മാന്ദ്യത്തില്‍ ഉലഞ്ഞ് കാപ്പി കയറ്റുമതി, കടല്‍ കടന്നെത്തിയ താരം പ്രതിസന്ധിയില്‍
എഡി 1600 ല്‍ മക്ക സന്ദര്‍ശിക്കാന്‍ പോയതാണ് ബാബാ ബുദന്‍. അദ്ദേഹം തിരിച്ചുവന്നത് അരയ്ക്കുചുറ്റും ഏഴ് കാപ്പിപ്പരിപ്പ് ചുറ്റിക്കെട്ടി കൊണ്ടാണ്. ഭാരത്തിലേക്ക് കാപ്പിയുടെ ആദ്യ വരവാണിത്. കര്‍ണാടകയിലെ ചിക്കമംഗ്ലൂരുവില്‍ ബാബ ബുദന്‍ ഗിരിസ് എന്ന അദ്ദേഹത്തിന്റെ ആശ്രമത്തില്‍ ഈ കാപ്പികുരു വേരുകളുറപ്പിച്ചു. നാമ്പുകള്‍ മുളച്ച്, പിന്നീട് പൂമണം പരത്തി, കാപ്പി പൂത്തുലയാന്‍ തുടങ്ങി. കാപ്പി വന്‍ തോതിലുള്ള കൃഷിയായതും തോട്ടങ്ങളായി വളര്‍ന്നതും 1840 ലാണ്. പതിനെട്ടാം നൂറ്റാണ്ടിലാണ് വാണിജ്യാടിസ്ഥാനത്തില്‍ കാപ്പികൃഷി ഇന്ത്യയിലാരംഭിക്കുന്നത്. ഇന്ന് അതി സാധാരണക്കാര്‍ ഏറെയുള്ള […]
എഡി 1600 ല്‍ മക്ക സന്ദര്‍ശിക്കാന്‍ പോയതാണ് ബാബാ ബുദന്‍. അദ്ദേഹം തിരിച്ചുവന്നത് അരയ്ക്കുചുറ്റും ഏഴ് കാപ്പിപ്പരിപ്പ് ചുറ്റിക്കെട്ടി കൊണ്ടാണ്. ഭാരത്തിലേക്ക് കാപ്പിയുടെ ആദ്യ വരവാണിത്. കര്‍ണാടകയിലെ ചിക്കമംഗ്ലൂരുവില്‍ ബാബ ബുദന്‍ ഗിരിസ് എന്ന അദ്ദേഹത്തിന്റെ ആശ്രമത്തില്‍ ഈ കാപ്പികുരു വേരുകളുറപ്പിച്ചു. നാമ്പുകള്‍ മുളച്ച്, പിന്നീട് പൂമണം പരത്തി, കാപ്പി പൂത്തുലയാന്‍ തുടങ്ങി. കാപ്പി വന്‍ തോതിലുള്ള കൃഷിയായതും തോട്ടങ്ങളായി വളര്‍ന്നതും 1840 ലാണ്. പതിനെട്ടാം നൂറ്റാണ്ടിലാണ് വാണിജ്യാടിസ്ഥാനത്തില്‍ കാപ്പികൃഷി ഇന്ത്യയിലാരംഭിക്കുന്നത്. ഇന്ന് അതി സാധാരണക്കാര്‍ ഏറെയുള്ള ഉപജീവന മേഖലകലകളിലൊന്നാണ് തോട്ടം മേഖല. രണ്ട് ദശലക്ഷത്തോളം ആളുകള്‍ക്കാണ് ഈ മേഖല തൊഴില്‍ നല്‍കുന്നത്.
