ബിര്‍ള ഗ്രൂപ്പില്‍ നിന്ന് വിഐ 2,075 കോടി സമാഹരിക്കും
- ബിര്‍ളഗ്രൂപ്പ് സ്ഥാപനമായ ഒറിയാന ഇന്‍വെസ്റ്റ്മെന്റ്സിലേക്ക് ഓഹരികള്‍ കൈമാറും
- ഷെയര്‍ കൈമാറ്റത്തിന് ഓഹരി ഉടമകളുടെ അംഗീകാരം
ടെലികോം കമ്പനിയായ വോഡഫോണ്‍ ഐഡിയ തങ്ങളുടെ പ്രൊമോട്ടറായ ആദിത്യ ബിര്‍ള ഗ്രൂപ്പില്‍ നിന്ന് 2,075 കോടി രൂപ സമാഹരിക്കാനുള്ള പദ്ധതികള്‍ക്ക് ബോര്‍ഡ് അംഗീകാരം നല്‍കിയതായി പ്രഖ്യാപിച്ചു.
ഒറിയാന ഇന്‍വെസ്റ്റ്മെന്റ്സിലേക്ക് 1,39.5 കോടി വരെ ഇക്വിറ്റി ഷെയറുകള്‍ ഇഷ്യൂ ചെയ്യുന്നതിന് ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ട്. ഇത് ഒരു ആദിത്യ ബിര്‍ള ഗ്രൂപ്പ് സ്ഥാപനമാണ്.
ഒരു ഷെയറിന് 4.87 രൂപ പ്രീമിയം ഉള്‍പ്പെടെ 14.87 രൂപ ഇഷ്യു വിലയിലാകും കൈമാറ്റം നടക്കുക. ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമായ ഈ മുന്‍ഗണനാ ഇഷ്യുവിന്റെ മൂല്യം 2,075 കോടി രൂപയാണ്.
വോഡഫോണ്‍ ഐഡിയ ബോര്‍ഡ് 10 രൂപ മുഖവിലയുള്ള 1,39.5 കോടി ഇക്വിറ്റി ഓഹരികള്‍ ഇക്വിറ്റി ഷെയറിന് 14.87 രൂപ ഇഷ്യു വിലയില്‍ (ഇക്വിറ്റി ഷെയറിന് 4.87 രൂപ പ്രീമിയം ഉള്‍പ്പെടെ) ഒറിയാന ഇന്‍വെസ്റ്റ്മെന്റിനു മുന്‍ഗണനാടിസ്ഥാനത്തില്‍ നല്‍കുമെന്ന് വോഡഫോണ്‍ ഐഡിയയുടെ ഫയലിംഗില്‍ പറയുന്നു.
അടിസ്ഥാനവില നിശ്ചയിക്കുന്നതിനുള്ള പ്രസക്തമായ തീയതി ഏപ്രില്‍ 8 ആണെന്ന് ടെലികോം കമ്പനി അറിയിച്ചു.
കമ്പനിയുടെ അംഗീകൃത ഓഹരി മൂലധനം നിലവിലെ 75,000 കോടി രൂപയില്‍ നിന്ന് ഒരു ലക്ഷം കോടി രൂപയായി ഉയര്‍ത്താന്‍ ബോര്‍ഡ് അംഗീകാരം നല്‍കിയതായും കമ്പനി അറിയിച്ചു.
നിര്‍ദ്ദിഷ്ട മാറ്റത്തിന് കീഴില്‍, വര്‍ദ്ധിച്ച അംഗീകൃത ഓഹരി മൂലധനം 95,000 കോടി ഇക്വിറ്റി ഓഹരി മൂലധനമായും 5,000 കോടി രൂപ മുന്‍ഗണന ഓഹരി മൂലധനമായും വിഭജിക്കുമെന്ന് ടെലികോം കമ്പനി അറിയിച്ചു.
ഈ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് മെയ് 8 ന് ഷെഡ്യൂള്‍ ചെയ്യുന്ന പൊതുയോഗത്തില്‍ ഷെയര്‍ഹോള്‍ഡര്‍മാരുടെ അനുമതി തേടുമെന്നും കമ്പനി അതിന്റെ റെഗുലേറ്ററി ഫയലിംഗില്‍ വ്യക്തമാക്കി.
കമ്പനി 5ജി വ്യാപിപ്പിക്കുന്നതിന് കൂടുതല്‍ മൂലധനം ആവശ്യമാണ്. പുതിയ മാറ്റങ്ങളിലൂടെ നിലവിലുള്ള കടങ്ങള്‍ കുറയ്ക്കുകയും പ്രതിസന്ധിയെ ഒരു പരിധിവരെ മറികടക്കാനാകുമെന്നും കമ്പനി കരുതുന്നു.