സെമികണ്ടക്റ്റര്‍: യൂറോപ്യന്‍ യൂണിയനും ഇന്ത്യയും സഹകരിക്കും

  • ഗവേഷണം, വികസനം, നവീകരണം എന്നിവ ധാരണാപത്രം ലക്ഷ്യമിടുന്നു
  • ഇരുപക്ഷവും വിപണിവിവരങ്ങള്‍ കൈമാറും
  • കമ്പ്യൂട്ടിംഗ്, ക്ലീന്‍ എനര്‍ജി എന്നിവയിലും സഹകരണം

Update: 2023-11-25 06:24 GMT

സെമികണ്ടക്റ്റര്‍ സംബന്ധിച്ച ധാരണാപത്രത്തില്‍ ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ഒപ്പുവെച്ചു. ഗവേഷണം, നവീകരണം, വികസനം, പങ്കാളിത്തം, വിപണി വിവരങ്ങളുടെ കൈമാറ്റം എന്നീമേഖലകളിലെ സഹകരണമാണ്  ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നത്.

ഇയു-ഇന്ത്യ ട്രേഡ് ആന്‍ഡ് ടെക്നോളജി കൗണ്‍സിലിന്റെ യോഗത്തിന് മുന്നോടിയായാണ് ഇരു കൂട്ടരും സെമികണ്ടക്റ്റര്‍ സംബന്ധിച്ച് ധാരണയിലെത്തിയത്.

. ഐടി മന്ത്രി അശ്വിനി വൈഷ്ണവും ഇന്റേണല്‍ മാര്‍ക്കറ്റ് സംബന്ധിച്ച യൂറോപ്യന്‍ കമ്മീഷണര്‍ തിയറി ബ്രെട്ടണും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.

 മികച്ച അര്‍ദ്ധചാലക വിതരണ ശൃംഖല കെട്ടിപ്പടുക്കുന്നതിനും നവീകരണത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനുമുള്ള ഇരുകൂട്ടരുടെയും പ്രതിബദ്ധതയെയാണ് കരാര്‍ അടയാളപ്പെടുത്തുന്നതായി വിദേശകാര്യ മന്ത്രാലയത്തിന്റെ പത്രക്കുറിപ്പില്‍ പറയുന്നു.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍, ഇലക്ട്രോണിക്സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരുടെ നേതൃത്വത്തിലാണ് ഇയു-ഇന്ത്യ ടിടിസി യോഗം ചേര്‍ന്നത്. 2022 ഏപ്രിലില്‍ ഇയു കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോഴാണ് ഇയു-ഇന്ത്യ ടിടിസി ആദ്യമായി ആരംഭിച്ചത്.

ടിടിസിയുടെ ഉദ്ഘാടന മന്ത്രിതല യോഗം 2023 മെയ് 16 ന് ബ്രസ്സല്‍സില്‍ നടന്നു. അവിടെ ടിടിസിയുടെ കീഴിലുള്ള മൂന്ന് വര്‍ക്കിംഗ് ഗ്രൂപ്പുകളും സെമി-കണ്ടക്ടറുകള്‍, കമ്പ്യൂട്ടിംഗ്, ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചറുകള്‍, ക്ലീന്‍ എനര്‍ജി എന്നിവയുള്‍പ്പെടെ വിപുലമായ വിഷയങ്ങളില്‍ അവരുടെ സഹകരണം പ്രഖ്യാപിച്ചു.

ഇപ്പോള്‍ നടന്ന വെര്‍ച്വല്‍ മീറ്റിംഗില്‍ ടിടിസിയുടെ കീഴില്‍ സ്ഥാപിതമായ വര്‍ക്കിംഗ് ര്ഗൂപ്പുകളുടെ പുരോഗതി ഇരുപക്ഷവും വിലയിരുത്തി.

'പ്രത്യേകിച്ച് അര്‍ദ്ധചാലകങ്ങള്‍, കമ്പ്യൂട്ടിംഗ്, ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചറുകള്‍, ഇവി ബാറ്ററികള്‍, അതിന്റെ റീസൈക്ലിംഗ്, വിതരണ ശൃംഖലകള്‍, എഫ്ഡിഐ സ്‌ക്രീനിംഗ് എന്നീ മേഖലകളില്‍ വര്‍ക്കിംഗ് ഗ്രൂപ്പുകളില്‍ നാളിതുവരെ കൈവരിച്ച പുരോഗതിയില്‍ കോ-ചെയര്‍മാര്‍ സംതൃപ്തി രേഖപ്പെടുത്തി.

അടുത്ത ടിടിസി മീറ്റിംഗിനും ഇന്ത്യ - ഇയു ഉച്ചകോടിക്കും മുമ്പായി അടുത്ത ഘട്ടം നടപ്പിലാക്കാന്‍ സഹ-ചെയര്‍മാര്‍ തീരുമാനത്തിലെത്തി.

ടിടിസിയുടെ അടുത്ത യോഗം അടുത്ത വര്‍ഷം ആദ്യം ഇന്ത്യ-ഇയു ഉച്ചകോടിയോടൊപ്പം ഇന്ത്യയില്‍ നടത്താന്‍ ഇരുപക്ഷവും സമ്മതിച്ചു.

Tags:    

Similar News