വിപണിയിൽ ഈയാഴ്ച വലിയ ചാഞ്ചാട്ടം പ്രതീക്ഷിക്കാം

ജൂൺ മാസത്തെ ഡെറിവേറ്റീവ് കോൺട്രാക്ട് അവസാനിക്കാനിരിക്കെ, ഈയാഴ്ച വിപണിയിൽ വലിയ തോതിലുള്ള ചാഞ്ചാട്ടം പ്രതീക്ഷിക്കാം. പ്രമുഖ സമ്പദ് വ്യവസ്ഥകൾ പുറത്തു വിടാനിരിക്കുന്ന സാമ്പത്തിക കണക്കുകളും, അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായേക്കാവുന്ന ഉയർച്ചതാഴ്ചകളും, തെക്കു പടിഞ്ഞാറൻ കാലവർഷത്തിന്റെ വരും ദിവസങ്ങളിലെ പുരോഗതിയും ജൂലൈ മാസത്തെ ഡെറിവേറ്റീവ് കോൺട്രാക്ടുകളുടെ കാര്യത്തിൽ തീരുമാനമെടുക്കാനായി നിക്ഷേപകർ പരി​ഗണിക്കുന്ന പ്രധാന ഘടകങ്ങളിൽ ചിലതാണ്. വിദേശ നിക്ഷേപകരുടെ വിറ്റഴിക്കൽ ഉണ്ടായിരുന്നുവെങ്കിലും കഴിഞ്ഞയാഴ്ച നിഫ്റ്റി 2.5 ശതമാനത്തോളം തിരിച്ചുവന്നിരുന്നു. വിദേശ നിക്ഷേപകർ 14,700 കോടി രൂപയുടെ […]

Update: 2022-06-26 07:34 GMT

ജൂൺ മാസത്തെ ഡെറിവേറ്റീവ് കോൺട്രാക്ട് അവസാനിക്കാനിരിക്കെ, ഈയാഴ്ച വിപണിയിൽ വലിയ തോതിലുള്ള ചാഞ്ചാട്ടം പ്രതീക്ഷിക്കാം. പ്രമുഖ സമ്പദ് വ്യവസ്ഥകൾ പുറത്തു വിടാനിരിക്കുന്ന സാമ്പത്തിക കണക്കുകളും, അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായേക്കാവുന്ന ഉയർച്ചതാഴ്ചകളും, തെക്കു പടിഞ്ഞാറൻ കാലവർഷത്തിന്റെ വരും ദിവസങ്ങളിലെ പുരോഗതിയും ജൂലൈ മാസത്തെ ഡെറിവേറ്റീവ് കോൺട്രാക്ടുകളുടെ കാര്യത്തിൽ തീരുമാനമെടുക്കാനായി നിക്ഷേപകർ പരി​ഗണിക്കുന്ന പ്രധാന ഘടകങ്ങളിൽ ചിലതാണ്.

വിദേശ നിക്ഷേപകരുടെ വിറ്റഴിക്കൽ ഉണ്ടായിരുന്നുവെങ്കിലും കഴിഞ്ഞയാഴ്ച നിഫ്റ്റി 2.5 ശതമാനത്തോളം തിരിച്ചുവന്നിരുന്നു. വിദേശ നിക്ഷേപകർ 14,700 കോടി രൂപയുടെ ഓഹരികളാണ് കഴിഞ്ഞയാഴ്ചയിൽ വിറ്റഴിച്ചത്. ഇതോടെ ജൂൺ മാസത്തിൽ മാത്രം 42,800 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്. ഐസിഐസിഐ ഡയറക്റ്റ് അനലിസ്റ്റുകളുടെ അഭിപ്രായത്തിൽ, വിദേശ നിക്ഷേപകരുടെ കൈവശമുള്ള നിഫ്റ്റി ഡെറിവേറ്റീവ് കരാറുകളിലെ ഷോർട്ട് പൊസിഷനുകളുടെ (ബെയറിഷ് ബെറ്റ്) എണ്ണം ഒരു ലക്ഷത്തിലധികം കരാറുകളായി കുറഞ്ഞു. ഇതിനു മുമ്പത്തെ ആഴ്‌ചയിൽ 1,47,000 കരാറുകളുണ്ടായിരുന്നു.

നിഫ്റ്റി 15,699.25 യിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിർണായക നിലയായ 15,700 ന് തൊട്ടു താഴെയാണിത്. ഈ നിലയിൽ നിന്നും വിപണി ഉയർന്നാൽ, ഡെറിവേറ്റീവ് വിഭാഗത്തിൽ 'ബെയറിഷ് ബെറ്റ്’ എടുത്ത വ്യാപാരികൾ കൂടുതൽ 'സ്‌ക്വയർ ഓഫ്' ചെയ്യുന്നതിന് നിർബന്ധിതരാവും.

