന്ധമാക്കിയത് ചെറുകിട നിർമാതാക്കളെ കാര്യമായി ബാധിക്കുമെന്ന് പാദരക്ഷ നിർമ്മാണ മേഖല ആശങ്കപ്പെടുന്നു.
ജൂലൈ 1 മുതൽ സംഘടിത മേഖലയിലുള്ള പാദരക്ഷ ഉത്പന്നങ്ങൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ്( ബിഐഎസ്) ലൈസൻസ് നിർബന്ധമാക്കി. ചെറുകിട സൂക്ഷ്മ വ്യവസായങ്ങൾക്ക് ഇത് അടുത്ത വർഷം ജനുവരി 1 മുതൽ നടപ്പാക്കും. ഡിപ്പാർട്മെന്റ് ഫോർ പ്രൊമോഷൻ ആൻഡ് ഇൻഡസ്ടറി ആൻഡ് ഇന്റെർണൽ ട്രേഡ് പുറത്തിറങ്ങിയ ഗുണ നിലവാരനിയന്ത്രണ നിയമം ഈ മേഖലയിലെ എല്ലാ ഉത്പന്നങ്ങൾക്കും ബാധകമാണ്.
റബ്ബർ ഗംബൂട്ടുകൾ, സ്പോർട്സ് ഷൂകൾ, മോൾഡഡ് പ്ലാസ്റ്റിക് പാദരക്ഷകൾ, ഹവായ് ചപ്പലുകൾ എന്നിവയുൾപ്പെടെ 24 വിഭാഗ൦ ഉത്പന്നങ്ങൾ ബ്യുറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് സർട്ടിഫിക്കേഷന് കീഴിൽ കൊണ്ടുവരാൻ ഗുണനിലവാര നിയന്ത്രണ മാനദണ്ഡങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.
പാദ രക്ഷ നിർമാതാക്കൾക്കും ഇറക്കുമതിക്കാർക്കും ഗുണനിലവാര മാനദണ്ഡങ്ങൾ നിർബന്ധമാക്കാനുള്ള ഗവൺമെന്റ് നീക്കത്തെ പാദരക്ഷ വ്യവസായം ഏറെക്കുറെ സ്വാഗതം ചെയ്യുന്നുണ്ട്. എല്ലാ വിഭാഗം വ്യവസായങ്ങൾക്കും ഒരേ മാനദണ്ഡങ്ങൾ നിശ്ചയിച്ചിരിക്കുന്നത് ന്യായമല്ലന്നു നിർമാതാക്കൾ പറയുന്നു . ഉപഭോക്താക്കളുടെ ആവശ്യങ്ങൾ, അവരുടെ ക്രയ ശക്തി എന്നിവ പരിഗണിച്ച് കൂടുതൽ ശാസ്ത്രീയവും യുക്തിസഹവുമായ സമീപനം ആവശ്യമാണെന്ന് വ്യവസയി പ്രതിനിധികൾ മൈ മൈഫിൻ പോയിന്റിനോട് പറഞ്ഞു
സർക്കാരിന്റെ വാദം
ഗുണ നിലവാരമാനദണ്ഡങ്ങൾ നടപ്പാക്കാനുള്ള തീരുമാനം അസംഘടിത മേഖലയിൽ നിലവാരം ഉണ്ടാക്കുക, ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുക , ചൈനയിൽ നിന്നുള്ള നിലവാരമില്ലാത്ത ഇറക്കുമതി നിയന്ത്രിക്കുക എന്നീ കാര്യങ്ങൾ ലക്‌ഷ്യം വെക്കുന്നു. എന്നാൽ ചൈനയിൽ നിന്നുള്ള ഇറക്കുമതി സർക്കാർ കണക്കു പ്രകാരം 5 ശതമാനം മാത്രമാണ്. സർക്കാരിന്റെ പുതിയ നീക്കം ഭൂരിപക്ഷം വരുന്ന ആഭ്യന്തര പാദരക്ഷ വ്യവസായത്തെ തന്നെ പ്രതിസന്ധിയിലാക്കുമെന്നു കോഴിക്കോട് പാദരക്ഷ വ്യവസായികളുടെ പ്രതിനിധി മൈഫിൻ പോയിന്റിനോട് പറഞ്ഞു.
പുതിയ ഗുണനിലവാര ചട്ടങ്ങൾ അനുസരിച്ചു പാദരക്ഷകളുടെ ഡ്യുറബിലിറ്റി, ഫ്ളക്സ്ബിലിറ്റി ബോണ്ട് സ്‌ട്രെങ്ത് തുടങ്ങിയവ വിലയിരുത്തും. സോളിന്റെ ഏറ്റവും കുറഞ്ഞ കനം,പാദരക്ഷകളുടെ നിർമാണത്തിനു അനുവദനീയമായ അസംസ്‌കൃത വസ്തുക്കൾ (ലതർ,പി വി സി, റബ്ബർ തുടങ്ങിയവ ) എന്നിവ നിർവചിക്കുകയും നിർദ്ദേശിക്കുകയും ചെയ്യുന്നു. സ്പോർട്സ് പാദരക്ഷകൾക്കും ഈ നിർദ്ദേശങ്ങൾ ബാധകമാണ്.