അതിഥിയായി ഇന്ത്യയിലെത്തിയ കാപ്പി ഇന്ന് ആഗോള വിപണിയില്‍ ഇന്ത്യന്‍ ബ്രാന്‍ഡ് ഉയര്‍ത്തിപ്പിടിക്കുകയാണ്. അതിനാല്‍ ആഗോള വിപണിയിലെ ഓരോ ചലനങ്ങള്‍ പോലും ഇന്ത്യയെ ബാധിക്കും. യൂറോപ്പിലേയും, അമേരിക്കയിലേയും സാമ്പത്തിക മാന്ദ്യം മൂലം ഇങ്ങ് കേരളത്തില്‍ താളം തെറ്റുന്ന ഒരു വിഭാഗമുണ്ട്- കാപ്പികര്‍ഷകരും കയറ്റുമതിക്കാരും. കാപ്പി വിളവെടുപ്പ് അടുത്തിരിക്കെ കയറ്റുമതിയില്‍ ഗണ്യമായ ഇടിവുണ്ടാകുമെന്നാണ് സൂചന. കാലാവസ്ഥ കാര്യമായി ചതിച്ചിട്ടില്ലാത്തതിനാല്‍ നല്ല വിളവ് പ്രതീക്ഷിക്കുന്നുണ്ട് കര്‍ഷകര്‍. പക്ഷെ ആഗോള സാഹചര്യങ്ങള്‍ നല്‍കുന്ന സൂചന കാര്യങ്ങള്‍ പിന്നോട്ടടുപ്പിക്കുകയാണ്.
കണക്കുകളിലേയ്ക്ക്
മണ്‍സൂണ്‍ മലബാര്‍ അറബിക്ക കോഫിയും മണ്‍സൂണ്‍ മലബാര്‍ റോബസ്റ്റ കോഫിയുമാണ് കാപ്പിത്തോട്ടത്തിലെ രാജാക്കന്മാര്‍.ഇക്കഴിഞ്ഞ ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ അറബിക്ക കാപ്പിയുടെ കയറ്റുമതി 15 ശതമാനം കുറഞ്ഞ് 37,617 ടണ്ണായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 44,218 ടണ്ണാണ് കയറ്റി അയച്ചത്. ആ വര്‍ഷം സെപ്റ്റംബര്‍ വരെ റോബസ്റ്റ കയറ്റുമതി 19 ശതമാനം ഉയര്‍ന്ന് 1.86 ലക്ഷം ടണ്‍ ആയി. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ 1.56 ലക്ഷം ടണ്ണാണ് കയറ്റി അയച്ചത്.
2020 ലെ കണക്കുകള്‍ അനുസരിച്ച് കാപ്പി വിപണിയുടെ മൂല്യം 466 ബില്യണ്‍ ഡോളറായിരുന്നു. ആഗോള വിപണിയുടെ ഏതാണ്ട് മൂന്ന് ശതമാനവും ഇന്ത്യന്‍ കാപ്പികളാണ്. കര്‍ണാടകവും കേരളവുമാണ് കാപ്പിയിലെ അതികായര്‍. കയറ്റുമതിയില്‍ 70 ശതമാനം സ്വന്തമാക്കി കര്‍ണാടകയും 23 ശതമാനവുമായി കേരളവും മറ്റ് സ്ഥാനങ്ങളെ പുറകിലാക്കിയിരിക്കുകയാണ്. ആറ് ശതമാനവുമായി തമിഴ്‌നാടാണ് പുറകില്‍. നീലഗിരിയാണ് തമിഴ്‌നാട്ടിലെ കാപ്പി കൃഷിയുടെ കേന്ദ്രം. അറബിക്കയാണിവിടത്തെ താരം.
സൗമ്യമായ സുഗന്ധമുള്ളതിനാല്‍ അറബിക്കയ്ക്ക് റോബസ്റ്റ കോഫിയേക്കാള്‍ ഉയര്‍ന്ന വിപണി മൂല്യമുണ്ട്. അതേസമയം അറബിക്ക കാപ്പിയെ അപേക്ഷിച്ച് കുറഞ്ഞ അസിഡിറ്റിയും ഉയര്‍ന്ന കടുപ്പമുള്ള റോബസ്റ്റ കാപ്പി കുരുക്കളാണ് ഇന്ത്യ പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. മൊത്തം ഉതി്പാദനത്തിന്റെ 72 ശതമാനവും റോബസ്റ്റയാണ് കയ്യടക്കിയിരിക്കുന്നത്.