“ചില സമയങ്ങളിൽ, സൂചിക പിന്തുണ നില കടന്നു താഴെപ്പോയാൽ, പിന്നീടത് (പുൾബാക്ക് റാലി ഉണ്ടാകുമ്പോൾ) പ്രതിരോധ നിലയായി പ്രവർത്തിക്കും. ഡാറ്റ പരിശോധിച്ചാൽ, വിപണി ഇനിയും മുന്നോട്ട് പോകാനുള്ള പ്രവണത കാണിക്കുന്നുണ്ട്. ജൂൺ മാസത്തിലെ ഡെറിവേറ്റീവ് സീരീസിൽ ഷോർട്ട് ഫോർമേഷൻ കാണിച്ചിരുന്ന പല ഓഹരികളും കഴിഞ്ഞയാഴ്ച 'ഷോർട്ട് കവറിങ്' നടത്തി. ബാങ്കിങ് മേഖലയിലാണ് ഇത് കൂടുതലും ഉണ്ടായത്. എങ്കിലും ഐടി, മെറ്റൽസ്, മിഡ്കാപ് എന്നീ മേഖലകളിൽ ഇപ്പോഴും ഷോർട്ട് പൊസിഷനുകൾ ഉണ്ട്. ഈ ആഴ്ചയിൽ ഇവർ ഷോർട്ട് കവറിങ് നടത്തിയാൽ വിപണി ഉയരാൻ സാധ്യതയുണ്ട്," 5 പൈസ.കോം ലീഡ് റിസർച്ച് രുചിത് ജെയിൻ പറഞ്ഞു.

ത്രൈമാസ ജിഡിപി ഫലങ്ങളും, അമേരിക്കയിലെ ഭവന കണക്കുകളുമാണ് പ്രധാനമായും ഈ ആഴ്ചയിൽ പുറത്തു വരാനിരിക്കുന്നത്. ഭവന കണക്കുകൾ ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള വീക്ഷണം കൂടുതൽ വ്യക്തമാക്കിത്തരും. യൂറോസോൺ മേഖലയിലെ ബിസിനസ് കാലാവസ്ഥ, ഉപഭോക്തൃ വില സൂചിക ആധാരമാക്കിയുള്ള പണപ്പെരുപ്പ കണക്കുകൾ, ജപ്പാനിലെ വ്യവസായ ഉൽപ്പാദന ഡാറ്റ, യുകെയിലെ ത്രൈമാസ ജിഡിപി ഡാറ്റ, ഇന്ത്യ ഉൾപ്പടെയുള്ള പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ നിന്നുള്ള പിഎംഐ കണക്കുകൾ എന്നിവയെല്ലാം വ്യാപാരികൾ ശ്രദ്ധിക്കുന്ന ഘടകങ്ങളാണ്.

ആഭ്യന്തര വിപണിയിൽ, ഓട്ടോമൊബൈൽ വില്പന കണക്കുകൾ പുറത്തു വരുന്നതിനാൽ അവയുടെ ഓഹരികൾക്ക് കൂടുതൽ ശ്രദ്ധ കിട്ടും. വിൽപ്പന തോതിലും, വിപണി വിഹിതത്തിലും ഉണ്ടായ വളർച്ചയ്ക്ക് പുറമെ, ഉയർന്ന പണപ്പെരുപ്പത്തിന്റെയും, നിരക്കു വർധനയുടെയും പശ്ചാത്തലത്തിൽ ഉപഭോക്തൃ ചെലവുകളുടെ ഗതി മനസ്സിലാക്കാനും നിക്ഷേപകർ ഇതിലൂടെ ശ്രമിക്കും.

"നമ്മൾ ഇതുവരെ പ്രതിസന്ധയിൽ നിന്നും പുറത്തു വന്നിട്ടില്ല എന്നുള്ള വസ്തുത അംഗീകരിക്കണം. നിഫ്റ്റി പ്രധാന ലെവലായ 15,900-16,000 കടക്കാത്ത പക്ഷം, ദീർഘകാലത്തേക്ക് വലിയ പൊസിഷനുകൾ എടുക്കാതിരിക്കുന്നതാണ് നല്ലത്. എങ്കിലും വരും ആഴ്ചയുടെ പകുതി വരെ വിപണി എങ്ങിനെയാകുമെന്നു കണ്ടറിയേണ്ടതുണ്ട്. ആഗോള തലത്തിൽ മുന്നേറ്റം തുടർന്നാൽ നിഫ്റ്റി 16,000 മറികടക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അപ്പോൾ വിപണയിൽ വലിയ തോതിലുള്ള 'ഷോർട്ട് കവറിങ് റാലി' ഉണ്ടാവാം. എന്നാൽ 15,800-15,900-16,000 എന്നിവ പ്രധാന പ്രതിരോധ നിലകളായി പ്രവർത്തിച്ചേക്കാം," എയ്ഞ്ചൽ വൺ അനലിസ്റ്റുകൾ പറഞ്ഞു.

Tags:    

Similar News