വ്യായാമം, നടത്തം, ലൈറ്റ് സ്പോർട്സ് എന്നിവക്ക് വേണ്ടിയുള്ള ഷൂകളും ഈ ഗണത്തിൽ പെടുന്നു. ബ്രാൻഡഡ് അല്ലാത്ത കുറഞ്ഞ വിലയുള്ള ഹവായ് ചപ്പലുകൾക്ക് പോലും 14 ലധികം ടെസ്റ്റുകൾ ആവശ്യപ്പെടുന്നു. കൂടുതൽ വിലയുള്ള ഫാഷൻ പാദരക്ഷകൾക്ക് 27 ടെസ്റ്റുകൾ നിർദ്ദേശിക്കുന്നു. ഷൂ വിഭാഗത്തിൽ 44 ടെസ്റ്റുകളും നിർബന്ധമാക്കുന്നു.
സൂക്ഷ്മചെറുകിട വ്യവസായം ഇല്ലാതാവുമെന്നു ആശങ്ക
പാദരക്ഷ വ്യവസായത്തിലെ 75 ശതമാനം പേരും അസംഘടിത മേഖലയിലാണ്. ഇവിടെ 44.2 ലക്ഷം തൊഴിലാളികൾ ഈ മേഖലയിൽ ജോലി ചെയ്യുന്നു. ഈ നിയമം തൊഴിൽ മേഖലയെയും കാര്യമായും ബാധിക്കുമെന്ന് വ്യവസായികൾ ആശങ്ക പ്രകടിപ്പിച്ചു. പാദരക്ഷ ഉൽപ്പന്നങ്ങളുടെ ടെസ്റ്റിംഗ് ചാർജിൽ 80 ശതമാനം കുറവ് സർക്കാർ അടുത്തിടെ പ്രഖ്യാപിച്ചുവെങ്കിലും നിയമം നടപ്പിലാക്കാൻ അത് അപര്യാപ്തമാണെന്ന് വ്യവസായികൾ പറയുന്നു. ഈ മേഖലയിൽ നിലവിലുള്ള എല്ലാ കുടിൽ വ്യവസായങ്ങളെയും ഇത്തരം മാനദണ്ഡങ്ങൾ ഇല്ലാതാക്കുമെന്നും ആശങ്കയുണ്ട്.
പൊതുലാബുകൾ പ്രായോഗികമല്ലെന്ന് നിർമാതാക്കൾ
ക്ലസ്റ്ററുകൾ ഉള്ള സ്ഥലങ്ങളിൽ പൊതുലാബുകൾ സജ്ജീകരിക്കുമെന്നു സർക്കാർ പറയുന്നുണ്ട്. എന്നാൽ നിർദ്ദേശിച്ച ടെസ്റ്റുകൾക്കു കൂടുതൽ സമയമെടുക്കും. പല ടെസ്റ്റുകളും നിർമാണ സമയത്ത് തന്നെ ചെയ്യേണ്ടതാണ്. പാദരക്ഷ വ്യവസായത്തിൽ കോഴിക്കോട്ടുതന്നെ ധാരാളം കമ്പനികൾ നിലവിലുണ്ട്. ദിനംപ്രതി നിരവധി വിധത്തിലുള്ള പാദരക്ഷകൾ ഇറങ്ങുന്നു. പരിമിതമായ പൊതുലാബുകളിൽ നിഷ്‌കർഷിച്ചിട്ടുള്ള പരിശോധനകൾ എല്ലാം കഴിഞ്ഞു നിർമാണാനുവാദം കിട്ടുവാൻ വളരെ കാലതാമസം ഉണ്ടാകും . ഇത് വ്യവസായത്തെ പ്രതിസന്ധിയിലാകുമെന്നും കോഴിക്കോട്ടെ പാദരക്ഷ വ്യവസായികൾ ആശങ്കപ്പെടുന്നു. ചെറുകിട സൂക്ഷ്മ മേഖലയിൽ ഉള്ള വ്യവസായങ്ങൾക്ക് ഇത് പ്രായോഗികമല്ല. കമ്പനികളുടെ സ്വന്തം ലാബുകൾ എംഎസ്എംഇ മേഖലയെ സംബന്ധിച്ച് വളരെയധികം ചെലവേറിയതാണെന്നും ഇവർ പറയുന്നു.
പാദരക്ഷ വ്യവസായികളുടെ ആവശ്യം
കുറഞ്ഞ വിലയിൽ വില്പന നടത്തുന്ന പാദ രക്ഷ നിർമാതാക്കളെ ഈ നിയമം ഏറ്റവും കൂടുതൽ ബാധിക്കുമെന്ന് ഈ മേഖലയിൽ. പ്രവർത്തിക്കുന്നവർ പറയുന്നു. പാദരക്ഷ വ്യവസായ മേഖലയെ കുറിച്ച് ശാസ്ത്രീയമായി പഠിച്ച് മാനദണ്ഡങ്ങൾ പരിഷ്കരിക്കണമെന്നു നിർമാതാക്കൾ ആവശ്യപ്പെടുന്നുണ്ട്. അനുദിനം വളരുന്ന പാദരക്ഷ വ്യവസായത്തെ ഇല്ലാതാക്കുന്ന നിയമങ്ങളാണ് നിലവിൽ വരുന്നതെന്നും ഇവർ പറയുന്നു
മാനദണ്ഡങ്ങൾ കുറച്ചു കൂടെ ലളിതമാക്കുകയും ശാസ്ത്രീയമാക്കുകയും ചെയ്തില്ലങ്കിൽ ബിഐഎസ് മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയില്ലെന്ന് നിർമാതാക്കൾ കരുതുന്നു. നിയന്ത്രണങ്ങളിൽ നിന്നു സൂക്ഷ്മ ചെറുകിട സംരംഭങ്ങൾക്ക് കൂടുതൽ ഇളവുകൾ നൽകണമെന്ന് എംഎസ്എംഇ മേഖലയിലെ പ്രതിനിധികൾ സർക്കാരിനോട് ആവശ്യപ്പെടുന്നുണ്ട് .