റിയല്‍ എസ്‍‍റ്റേറ്റിലെ സ്ഥാപന നിക്ഷേപം 5 വര്‍ഷത്തെ താഴ്ചയില്‍

  • മൊത്തം നിക്ഷേപത്തില്‍ വിദേശ നിക്ഷേപകരുടെ പങ്ക് കാര്യമായി കുറഞ്ഞു
  • ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ റിയല്‍ എസ്‍റ്റേറ്റ് നിക്ഷേപം ഉയര്‍ത്തി
  • വിദേശനിക്ഷേപകര്‍ക്ക് താല്‍പ്പര്യം കൊമേഴ്സ്യല്‍ ആസ്‍തികളില്‍

Update: 2024-01-12 08:01 GMT

ഇന്ത്യന്‍ റിയല്‍ എസ്‍‍റ്റേറ്റ് മേഖലയിലേക്കുള്ള ഇന്‍സ്‍റ്റിറ്റ്യൂഷണല്‍ നിക്ഷേപം 2023ല്‍ അഞ്ചു വര്‍ഷത്തെ താഴ്ന്ന നിലയിലേക്ക് എത്തി. 12 ശതമാനം ഇടിവാണ് കഴിഞ്ഞ വര്‍ഷത്തെ നിക്ഷേപങ്ങളില്‍ ഉണ്ടായത്.

2022ല്‍ 4.9 ബില്യൺ ഡോളറിന്‍റെ റിയല്‍ എസ‍്‍റ്റേറ്റ് നിക്ഷേപം ഇന്ത്യൻ റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് എത്തിയെങ്കില്‍ 2023ല്‍ ഇത് 12 ശതമാനം ഇടിവോടെ 4.3 ബില്യൺ ഡോളറായി. 2019 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഇന്‍സ്‍റ്റിറ്റ്യൂഷണല്‍ നിക്ഷേപമാണ് പോയ വര്‍ഷം രേഖപ്പെടുത്തിയത്. വര്‍ക്ക്പ്ലേസ് സൊല്യൂഷന്‍ സ്ഥാപനമായ വെസ്‍റ്റിയാനാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ആഗോളതലത്തിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങള്‍ക്കിടയില്‍ വിദേശ നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തിയതാണ് മൊത്തം നിക്ഷേപം കുറയാന്‍ ഇടയാക്കിയത്.

വിദേശ നിക്ഷേപം 2022-ലെ 3.9 ബില്യൺ ഡോളറിൽ നിന്ന് 2023ൽ 30 ശതമാനം കുറഞ്ഞ് 2.7 ബില്യൺ ഡോളറായി. മൊത്തം ഇന്‍സ്‍റ്റിറ്റ്യൂഷണല്‍ നിക്ഷേപത്തിൽ അതിന്റെ പങ്ക് ഇക്കാലയളവില്‍ 79 ശതമാനത്തിൽ നിന്ന് 65 ശതമാനമായി കുറഞ്ഞു. വാണിജ്യ ആസ്തികളിലാണ് വിദേശ നിക്ഷേപകർ കൂടുതലായും ശ്രദ്ധ കേന്ദ്രീകരിച്ചത്. 2023ല്‍ അവരുടെ നിക്ഷേപത്തിന്റെ 72 ശതമാനവും ഈ വിഭാഗത്തിലായിരുന്നു.

ആഭ്യന്തര നിക്ഷേപകർ കഴിഞ്ഞ വര്‍ഷവും നിക്ഷേപം ഉയര്‍ത്തുകയാണ് ഉണ്ടായത്. ആഭ്യന്തര ഇന്‍സ്‍റ്റിറ്റ്യൂഷണല്‍ നിക്ഷേപകര്‍ 2022-ൽ 687 മില്യൺ ഡോളര്‍ നിക്ഷേപമാണ് നടത്തിയിരുന്നത് എങ്കില്‍ 2023ല്‍ ഇത് ഇരട്ടിച്ച് 1.5 ബില്യൺ ഡോളറിലെത്തി. മൊത്തം ഇന്‍സ്‍റ്റിറ്റ്യൂഷണല്‍ നിക്ഷേപങ്ങളില്‍ ആഭ്യന്തര നിക്ഷേപകരുടെ വിഹിതം 2022ലെ 14 ശതമാനത്തിൽ നിന്ന് 2023ൽ 35 ശതമാനമായി ഉയർന്നു.

Tags:    

Similar News