പച്ച കാപ്പിക്കുരുക്കള്‍ കൂടാതെ കയറ്റുമതില്‍ 31 ശതമാനവുമായി മുന്നിട്ട് നില്‍ക്കുന്നത് ഇന്‍സ്റ്റന്റ് കാപ്പിയുടെ കയറ്റുമതിയാണ്. അതായത് മൊത്തം കാപ്പി കയറ്റുമതിയില്‍ മൂന്നിലൊന്ന് ഇന്‍സ്റ്റന്റ് കാപ്പിയാണന്നാണ് ഇന്ത്യന്‍ ബ്രാന്‍ഡ് ഇക്വിറ്റി ഫൗണ്ടേഷന്റെ (ഐബിഇഎഫ്) കണക്കുകള്‍ സൂചിപ്പിക്കുന്നത്.
2020 സാമ്പത്തിക വര്‍ഷം വരെ കഴിഞ്ഞ പത്ത് വര്‍ഷമായി ഇന്‍സ്റ്റന്റ് കാപ്പി കയറ്റുമതിയില്‍ വാര്‍ഷിക വളര്‍ച്ചാ നിരക്ക് നാല് ശതമാനത്തോളം നേടിയിട്ടുണ്ട്. ആഗോള കാപ്പി പ്രേമികളുടെ പ്രിയ്യപ്പെട്ടിടമാണ് ഇന്ത്യ. കൃഷി രീതിയിലെ പ്രത്യേകതകളും, പറിച്ചെടുക്കലും, സംസ്‌കരണ രീതികളും ബ്രാന്‍ഡിംഗ്, തുടങ്ങി പല പ്രക്രിയകള്‍ ഇന്ത്യന്‍ കാപ്പിയെ ആഗോള തലത്തില്‍ ശ്രദ്ധേയമാക്കുന്നു.
ജനുവരിയില്‍ പുതിയ വിളവെടുപ്പ് സമയമാകുമ്പോഴേക്കും അമേരിക്കയിലേയും യൂറോപ്പിലേയും സാമ്പത്തിക പ്രശ്‌നങ്ങള്‍ കയറ്റുമതിയില്‍ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇതിന്റെ മുന്‍വിധിയെന്നോണമാണ് ഓര്‍ഡറുകളിലെ ഇടിവെന്നാണ് കോഫി എക്സ്പോര്‍ട്ടേഴ്സ് അഫിലിയേഷന്‍ പ്രസിഡന്റ് രമേഷ് രാജ പറയുന്നത്.
ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന കാപ്പിയുടെ 70 ശതമാനവും കയറ്റുമതി ചെയ്യുന്നുണ്ട്. ഒക്ടോബറില്‍ ആരംഭിക്കുന്ന 2022-23 വര്‍ഷത്തേക്കുള്ള അറബിക്ക വിള ഏകദേശം 80,000 ടണ്ണും റോബസ്റ്റ 2.7 ലക്ഷം ടണ്ണും ആയിരിക്കുമെന്ന് കയറ്റുമതിക്കാര്‍ പ്രതീക്ഷിക്കുന്നതായി രാജ പറഞ്ഞു.
ഇക്കഴിഞ്ഞ ജനുവരിയില്‍ തൊലിയുള്ള കാപ്പി ചാക്കിന് 4,500 രൂപയാണ് രേഖപ്പെടുത്തിയിരുന്നത്. കിലോക്ക് 83 രൂപ. പരിപ്പിന് 150 രൂപവരെ എത്തി. വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് കാപ്പിയുടെ വില ഇത്രകണ്ട് ഉയരുന്നത്. മുന്‍ വര്‍ഷം ഇതേ സീസീണില്‍ 3800-4000 രൂപ വരെയായിരുന്നു വില ഈടാക്കിയിരുന്നത്. സെപ്റ്റംബറില്‍ കാപ്പി പരിപ്പ് ക്വിന്റലിന് 18,300 രൂപയിലെത്തി.
