സ്പാനീഷ് കമ്പനി ടെംപെ ഗ്രപ്പോ ഇന്‍ഡിടെക്സ് ബംഗാളിലേക്ക്
- മമത ബാനര്‍ജി സ്‌പെയിന്‍ സന്ദര്‍ശനത്തില്‍
- കമ്പനിക്ക് 100 ഏക്കര്‍ ഭൂമി ഇളവുകളോടെ നല്‍കും
സ്പെയിന്‍ ആസ്ഥാനമായുള്ള പ്രമുഖ ടെക്സ്റ്റൈല്‍ കമ്പനിയായ ടെംപെ ഗ്രപ്പോ (സാറ) ഈ ക്രിസ്മസിന് മുമ്പ് പശ്ചിമ ബംഗാളില്‍ ഉല്‍പ്പാദനം ആരംഭിക്കും. സ്‌പെയിനില്‍ സന്ദര്‍ശനം നടത്തുന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
കമ്പനിക്ക് എല്ലാ പിന്തുണയും കൂടാതെ സംസ്ഥാന സര്‍ക്കാര്‍ 100 ഏക്കര്‍ ഭൂമി ഇളവ് നല്‍കുമെന്ന് മമത പറഞ്ഞു.
'മികച്ച വികസന പരിപാടികളാണ് ഇനി വരാനിരിക്കുന്നത്. ആഗോള ടെക്‌സറ്റൈല്‍ വ്യാവസായത്തിലെ പ്രധാന കമ്പനികളിലൊന്നാണ് ടെംപെ ഗ്രപ്പോ ഇന്‍ഡിടെക്സ് (സാറ). അതിന്റെ പ്രവര്‍ത്തനങ്ങള്‍ അവര്‍ വിപുലീകരിക്കുകയാണ്.
ഉല്‍പ്പാദനം പശ്ചിമ ബംഗാളിലേക്ക് മാറ്റാന്‍ അവര്‍ സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. 2023 ക്രിസ്മസിന് മുമ്പ് ഉല്‍പ്പാദനം ആരംഭിക്കും. ,' ബാനര്‍ജി എക്സില്‍ പോസ്റ്റ് ചെയ്തു.
12 ദിവസത്തെ ഔദ്യോഗിക പര്യടനത്തിനായി സ്പെയിനില്‍ എത്തിയ ബംഗാള്‍ മുഖ്യമന്ത്രി ഇത് സംബന്ധിച്ച് കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തി. പശ്ചിമ ബംഗാളിന്റെ വളര്‍ച്ചയ്ക്കും സുസ്ഥിരതയ്ക്കും സമൃദ്ധമായ ഭാവിക്കും ഈ സംരംഭം സഹായിക്കുമെന്ന് ബാനര്‍ജി പ്രതീക്ഷിക്കുന്നു. '2019 ലെ ബംഗാള്‍ ഗ്ലോബല്‍ ബിസിനസ് ഉച്ചകോടിയില്‍, ഞങ്ങളുടെ കൂട്ടായ കാഴ്ചപ്പാടുമായി യോജിപ്പിച്ച് 'ഡൗണ്‍സ്ട്രീം പോളിമര്‍ ആന്‍ഡ് പ്ലാസ്റ്റിക് ഇന്‍ഡസ്ട്രി' എന്ന തലക്കെട്ടില്‍ ഒരു ഭാഗം വിഭാവനം ചെയ്തിരുന്നു,' അവര്‍ പറഞ്ഞു.
അന്താരാഷ്ട്ര കൊല്‍ക്കത്ത പുസ്തകമേള സംഘടിപ്പിക്കുന്ന പബ്ലിഷേഴ്സ് ആന്‍ഡ് ബുക്ക് സെല്ലേഴ്സ് ഗില്‍ഡും മാഡ്രിഡ് ബുക്ക് ഫെയറും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചതായും സംസ്ഥാന സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. പുസ്തകങ്ങളുടെ പ്രചാരണത്തിനും വിപണനത്തിനും പുസ്തകങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനും ഉഭയകക്ഷി സാംസ്‌കാരിക ബന്ധം വളര്‍ത്തുന്നതിനുമായാണിത്. ഗില്‍ഡിന്റെ പ്രതിനിധികള്‍ ബാനര്‍ജിയെ സ്പെയിനിലേക്ക് അനുഗമിക്കുന്നുണ്ട്. ''ഇരുവശത്തും പുസ്തക പ്രസാധകര്‍ക്കായി വിശാലമായ പ്ലാറ്റ്ഫോമുകള്‍ സൃഷ്ടിക്കുന്നതിന് സുസ്ഥിരമായ ഒരു സംവിധാനം സ്ഥാപിക്കും' അവര്‍ പറഞ്ഞു.