ജിഡിപി വളരും 7.3 ശതമാനം: എസ് ആന്‍ഡ് പി ഗ്ലോബല്‍

  ഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുെട സാമ്പത്തിക വളര്‍ച്ച 7.3 ശതമാനമായിരിക്കുമെന്ന് റേറ്റിംഗ് ഏജന്‍സിയായ എസ് ആന്‍ഡ് പി ഗ്ലോബല്‍. വളര്‍ച്ച കുറയാനുള്ള സാധ്യതയും, പണപ്പെരുപ്പം ആര്‍ബിഐയുടെ സഹന പരിധിയായ ആറ് ശതമാനത്തിനു മുകളില്‍ തുടരാനുള്ള സാധ്യതയും കണക്കാക്കിയാണ് ഈ അനുമാനം. കോവിഡ് പകര്‍ച്ചവ്യാധിക്കു ശേഷമുള്ള ആഭ്യന്തര ഡിമാന്‍ഡിന്റെ വീണ്ടെടുക്കലാകും ഇന്ത്യയുടെ അടുത്ത വര്‍ഷ വളര്‍ച്ചയെ പിന്തുണയ്ക്കുന്നതെന്നും എസ് ആന്‍ഡ് പി യുടെ ഏഷ്യ പസഫിക് സാമ്പത്തിക അവലോകനത്തില്‍ വ്യക്തമാക്കുന്നു. 2022-2023 സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ […]

Update: 2022-09-26 02:11 GMT

 

ഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുെട സാമ്പത്തിക വളര്‍ച്ച 7.3 ശതമാനമായിരിക്കുമെന്ന് റേറ്റിംഗ് ഏജന്‍സിയായ എസ് ആന്‍ഡ് പി ഗ്ലോബല്‍. വളര്‍ച്ച കുറയാനുള്ള സാധ്യതയും, പണപ്പെരുപ്പം ആര്‍ബിഐയുടെ സഹന പരിധിയായ ആറ് ശതമാനത്തിനു മുകളില്‍ തുടരാനുള്ള സാധ്യതയും കണക്കാക്കിയാണ് ഈ അനുമാനം.

കോവിഡ് പകര്‍ച്ചവ്യാധിക്കു ശേഷമുള്ള ആഭ്യന്തര ഡിമാന്‍ഡിന്റെ വീണ്ടെടുക്കലാകും ഇന്ത്യയുടെ അടുത്ത വര്‍ഷ വളര്‍ച്ചയെ പിന്തുണയ്ക്കുന്നതെന്നും എസ് ആന്‍ഡ് പി യുടെ ഏഷ്യ പസഫിക് സാമ്പത്തിക അവലോകനത്തില്‍ വ്യക്തമാക്കുന്നു. 2022-2023 സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം 7.3 ശതമാനത്തിലും, അടുത്ത വര്‍ഷത്തേത് 6.5 ശതമാനമായിട്ടുമാണ് എസ് ആന്‍ഡ് പി നിലനിര്‍ത്തിയിരിക്കുന്നത്.

ഉയര്‍ന്ന പണപ്പെരുപ്പവും പിന്നാലെ ഉയര്‍ന്ന പലിശനിരക്കുകളും മൂലം മറ്റ് ഏജന്‍സികള്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ പ്രവചനം വെട്ടിക്കുറച്ചിരുന്നു. ഈ മാസം ആദ്യം, ഫിച്ച് റേറ്റിംഗ്സ് നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ എസ്റ്റിമേറ്റ് 7.8 ല്‍ നിന്ന് ഏഴ് ശതമാനമായി കുറച്ചിരുന്നു. ഇന്ത്യ റേറ്റിംഗ് ആന്‍ഡ് റിസര്‍ച്ചും അതിന്റെ പ്രവചനങ്ങള്‍ ഏഴ് ശതമാനത്തില്‍ നിന്ന് 6.9 ശതമാനമായും, ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് അതിന്റെ അനുമാനം 7.5 ശതമാനത്തില്‍ നിന്ന് ഏഴ് ശതമാനമായും കുറച്ചിരുന്നു.

നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 7.2 ശതമാനം വളര്‍ച്ച നേടുമെന്നാണ് ആര്‍ബിഐ പ്രതീക്ഷിക്കുന്നത്. 2021-22 ല്‍ വളര്‍ച്ച 8.7 ശതമാനമായിരുന്നു. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 13.5 ശതമാനം വളര്‍ന്നു. ജനുവരി-മാര്‍ച്ച് കാലയളവിലെക്കാള്‍ 4.10 ശതമാനം ഉയര്‍ന്നതാണിത്.
പണപ്പെരുപ്പം സംബന്ധിച്ചുള്ള എസ് ആന്റ് പി ഗ്ലോബലിന്റെ അനുമാനം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ശരാശരി നിരക്ക് 6.8 ശതമാനമായാണ്. 2023 ഏപ്രില്‍ മുതലുള്ള അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇത് അഞ്ച് ശതമാനമായി കുറയുമെന്നും പറയുന്നു.

Tags:    

Similar News