കാപ്പി മണക്കുന്ന കേരളം
കോഫി ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം 2022-23 വര്‍ഷത്തിലെ പൂവിടല്‍ കാലത്ത് ഉത്പാദനം കണക്കാക്കുന്നത് വയനാട് ജില്ലയില്‍ റോബസ്റ്റ കാപ്പി 62,425 മില്യണ്‍ ടണ്ണാണ്. നെല്ലിയാമ്പതി തോട്ടങ്ങളില്‍ അറബിക്ക 1,150 മില്യണ്‍ ടണ്ണും, റോബസ്റ്റ 1,650 മില്യണ്‍ ടണ്ണുമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. അതേസമയം, ട്രാന്‍വന്‍കൂര്‍ മേഖല അറബിക്കയുടെ ഉത്പാദനം പ്രതീക്ഷിക്കുന്നത് 910 മില്യണ്‍ ടണ്ണാണ്. ഇക്കാര്യത്തില്‍ റോബസ്റ്റ അല്‍പ്പം മുന്നിലാണ് 8,200 മില്യണ്‍ ടണ്‍. ചുരുക്കി പറഞ്ഞാല്‍ കേരളത്തില്‍ നിന്ന് ഈ വര്‍ഷം മൊത്തം 74,335 മില്യണ്‍ ടണ്‍ കാപ്പി ഉത്പാദനം കണക്കാക്കുന്നുണ്ട്. അതേസമയം 2021-22 വര്‍ഷത്തിലെ കണക്കുകള്‍ പ്രകാരം 69,900 മില്യണ്‍ ടണ്‍ കാപ്പി ഉത്പാദനമാണ് അന്തിമ കണക്കുകളില്‍ സൂചിപ്പിക്കുന്നത്.
ഇന്ത്യന്‍ കാപ്പികോപ്പയിലെ രാജ്യങ്ങള്‍
50 ലധികം രാജ്യങ്ങിലേക്കാണ് ഇന്ത്യന്‍ കാപ്പികള്‍ കപ്പലേറുന്നത്. ഇറ്റലി, ജര്‍മ്മനി, ബെല്‍ജിയം, റഷ്യ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയുടെ പ്രധാന വിപണി. ഈ രാജ്യങ്ങളിലേയക്ക് മാത്രമായി ശരാശരി മൊത്തം വിഹിതം ഏകദേശം 45 ശതമാനം വരും. ലിബിയ, പോളണ്ട്, ജോര്‍ദാന്‍, മലേഷ്യ, യുഎസ്, സ്ലോവേനിയ, ഓസ്ട്രേലിയ എന്നിവയാണ് മറ്റ് കാപ്പി ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍.
ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിപണി 20 ശതമാനത്തിലധികം വരുന്ന ഇറ്റലിയാണ്. 2020-21 ലെ കോഫി ബോര്‍ഡിന്റെ കയറ്രുമതി കണക്കുകള്‍ പ്രകാരം, 33,435 മില്യണ്‍ ടണ്‍ ആണ് ഇറ്റലിയിലേക്ക് കയറ്റുമതി അയച്ചത്.
റോബസ്റ്റ കാപ്പിയോട് പ്രിയമുള്ള യൂറോപ്പ് ഏതാണ്ട് 42 ശതമാനം കയറ്റുമതി കയ്യാളുന്നുണ്ട്. അതേസമയം അറബിക്ക കാപ്പിയ്ക്കി ആരാധകരുള്ളത് മിഡില്‍ ഈസ്റ്റ് മേഖലകളിലാണ്. 2019-2020 ല്‍ റഷ്യ, പോളണ്ട്, യുഎസ്എ, തുര്‍ക്കി, മലേഷ്യ എന്നീ രാജ്യങ്ങള്‍ 141 മില്യണ്‍ ഡോളറിന്റെ കാപ്പിയാണ് ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്തത്.
ഇക്കഴിഞ്ഞ ഒക്ടോബര്‍ ഒന്നിനാണ് അന്താരാഷ്ട്ര കാപ്പി ദിനം കടന്ന് പോയത്. കാപ്പി കര്‍ഷകരുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടാനായി ആരംഭിച്ച ഈ ദിനം ഇത്തവണ ഏറെ ആശങ്കയോടെയാണ് കര്‍ഷകരും കയറ്റുമതിക്കാരും കടന്നു പോയിരിക്കുന്നത്. ആഗോള സാഹചര്യങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളി കാപ്പിയുടെ മണം കെടുത്തുമെന്ന പേടിയിലാണ് ഇവര്‍.