അംഗപരിമിതര്‍ക്ക് ഇന്‍ഷുറന്‍സ് നിഷേധിക്കരുത്, 'സബ് സ്റ്റാന്‍ഡാര്‍ഡ് ലൈവ്‌സ്' എന്ന് വിളിയ്ക്കണ്ട; കോടതി
- അംഗപരിമിതര്‍ക്ക് പുറമേ എച്ച്‌ഐവി രോഗികള്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍ എന്നിവര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഇത് സംബന്ധിച്ച് കമ്പനികള്‍ക്ക് സര്‍ക്കുലര്‍ അയയ്ക്കണമെന്നും കോടതി.
ഡെല്‍ഹി: അംഗപരിമിതര്‍ ഉള്‍പ്പടെയുള്ളവരെ പറ്റി ഇന്‍ഷുറന്‍സ് രേഖകളില്‍ 'സബ് സ്റ്റാന്‍ഡാര്‍ഡ് ലൈവ്‌സ്' എന്ന് വിവരണം നല്‍കുന്ന രീതിയെ നിശിതമായി വിമര്‍ശിച്ച് ഡെല്‍ഹി ഹൈക്കോടതി. ഈ പദപ്രയോഗം അംഗീകരിക്കാന്‍ സാധിക്കുന്നതല്ലെന്നും ഇത് എത്രയും വേഗം മാറ്റണമെന്നും ജസ്റ്റീസ് പ്രതിഭാ എം സിംഗ് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റിയ്ക്ക് (ഐആര്‍ഡിഎഐ) നിര്‍ദ്ദേശം നല്‍കി.
അംഗവൈകല്യം സംഭവിച്ചവര്‍ക്കുള്‍പ്പടെ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് അര്‍ഹതയുണ്ടെന്നും, അവരോട് വിവേചനം പാടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. രാജ്യത്തെ എല്ലാ ഇന്‍ഷുറന്‍സ് കമ്പനികളുടേയും യോഗം വിളിച്ചുകൂട്ടണമെന്നും അംഗപരിമിതര്‍ക്കായി പ്രത്യേക ഇന്‍ഷുറന്‍സ് സ്‌കീം രണ്ട് മാസത്തിനകം അവതരിപ്പിക്കണമെന്നും ഐആര്‍ഡിഎഐയോട് കോടതി നിര്‍ദ്ദേശിച്ചു.
2016ലെ ദി റൈറ്റ് ഓഫ് പേഴ്‌സണ്‍സ്ണ്‍സ് വിത്ത് ഡിസെബിലിറ്റീസ് ആക്ടും അതിലെ 3,25,26 എന്നീ സെക്ഷനുകളും കോടതി പ്രത്യേകം എടുത്ത് പറഞ്ഞു. ഇവയിലെല്ലാം അംഗപരിമിതരായവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് അര്‍ഹതയുണ്ടെന്ന് വ്യക്തമാക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇന്‍ഷുറന്‍സ് അപേക്ഷകന്റെ സാമ്പത്തിക സ്ഥിതി എന്താണെങ്കിലും പോളിസി എടുക്കാനുള്ള അപേക്ഷ സ്വീകരിക്കണമെന്നും, ഒരു കാരണവശാലും അത് തള്ളരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. നെഞ്ചിന് താഴേയ്ക്ക് തളര്‍ന്നു പോയ യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡെല്‍ഹി കോടതിയുടെ നിര്‍ദ്ദേശം.
ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതിനായി രണ്ട് കമ്പനികളെ സമീപിച്ചുവെന്നും, ഇരു കമ്പനികളും തന്റെ അപേക്ഷ തള്ളിയെന്നും യുവാവ് പരാതിയില്‍ വ്യക്തമാക്കി. അംഗപരിമിതര്‍ക്ക് പുറമേ എച്ച്‌ഐവി രോഗികള്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍ എന്നിവര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഇത് സംബന്ധിച്ച് കമ്പനികള്‍ക്ക് സര്‍ക്കുലര്‍ അയയ്ക്കണമെന്നും കോടതി ഐആര്‍ഡിഎഐയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നും ഐആര്‍ഡിഎഐയില്‍ നിന്നും കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വരുന്ന മാര്‍ച്ച് 17ന് കോടതി തുടര്‍വാദം കേള്‍ക്കും.
സബ് സ്റ്റാന്‍ഡാര്‍ഡ് ലൈവ്‌സ് എന്നാല്‍ നിലവാരം കുറഞ്ഞ ജീവിതങ്ങള്‍ എന്ന് പ്രഥമദൃഷ്ടിയാല്‍ വ്യാഖ്യാനിക്കാമെങ്കിലും ഇന്‍ഷുറന്‍സ് പരിരക്ഷയുടെ വ്യവസ്ഥകള്‍ (സ്റ്റാന്‍ഡാര്‍ഡ്‌സ്) പാലിക്കാത്തതും റിസ്‌ക് കൂടുതലുള്ളതുമായ പോളിസികളെ (പോളിസി ഉടമകളെയാണ്) ഈ പ്രയോഗത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഇന്‍ഷുറന്‍സ് രേഖകളില്‍ പറയുന്നു.